അമേരിക്കയെ വിറപ്പിക്കാന്‍ ആയുധപ്പുരകളുടെ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് ഇറാന്‍

By Web Team  |  First Published Jun 2, 2019, 3:02 PM IST

വീഡിയോയില്‍ കപ്പലിൽ ലാൻഡ് ചെയ്തിരിക്കുന്ന ഓരോ പോർവിമാനത്തിന്റെയും പേരു പോലും ഉണ്ടായിരുന്നു.അമേരിക്കൻ പടക്കപ്പലുകളുടെ സമീപത്തു കൂടെ ചെറിയ വസ്തുക്കൾ പറന്നാൽ പോലും അറിയുന്ന സൈന്യം ഇറാന്‍റെ ഡ്രോൺ കണ്ടില്ലെന്നത് അദ്ഭുതമാണെന്നാണ് അന്ന് വാര്‍ത്തകള്‍ വന്നത്.


ടെഹ്റാന്‍: തങ്ങളുടെ ആയുധപ്പുരകളുടെ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് ഇറാന്‍.  ഗള്‍ഫ് മേഖലയില്‍ ഇറാനുമായുള്ള അമേരിക്കന്‍ സംഘര്‍ഷ ഭീതി വര്‍ദ്ധിക്കുന്നതിനിടെയാണ് പുതിയ വീഡിയോ പുറത്ത് വരുന്നത്.  മൂന്നു തലത്തിലുമുള്ള ആക്രമണത്തിനു വേണ്ട ആയുധങ്ങൾ മരുഭൂമിയിലെ രഹസ്യ അറകളിൽ സൂക്ഷിച്ചിട്ടുണ്ടെന്നാണ് വിഡിയോയിൽ കാണിക്കുന്നത്. അമേരിക്കയ്ക്ക് പുറമെ മറ്റു ശത്രുരാജ്യങ്ങളെയും ഭീതിപ്പിടുത്തുന്നതിനാണ് ഇറാന്‍റെ ശ്രമം എന്നാണ് പാശ്ചാത്യ മാധ്യമങ്ങളിലെ നിരീക്ഷണം.

Latest Videos

undefined

ആയുധങ്ങളുടെയും മിസൈലുകളുടെ കാര്യത്തിൽ തങ്ങളും ഒട്ടും പിന്നിലല്ലെന്ന് വ്യക്തമാക്കുന്നതാണ് ഇറാൻ പുറത്തുവിട്ട വിഡിയോ. ഇറാന്റെ സ്റ്റേറ്റ് ടെലിവിഷന്‍ നെറ്റ് വര്‍ക്കാണ് പ്രതിരോധമെന്നോണം ആയുധ വിഡിയോകൾ പുറത്തുവിട്ടത്. പശ്ചിമേഷ്യയിലെ അമേരിക്കയുടെ സൈനിക വിന്യാസത്തിനുള്ള ഇറാന്റെ താക്കീതാണ് ഈ വിഡിയോ. അമേരിക്കയുടെ പോർവിമാനങ്ങളും വിമാനവാഹനി കപ്പലുകളും ഇറാനു സമീപം വിന്യസിച്ചിരിക്കുകയാണ്.

കഴിഞ്ഞ മെയ് 16ന്  അമേരിക്കയുടെ ഏറ്റവും വലിയ വിമാനവാഹിനി കപ്പലുകളിലൊന്നായ യുഎസ്എസ് ഐസന്‍ഹോവറിന്റെ മുകളിലൂടെ പറന്ന് ഇറാൻ ഡ്രോൺ വിഡിയോ പകർത്തിയിരിക്കുന്നു. അമേരിക്കയുടെ പോർവിമാനങ്ങളും യുദ്ധവിമാനങ്ങളും അറബ് പ്രദേശത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. വിമാനവാഹിനി കപ്പലുകളും ബോംബർ വിമാനങ്ങളും നേരത്തെ തന്നെ ഇറാനു സമീപം വിന്യസിച്ചിട്ടുണ്ട്. എന്നാൽ അമേരിക്കയുടെ ഓരോ നീക്കങ്ങളും ഇറാന്‍ നിരീക്ഷിക്കുന്നുണ്ട് എന്ന് തെളിയിക്കുന്നതായിരുന്നു ഈ വീഡിയോ.

അന്ന് പുറത്ത് വിട്ട വീഡിയോയില്‍ കപ്പലിൽ ലാൻഡ് ചെയ്തിരിക്കുന്ന ഓരോ പോർവിമാനത്തിന്‍റെ പേരു പോലും ഉണ്ടായിരുന്നു.അമേരിക്കൻ പടക്കപ്പലുകളുടെ സമീപത്തു കൂടെ ചെറിയ വസ്തുക്കൾ പറന്നാൽ പോലും അറിയുന്ന സൈന്യം ഇറാന്‍റെ ഡ്രോൺ കണ്ടില്ലെന്നത് അദ്ഭുതമാണെന്നാണ് അന്ന് വാര്‍ത്തകള്‍ വന്നത്.  എന്തുകൊണ്ട് യുഎസ്എസ് ഐസന്‍ഹോവറിലെ റഡാർ ഇറാന്റെ ഡ്രോൺ കണ്ടില്ല എന്നാണ് പ്രതിരോധ വിദഗ്ധർ സംശയം പ്രകടിപ്പിച്ചിരുന്നു.

അതേ സമയം ഇറാനെതിരെ അന്താരാഷ്ട്ര സമൂഹം കർശന നടപടികൾ കൈക്കൊള്ളണമെന്ന് ജിസിസി അറബ് ഉച്ചകോടി ആവശ്യപ്പെട്ടിട്ടുണ്ട്. ഭീകരരെ സഹായിക്കുന്നത് ഇറാൻ ഉടനടി നിർത്തണമെന്നും ഉച്ചകോടിയിൽ അറബ് നേതാക്കൾ ആവശ്യപ്പെട്ടു. സുരക്ഷ തകർക്കാനും ഗൾഫ് മേഖലയെ അസ്ഥിരപ്പെടുത്താനും ശ്രമിക്കുന്ന ഇറാന്‍റെ നടപടികളെ അറബ് - മുസ്ലിം രാഷ്ട്രത്തലവന്മാർ ശക്തമായി അപലപിച്ചു.

ഖത്തർ പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതലസംഘവും ഉച്ചകോടിയിൽ പങ്കെടുക്കാനെത്തി. ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുള്ള ബിൻ നാസിർ ബിൻ ഖലീഫ അൽഥാനിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘമാണ് ഉച്ചകോടിക്കായി മക്കയിലെത്തിയത്. രണ്ടു വർഷം മുൻപ് സൗദിയും യുഎഇയും ബഹ്‌റൈനും ഈജിപ്റ്റും ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചതിന് ശേഷം ഇതാദ്യമായാണ് ഉന്നതതല ഖത്തർ സംഘം സൗദിയിലെത്തുന്നത്. ഇന്നലെ നടന്ന ഗൾഫ് സഹകരണ കൗൺസിൽ ഉച്ചകോടിയിലും അറബ് ഉച്ചകോടിയിലും ഖത്തർ സംഘം പങ്കെടുത്തു. ഇന്ന് നടക്കുന്ന 56 ഇസ്‌ലാമിക രാഷ്ട്രങ്ങളുടെ ഉച്ചകോടിയിലും ഖത്തർ സംഘം പങ്കെടുക്കും. ഈ ഉച്ചകോടിയിലും ഇറാൻ തന്നെയാകും പ്രധാന ചർച്ചാവിഷയം.

click me!