ഉത്തരകൊറിയന്‍ രാഷ്ട്രതലവന്‍ കിം ജോങ് ഉന്‍ അടുത്തിടെ പീക്തു പര്‍വ്വത പ്രദേശത്ത് നടത്തിയ കുതിര സവാരി തൊട്ട് ഉത്തരകൊറിയന്‍ പരീക്ഷണം സംബന്ധിച്ച് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.
പ്യോങ്യാങ്: വളരെ പ്രധാനപ്പെട്ട പരീക്ഷണം നടത്തിയതായി അവകാശപ്പെട്ട് ഉത്തരകൊറിയ. ഉത്തരകൊറിയയുടെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ കെസിഎന്‍എയാണ് ഈ വിവരം പുറത്ത് വിട്ടത്. എന്നാല്‍ എന്താണ് പരീക്ഷണം എന്ന് ഇവര്‍ വ്യക്തമാക്കുന്നില്ല. അതേ സമയം ഒരു ബഹിരാകാശ പരീക്ഷണമാണ് ഉത്തര കൊറിയ നടത്തിയത് എന്ന സൂചനകളാണ് ന്യൂയോര്‍ക്ക് ടൈംസ് അടക്കമുള്ള വിദേശ മാധ്യമങ്ങള്‍ പങ്കുവയ്ക്കുന്നത്.
സൊഹെയ് ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തിലാണ് പരീക്ഷണം നടത്തിയത് എന്നാണ് വാര്‍ത്ത ഏജന്‍സി സൂചിപ്പിക്കുന്നത്. പരീക്ഷണം സമ്പൂര്‍ണ്ണ വിജയമായിരുന്നു എന്നും വാര്‍ത്ത ഏജന്‍സി പറയുന്നു. ഈ പരീക്ഷണ വിജയം ലോകരാജ്യങ്ങള്‍ക്കിടയില്‍ ഉത്തരകൊറിയയ്ക്ക് തന്ത്രപ്രധാന മുന്നേറ്റം നല്‍കുമെന്നും വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
undefined
ഉത്തരകൊറിയന്‍ രാഷ്ട്രതലവന്‍ കിം ജോങ് ഉന്‍ അടുത്തിടെ പീക്തു പര്‍വ്വത പ്രദേശത്ത് നടത്തിയ കുതിര സവാരി തൊട്ട് ഉത്തരകൊറിയന്‍ പരീക്ഷണം സംബന്ധിച്ച് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. മുന്‍പും ഉത്തരകൊറിയ വലിയ പരീക്ഷണങ്ങളോ തീരുമാനങ്ങളോ എടുക്കും മുന്‍പ് പീക്തു പര്‍വ്വത പ്രദേശത്ത് കുതിര സവാരി നടത്തുന്ന പതിവ് ഉത്തരകൊറിയന്‍ രാഷ്ട്രതലവനുണ്ട്.
അമേരിക്കയ്ക്കുള്ള ക്രിസ്മസ് സമ്മാനം തയ്യാറാകുന്നു എന്ന തരത്തില്‍ കൊറിയന്‍ ദേശീയ ടെലിവിഷന്‍ അടുത്തിടെ ഒരു പരിപാടി പ്രക്ഷേപണം ചെയ്തിരുന്നു. ഇതെല്ലാം കൂട്ടിവായിക്കുമ്പോള്‍ വലിയ എന്തോ പരീക്ഷണം ഉത്തര കൊറിയ നടത്തിയെന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ പറയുന്നത്. ഉത്തരകൊറിയയ്ക്ക് മുകളിലുള്ള അമേരിക്കന്‍ നടപടികള്‍ 2019 ഡിസംബര്‍ 31നുള്ളില്‍ ലഘൂകരിക്കണം എന്ന് കിം അടുത്തിടെ അമേരിക്കയ്ക്ക് ശാസന നല്‍കിയിരുന്നു.
സിഎന്‍എന്‍ റിപ്പോര്‍ട്ട് പ്രകാരം ചില ഉപഗ്രഹചിത്രങ്ങളില്‍ ഉത്തരകൊറിയ സാറ്റലെറ്റ് ലോഞ്ചറുകള്‍ ഉപയോഗിച്ച് ശക്തിയേറിയ ബാലസ്റ്റിക്ക് മിസൈലുകള്‍ പരീക്ഷിക്കാന്‍ ശ്രമം ആരംഭിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഭൂഖണ്ഡാന്തര മിസൈലുകളാണ് ഇത്തരത്തില്‍ ഉത്തരകൊറിയ പരീക്ഷിക്കാന്‍ പോകുന്നത് എന്നാണ് റിപ്പോര്‍ട്ട് വന്നത്. ഉത്തരകൊറിയ അവരുടെ കയ്യിലുള്ള ഭൂഖണ്ഡാന്തര മിസൈലായ ടോങ്ചാങ്-റീയാണ് പരീക്ഷിച്ചത് എന്നാണ് ദക്ഷിണകൊറിയയിലെ മാധ്യമങ്ങള്‍ പറയുന്നത് എന്നും റിപ്പോര്‍ട്ടുണ്ട്.