റോവറിൽ നിന്നുള്ള ആദ്യചിത്രങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ

By Web Team  |  First Published Aug 28, 2023, 5:54 PM IST

ചന്ദ്രയാൻ മൂന്നിൽ നിന്നുള്ള ആദ്യ ശാസ്ത്ര വിവരങ്ങളും ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ചന്ദ്രനിലെ മണ്ണിന്‍റെ താപസ്വഭാവം പഠിക്കുന്ന ചാസ്തേയില്‍ നിന്നുള്ള വിവരങ്ങളാണ് ഇസ്രൊ പുറത്തുവിട്ടത്.


ദില്ലി: ചന്ദ്രയാൻ മൂന്ന് പ്രഗ്യാൻ റോവറിൽ നിന്നുള്ള ആദ്യ ചിത്രങ്ങൾ പുറത്ത് വിട്ട് ഇസ്രൊ. റോവറിലെ നാവിഗേഷൻ ക്യാമറ പക‍ർത്തിയ ചിത്രങ്ങളാണ് പുറത്തുവിട്ടത്. ആഗസ്റ്റ് 27നാണ് ചിത്രങ്ങൾ എടുത്തത്. ചന്ദ്രോപരിതലത്തിലൂടെ മുന്നോട്ട് നീങ്ങുന്നതിനിടെ റോവറിന്റെ മുന്നിൽ നാല് മീറ്റ‍ർ വ്യാസമുള്ള ഗർത്തം വന്നു. ഈ ഗ‍ർത്തം ഒഴിവാക്കാൻ പേടകത്തെ പിന്നോട്ട് നീക്കേണ്ടി വന്നു. ഗർത്തത്തിന്റെയും പിന്നോട്ട് നീങ്ങിയപ്പോൾ റോവറിന്‍റെ ചക്രങ്ങൾ ചന്ദ്രോപരിതലത്തിലുണ്ടാക്കിയ പാടുകളുടെയും ചിത്രമാണ് പുറത്തുവിട്ടത്. 

ചന്ദ്രയാൻ മൂന്നിൽ നിന്നുള്ള ആദ്യ ശാസ്ത്ര വിവരങ്ങളും ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ചന്ദ്രനിലെ മണ്ണിന്‍റെ താപസ്വഭാവം പഠിക്കുന്ന ചാസ്തേയില്‍ നിന്നുള്ള വിവരങ്ങളാണ് ഇസ്രൊ പുറത്തുവിട്ടത്. ചന്ദ്രന്റെ മണ്ണിന് മികച്ച താപപ്രതിരോധ ശേഷിയുണ്ടെന്ന് വ്യക്തമാക്കുന്നതാണ് പുതിയ വിവരങ്ങൾ. ഇതാദ്യമായാണ് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ മണ്ണിന്‍റെ താപനില അളക്കപ്പെടുന്നത്.

Latest Videos

undefined

ചന്ദ്രയാന്‍ മൂന്നിന്‍റെ ലാൻഡറിലെ നാല് പേ ലോഡകളിൽ ഒന്നാണ് ചാസ്തേ (Chandra’s Surface Thermo physical Experiment) ചന്ദ്രോപരിതലത്തിലെ മണ്ണിലെ താപ വ്യതിയാനങ്ങൾ പഠിക്കാനുള്ള ഉപകരണമാണ് ഇത്. പത്ത് പ്രത്യേക സെൻസറുകളാണ് ഈ ഉപകരണത്തിലുള്ളത്. ചന്ദ്രോപരിതലം മുതൽ അവിടുന്ന് 80 മില്ലിമീറ്റർ താഴെ വരെയുള്ള മണ്ണിലെ താപ വ്യത്യാസമാണ് ആദ്യഘട്ടത്തിൽ ഉപകരണം അളന്നത്.

സൂര്യന്‍റെ പ്രകാശമുള്ളപ്പോൾ ചന്ദ്രന്റെ ഉപരിതല ഊഷ്മാവ് അന്‍പത് ഡിഗ്രി സെൽഷ്യസാണെങ്കിലും, 80  മില്ലീമീറ്റർ താഴെ ഇത് മൈനസ് പത്ത് ഡിഗ്രീ സെൽഷ്യസാണ്. ചന്ദ്രന്‍റെ മണ്ണിന് ഉയർന്ന താപ പ്രതിരോധ ശേഷിയുണ്ടെന്ന് വ്യക്തം . ചന്ദ്രന്റെ ഉപരിതലത്തിലെ മൃദുവായ മണ്ണിലൂടെ ഉപകരണം മെല്ലെ താഴ്ത്തിയാണ് താപനില അളന്നത്.

ആദ്യമായാണ് ചന്ദ്രന്റെ ദക്ഷിണധ്രുവ പ്രദേശത്തെ മണ്ണിലെ താപസ്വഭാവം ഈ രീതിയിൽ പഠനവിധേയമാകുന്നത്. ഭാവിയിൽ ഈ മണ്ണുപയോഗിച്ച് ചന്ദ്രനിൽ നിർമ്മാണ പ്രവർത്തികൾ അടക്കം നടത്തുന്നതിനെ പറ്റിയുള്ള ഗവേഷണങ്ങൾക്ക് ചാസ്തേയിൽ നിന്ന് വരുന്ന വിവരങ്ങൾ സഹായകമാകും. തിരുവനന്തപുരം വിഎസ്എസ്‍സിയുടെ ഭാഗമായ സ്പേസ് ഫിസികിസ് ലബോറട്ടറിയുടെ നേതൃത്വത്തിലാണ് ഉപകരണം വികസിപ്പിച്ചത്. അഹമ്മദാബാദിലെ ഫിസിക്കൽ റിസർച്ച് ലബോറട്ടറിയിൽ നിന്നുള്ള ഗവേഷകരും വികസന സംഘത്തിന്റെ ഭാഗമാണ്.

വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് വലിയ മുന്നറിയിപ്പ്; ശ്രദ്ധിച്ചില്ലെങ്കില്‍ പണി കിട്ടും.!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്


 

click me!