ബഹിരാകാശത്തുനിന്ന് ക്ലാസ്സെടുക്കാൻ ആഗ്രഹിച്ച ടീച്ചർ, ഒടുവിൽ ഭസ്മമായത് നിമിഷനേരം കൊണ്ട്, ക്രിസ്റ്റ മക്ഔലിഫിന്റെ ജീവിതം

By Web Team  |  First Published Jan 28, 2020, 11:22 AM IST

ബഹിരാകാശത്തുചെന്നിരുന്നുകൊണ്ട് അമേരിക്കയിലെ വിദ്യാർത്ഥികൾക്ക് ക്ലാസുകൾ എടുത്ത് ചരിത്രം സൃഷ്ടിക്കാൻ ക്രിസ്റ്റ ആഗ്രഹിച്ചിരുന്നു. 


“I touch the future. I teach” -  Christa McAuliffe

1986  ജനുവരി 28 - രാവിലെ 11.38 മണി. അത് പതിവിലും തണുപ്പുള്ള ഒരു പ്രഭാതമായിരുന്നു. നാസയുടെ ചലഞ്ചർ എന്ന സ്‌പേസ് ഷട്ടിൽ ഫ്ലോറിഡയിലെ കേപ്പ് കാനവെറാലിൽ നിന്ന് പറന്നുയർന്നു. ലോഞ്ച് ചെയ്ത് 73 സെക്കൻഡുകൾക്കുള്ളിൽ അന്തരീക്ഷത്തെ പ്രകമ്പനം കൊള്ളിച്ചുകൊണ്ടുള്ള ഒരു സ്‌ഫോടനത്തിൽ അത് കത്തിയമർന്നു. 48,000 അടി ഉയരത്തിൽ വെച്ചായിരുന്നു പൊട്ടിത്തെറി. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ, ആ ബഹിരാകാശ പേടകത്തിനുള്ളിൽ സഞ്ചരിച്ചിരുന്ന ഏഴുപേരും തത്സമയം കൊല്ലപ്പെട്ടു. ആ ഷട്ടിലിന്റെ പത്താമത്തെ യാത്ര അങ്ങനെ ഒരു വൻ ദുരന്തത്തിലാണ് പര്യവസാനിച്ചത്. 

Latest Videos

undefined

ആ യാത്ര പലകാരണങ്ങളാലും ജനശ്രദ്ധയാകർഷിച്ച ഒന്നായിരുന്നു. അപ്രാവശ്യം ചരിത്രത്തിൽ ആദ്യമായി ഒരു സാധാരണ അമേരിക്കൻ പൗരന് ബഹിരാകാശ യാത്രയ്ക്കുള്ള അവസരം കിട്ടുന്ന അസുലഭമുഹൂർത്തം കൂടിയായിരുന്നു. നാസയുടെ 'ടീച്ചർ ഇൻ സ്‌പേസ്' പ്രോഗ്രാമിന്റെ ഭാഗമായി നടത്തപ്പെട്ട ഒരു മത്സരത്തിൽ വിജയിച്ച ക്രിസ്റ്റ മക്ഔലിഫ് എന്ന ന്യൂ ഹാംഷെയർകാരി സയൻസ് ടീച്ചറും സംഘത്തിന്റെ ഭാഗമായിരുന്നു. അതിസുന്ദരിയായിരുന്നു അവർ. ഇങ്ങനെ അസാധാരണമായ ഒരു വ്യക്തിത്വത്തിന്റെ സാന്നിധ്യം പ്രസ്തുതയാത്രക്ക് പതിവിൽ കവിഞ്ഞ മാധ്യമശ്രദ്ധ പകർന്നു നൽകിയിരുന്നു. രാജ്യമെമ്പാടുമുള്ള ശാസ്ത്രകുതുകികൾ ചലഞ്ചറിന്റെ ലോഞ്ച് കാണാൻ വേണ്ടി ടെലിവിഷൻ സെറ്റുകളും തുറന്ന് കാത്തിരിക്കുകയായിരുന്നു. ആദ്യമായി ഒരു സാധാരണക്കാരി ബഹിരാകാശയാത്രക്ക് പുറപ്പെടുന്നതിന് തത്സമയം വീക്ഷിക്കാൻ കാത്തിരുന്നവർ, അങ്ങനെ അന്ന് നിർഭാഗ്യകരമായ അപകടത്തിന് സാക്ഷ്യം വഹിച്ചു, ലൈവായിത്തന്നെ. 

 

അപ്പോളോ ചന്ദ്രോപരിതലത്തിൽ ചെന്നിറങ്ങുന്നതൊക്കെ ഏറെ ഉത്സാഹത്തോടെ വീക്ഷിച്ച ഒരു ബാല്യമായിരുന്നു ക്രിസ്റ്റയുടേത്. അതുകൊണ്ടുതന്നെ ബഹിരാകാശയാത്രയ്‌ക്കുള്ള അവസരം നാസ പൊതുജനങ്ങൾക്ക് മുന്നിൽ തുറന്നുവെച്ചപ്പോൾ അവർ ചാടിവീണു. വീറോടെ മത്സരിച്ചു ജയിച്ചു. ബഹിരാകാശത്തുചെന്നിരുന്നുകൊണ്ട് അമേരിക്കയിലെ വിദ്യാർത്ഥികൾക്ക് ക്ലാസുകൾ എടുത്ത് ചരിത്രം സൃഷ്ടിക്കാൻ ക്രിസ്റ്റ ആഗ്രഹിച്ചിരുന്നു. അവർ പഠിപ്പിച്ചിരുന്ന ന്യൂ ഹാംഷെയറിലെ കോൺകോർഡ് ഹൈസ്‌കൂളിലെ വിദ്യാർഥികൾ ഏറെ അഭിമാനത്തോടെയാണ് ആ ടേക്ക് ഓഫ് കണ്ടത്. എന്നാൽ അവരുടെ സ്വപ്‌നങ്ങൾ ഏതാനും നിമിഷങ്ങൾക്കകം ചാമ്പലാകുന്നത് അവർ കണ്ടുനിന്നു. 

 

ചലഞ്ചർ പേടകത്തിന്റെ അപകടത്തിന് കാരണം 

പതിവിലും ഏറെ താണ താപനിലയായിരുന്നു അപകടത്തിന്റെ പ്രധാനകാരണമായി നാസ കണ്ടെത്തിയത്. രാത്രിയിൽ ഊഷ്മാവ് -8 ഡിഗ്രി സെൽഷ്യസോളം താണിരുന്നു. വിക്ഷേപണ സമയത്ത് അത് -1 ഡിഗ്രി ആയിരുന്നു. റോക്കറ്റിന്റെ വലതുഭാഗത്തുള്ള സോളിഡ് റോക്കറ്റ് ബൂസ്റ്ററിന്റെ ആഫ്റ്റ് ഫീൽഡ് ജോയിന്റിലെ പ്രെഷർ സീൽ ആയി പ്രവർത്തിക്കുന്ന ഒരു Morton-Thiokol  'ഓ റിങ്'(O'Ring)  അഥവാ വട്ടത്തിലുള്ള  റബ്ബർ ഗാസ്‌ക്കറ്റ് (Rubber Gasket ) താപനിലയിലുള്ള അസാമാന്യമായ കുറവ് കാരണം ലീക്കായതാണ് അപകടകാരണം എന്നാണ് അന്വേഷണത്തിൽ തെളിഞ്ഞത്. അങ്ങനെ ഒരു താപനിലയിൽ ലോഞ്ചിങ് സമയത്ത് ഓ റിങ് എങ്ങനെ പ്രവർത്തിക്കും എന്നതിന്റെ ഒരു സിമുലേഷനും മുന്നേകൂട്ടി നടത്തപ്പെട്ടിരുന്നില്ല എന്നത് ഇങ്ങനെ ഒരു അപകടറെ അപ്രവചനീയമാക്കി. 

1989 -ൽ സിദ്ധാർത്ഥ ദലാൽ, എഡ്വേഡ് ഫൗൾക്ക്സ്, ബ്രൂസ് ഹോഡ്‌ലി എന്നിവർ ചേർന്ന്, അന്ന് ലഭ്യമായിരുന്ന ഡാറ്റയും അനുബന്ധ വിവരങ്ങളും വിശകലനം ചെയ്തുകൊണ്ട്, ചലഞ്ചറിന്റെ അപകടകരണത്തെക്കുറിച്ചും അത് നേരത്തെ തിരിച്ചറിഞ്ഞ് തടയുന്നതിൽ ഉണ്ടായ പിഴവിനെക്കുറിച്ചുമൊക്കെ വിശദമായ ഒരു പഠനം പ്രസിദ്ധപ്പെടുത്തുകയുണ്ടായി. (“Risk Analysis of the Space Shuttle: Pre-Challenger Prediction of Failure”). ചലഞ്ചർ ഷട്ടിൽ അതിനു മുമ്പ് നടത്തിയ ലോഞ്ചിങിലെ ഡാറ്റയെ സ്റ്റാൻഡേർഡ് സ്റ്റാറ്റിസ്റ്റിക്കൽ വിശകലനങ്ങൾക്ക് വിധേയമാക്കിയപ്പോൾ തന്നെ അന്തരീക്ഷ താപനില -1 ഡിഗ്രി ആയ അവസ്ഥയിൽ വിക്ഷേപിക്കുന്നത് പ്രശ്നങ്ങൾ ഉണ്ടാക്കും എന്നതിന് വേണ്ടതിലധികം സൂചനകൾ അവരുടെ പഠനത്തിൽ വെളിപ്പെട്ടു. ആ ഗാസ്‌ക്കറ്റ് ലീക്ക് ആകാനുള്ള സാധ്യത പ്രസ്തുത താപനിലയിൽ 13 % ആയിരുന്നു. ഒരു സ്‌പേസ് പ്രോഗ്രാം റദ്ദാക്കാൻ ഇതിന്റെ നാലിൽ ഒന്ന് സാധ്യത മതിയെന്നിരിക്കെ, നാസയെപ്പോലെ സുരക്ഷയ്ക്ക് പ്രഥമ പരിഗണന നൽകുന്ന ഒരു വിഖ്യാതമായ സ്ഥാപനം, ലോഞ്ചിനുമുമ്പ് അത്തരത്തിൽ ഒരു സ്റ്റാറ്റിസ്റ്റിക്കൽ പഠനം നടത്താതിരുന്നത് തികച്ചും അസ്വാഭാവികമാണ്.  പലവട്ടം മാറ്റിവെക്കപ്പെട്ട ശേഷം ഒടുവിൽ ജനുവരി 28 -ന് രണ്ടും കൽപ്പിച്ച് നടത്തിയ ആ യാത്ര നടത്തിയതും വളരെ അസാധാരണമായ നടപടിയായിരുന്നു. എന്തായാലും ചലഞ്ചർ അപകടത്തിന് ശേഷം നാസ അടുത്ത മൂന്നുവർഷത്തേക്ക് ഒരു സ്‌പേസ് പ്രോഗ്രാമും നടത്തിയില്ല. അത് നാസ അന്നോളം പുലർത്തിപ്പോന്ന പല സുരക്ഷാമാനദണ്ഡങ്ങളും പുനഃപരിശോധിക്കാൻ അവരെ പ്രേരിപ്പിച്ചു. 

തന്റെ ബഹിരാകാശയാത്രാ സ്വപ്നം പൂർത്തിയാക്കാതെ അകാലത്തിൽ പൊലിഞ്ഞ ക്രിസ്റ്റ മക്ഔലിഫ്  എന്ന പ്രതിഭാധനയായ അദ്ധ്യാപികയുടെ പേരിൽ പിന്നീട് ഫെല്ലോഷിപ്പുകളും സെന്റർ ഫോർ എക്സലൻസുകളും, സ്‌കൂളുകളും, കോളേജുകളും മറ്റും അമേരിക്കയിൽ ഉണ്ടായി. 1990 പ്രക്ഷേപണം ചെയ്യപ്പെട്ട ചലഞ്ചർ എന്ന ടെലി സിനിമയിൽ ക്രിസ്റ്റയുടെ ജീവിതവും പകർത്തപ്പെട്ടു. അമേരിക്കൻ ബഹിരാകാശപദ്ധതികളുടെ ചരിത്രത്തിൽ സുവർണ്ണ ലിപികളാൽ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ഒരു നാമമായി 'ക്രിസ്റ്റ മക്ഔലിഫ്' എന്നത് ഇന്നും തുടരുന്നു.  

click me!