രാജ്യത്ത് മണ്‍സൂണിന്‍റെ പുരോഗതി ഈ ആഴ്ച മന്ദഗതിയിലാകും

By Web Team  |  First Published Jun 15, 2020, 9:01 AM IST

ലോ പ്രഷര്‍ പ്രദേശങ്ങളുടെ ചുഴലിപോലുള്ള കറക്കമാണ് പലപ്പോഴും മണ്‍സൂണിന്‍റെ വേഗത  വര്‍ദ്ധിപ്പിക്കുന്നത്. അതേ സമയം വരുന്ന ദിനങ്ങളില്‍ കൊങ്കണ്‍, ഗോവ,മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ കനത്ത ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും ഐഎംഡി പ്രവചിക്കുന്നു. 


ദില്ലി: ഇന്ത്യയിലെ മണ്‍സൂണിന്‍റെ പുരോഗതി ഈ ആഴ്ച മന്ദഗതിയിലായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇപ്പോള്‍ മണ്‍സൂണ്‍ അറബിക്കടലിന്‍റെ മധ്യഭാഗത്തേക്കും, വടക്ക് കിഴക്കന്‍ ഭാഗത്തേക്കും എത്തിയിട്ടുണ്ട്. ഒപ്പം തന്നെ ഗുജറാത്ത്,ദാദ്ര  നാഗര്‍ ഹവേലി, മുംബൈ അടക്കമുള്ള മഹാരാഷ്ട്രയിലെ പ്രദേശങ്ങള്‍, മധ്യപ്രദേശിന്‍റെ ചിലഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ പ്രവേശിച്ചിട്ടുണ്ട്. 

ഇത് പോലെ തന്നെ ബിഹാറിന്‍റെ ചില ഭാഗങ്ങളിലും, ജാര്‍ഖണ്ഡിലെ മിക്കവാറും എല്ല പ്രദേശങ്ങളിലും മണ്‍സൂണ്‍ എത്തിയിട്ടുണ്ടെന്ന് ഞായറാഴ്ച പുറത്തിവിട്ട ഐഎംഡി വാര്‍ത്ത കുറിപ്പ് പറയുന്നു.

Latest Videos

undefined

അടുത്ത 48 മണിക്കൂറില്‍ ഉത്തര്‍പ്രദേശിന്‍റെ മറ്റു ഭാഗങ്ങളിലേക്കും മണ്‍സൂണ്‍ പ്രവേശിക്കും എന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. എന്നാല്‍ തുടര്‍ന്ന് ഒരാഴ്ചയോളം മണ്‍സൂണിന്‍റെ വ്യാപനം മന്ദഗതിയിലായിരിക്കും എന്നാണ് ഐഎംഡി ഡയറക്ടര്‍ ജനറല്‍ മൃത്യുഞ്ജയ് മുഗോപധ്യയ അറിയിക്കുന്നത്.

മണ്‍സൂണിന്‍റെ വ്യാപനത്തിന് സഹായിക്കുന്ന ലോ പ്രഷര്‍ പ്രദേശങ്ങള്‍ ദുര്‍ബലമായതാണ് അടുത്തവാരം മണ്‍സൂണ്‍ മന്ദഗതിയിലാകുവാന്‍ കാരണം. ഈ പ്രതിഭാസം ഒരാഴ്ചത്തേക്കാണ് പ്രതീക്ഷിക്കുന്നത് എന്നാണ് ഐഎംഡി അറിയിക്കുന്നത്. അടുത്ത വാരം ബംഗാള്‍ ഉള്‍ക്കടലിയില്‍ ലോ പ്രഷര്‍ പ്രദേശങ്ങള്‍ രൂപപ്പെടാനുള്ള സാധ്യതയുള്ളതിനാല്‍ വീണ്ടും മണ്‍സൂണ്‍ അതിന്‍റെ വ്യാപന ശക്തി തിരിച്ചുപിടിക്കും എന്നും ഐഎംഡി അറിയിക്കുന്നുണ്ട്.

ലോ പ്രഷര്‍ പ്രദേശങ്ങളുടെ ചുഴലിപോലുള്ള കറക്കമാണ് പലപ്പോഴും മണ്‍സൂണിന്‍റെ വേഗത  വര്‍ദ്ധിപ്പിക്കുന്നത്. അതേ സമയം വരുന്ന ദിനങ്ങളില്‍ കൊങ്കണ്‍, ഗോവ,മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ കനത്ത ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും ഐഎംഡി പ്രവചിക്കുന്നു. 

കണക്ക് പ്രകാരം ഈ മണ്‍സൂണ്‍ കാലത്ത് പ്രതീക്ഷിച്ചതിനേക്കാള്‍ 31 ശതമാനം അധിക മഴ രാജ്യത്ത് ലഭിച്ചു കഴിഞ്ഞു. രാജ്യത്തെ നാല് കാലാവസ്ഥ ഡിവിഷനുകളില്‍ സൌത്ത് പെനീസ്വിലയില്‍ 20 ശതമാനം അധികം മഴ ലഭിച്ചു. സെന്‍ട്രല്‍ ഇന്ത്യയില്‍ പെയ്തത് 94 ശതമാനം അധികമഴയാണ് ഇതുവരെ ലഭിച്ചത്. നോര്‍ത്ത് വെസ്റ്റ് ഡിവിഷനില്‍ 19 ശതമാനം അധിക മഴ ലഭിച്ചു. എന്നാല്‍ നോര്‍ത്ത് ഈസ്റ്റ് ഡിവിഷനില്‍ ഇത് പ്രതീക്ഷിച്ചതിനെക്കാള്‍ നാല് ശതമാനം കുറവാണ്.

ഇത്തവണ സാധാരണ നിലയിലുള്ള മണ്‍സൂണ്‍ ആയിരിക്കും എന്നാണ് ഈ മാസം ആദ്യം നടത്തിയ പ്രവചനത്തില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരുന്നത്.

click me!