ജപ്പാന്‍റെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ് ഇന്‍ഡസ്ട്രിയല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയുമായി ചേര്‍ന്നുള്ള ഗവേഷണത്തിലാണ് കണ്ടെത്തല്‍.
ദില്ലി: കൊവിഡ് 19 രോഗബാധ ചെറുക്കാന്‍ അശ്വഗന്ധയ്ക്ക് സാധിക്കുമെന്ന വാദവുമായി ദില്ലി ഐഐടി. ജപ്പാന്‍റെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ് ഇന്‍ഡസ്ട്രിയല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയുമായി ചേര്‍ന്നുള്ള ഗവേഷണത്തിലാണ് കണ്ടെത്തല്‍. ഡി എ ഐ ലാബിലെ പ്രൊഫസര്‍ ഡി സുന്ദറിന്‍റെ നേതൃത്വത്തില്‍ നടന്ന ഗവേഷണത്തിലാണ് കണ്ടെത്തല്‍. പഠനം ജേണല്‍ ഓഫ് ബയോമോളികുലാര്‍ സ്ട്രക്ചര്‍ ആന്‍ഡ് ഡയനാമിക്സ് ഉടന്‍ പ്രസിദ്ധീകരിക്കുമെന്നുമാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്.
സാര്‍സ് കൊവിഡ് വൈറസിനെ ഫലപ്രദമായി പ്രതിരോധിക്കുന്ന ഘടകങ്ങള്‍ അശ്വഗന്ധയിലുണ്ടെന്ന് ഇവര്‍ പറയുന്നു. കൊവിഡ് 19 വൈറസ് ബാധ ചികിത്സിച്ച് മാറ്റാന്‍ സാധിക്കുന്ന പ്രകൃതിദത്ത ഘടകങ്ങളാണ് അശ്വഗന്ധയില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്നതെന്ന് ഐഐടി ഗവേഷകര്‍ അഭിപ്രായപ്പെട്ടതായി ദി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വൈറസ് ബാധ പടരുന്നതിന് കാരണമായ സ്പ്ലിറ്റിംഗ് പ്രോട്ടീനുകളായ എംപ്രോയുടെ വളര്‍ച്ച തടയാനാണ് അശ്വഗന്ധയിലെ ഘടകങ്ങള്‍ സഹായിക്കുന്നതെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. അശ്വഗന്ധയില്‍ നിന്ന് വേര്‍തിരിക്കുന്ന വിത്തനോണ്‍(Wi N), കഫേയിക് ആസിഡ് ഫീനൈതില്‍ എസ്റ്റര്‍(CAPE) എന്നിവയ്ക്ക് എം പ്രോയുടെ വ്യാപനം തടയാന്‍ സാധിക്കുമെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്.
സാര്‍സ് കൊവി 2, കൊവിഡ് 19 വൈറസ് ബാധയെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ വിവിധ വിഭാഗങ്ങളെ ഏകോപിപ്പിച്ച് കൊണ്ടുള്ള ക്ലിനിക്കല്‍ റിസര്‍ച്ച് പഠനങ്ങളിലാണ് പ്രാഥമികമായ കണ്ടെത്തലെന്ന് പ്രൊഫസര്‍ ഡി സുന്ദര്‍ വിശദമാക്കുന്നു. വൈറസിനെതിരായ ആയുര്‍വേദ മരുന്നുകളുടെ പ്രവര്‍ത്തനങ്ങളാണ് സംഘം പഠനവിധേയമാക്കിയത്.