ചന്ദ്രയാന്‍ 2: ഇനി ഐഎസ്ആര്‍ഒ നടപ്പിലാക്കുക 'പ്ലാന്‍ ബി'

By Web Team  |  First Published Jul 22, 2019, 11:54 AM IST

ആദ്യപദ്ധതിപ്രകാരം 17 ദിവസം ഭൂമിയെ ചുറ്റി വേണമായിരുന്നു പേടകം ചന്ദ്രനിലേക്കുള്ള യാത്ര തിരിക്കേണ്ടത്. ഇത് പുതിയ പ്ലാൻ പ്രകാരം 23 ദിവസമായി കൂടിയിട്ടുണ്ട്. 


ശ്രീഹരിക്കോട്ട: സാങ്കേതിക കാരണങ്ങൾ കൊണ്ട് മാറ്റിവച്ച ചന്ദ്രയാൻ രണ്ട് ദൗത്യത്തിന്‍റെ വിക്ഷേപണത്തിന് മുന്നോടിയായുള്ള 20 മണിക്കൂർ കൗണ്ട്‍ ഡൗൺ തുടങ്ങി. ശ്രീഹരിക്കോട്ടയിൽ നിന്ന്  ഉച്ചക്ക് 2.43നാണ് ചന്ദ്രയാൻ രണ്ടിന്‍റെ വിക്ഷേപണം നടക്കുക. വിക്ഷേപണത്തിന് മുന്നോടിയായുള്ള ലോഞ്ച് റിഹേഴ്സൽ ശനിയാഴ്ച രാത്രി പൂർത്തിയായിരുന്നു. ഇതിന് പിന്നാലെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് ഒരു തവണ കൂടി ഉറപ്പാക്കിയ ശേഷമാണ് ഞായറാഴ്ച വൈകിട്ട് 6.43-ന് കൗണ്ട് ഡൗൺ തുടങ്ങിയത്. ഇനി നെഞ്ചിടിപ്പോടെ കാത്തിരിക്കാം. കൗണ്ട് ഡൗൺ തുടങ്ങി കൃത്യം 20 മണിക്കൂറിന് ശേഷം, ചന്ദ്രയാൻ - 2 ആകാശത്തേക്ക് കുതിച്ചുയരും. 

Latest Videos

undefined

ആദ്യപദ്ധതിപ്രകാരം 17 ദിവസം ഭൂമിയെ ചുറ്റി വേണമായിരുന്നു പേടകം ചന്ദ്രനിലേക്കുള്ള യാത്ര തിരിക്കേണ്ടത്. ഇത് പുതിയ പ്ലാൻ പ്രകാരം 23 ദിവസമായി കൂടിയിട്ടുണ്ട്. ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്കുള്ള യാത്രയുടെ സമയത്തിലും മാറ്റമുണ്ട്. അഞ്ച് ദിവസമായിരുന്നത് പുതിയ പദ്ധതി പ്രകാരം 7 ആക്കി മാറ്റി. ഏറ്റവും വലിയ മാറ്റം ചന്ദ്രനെ ചുറ്റാൻ നിശ്ചയിച്ചിരിക്കുന്ന സമയത്തിലാണ്.  

നേരത്തെ 28 ദിവസം വലം വച്ച ശേഷം ലാന്‍ററിനെ ചന്ദ്രനിൽ ഇറക്കാനായിരുന്നു തീരുമാനം. പുതിയ പദ്ധതി അനുസരിച്ച് ചന്ദ്രനെ ചുറ്റുന്നത് 13 ദിവസം ആയി കുറച്ചു. വിക്രം ലാന്‍ററും ഓർബിറ്ററും തമ്മിൽ വേർപെടാൻ പോകുന്നത് 43 ആം ദിവസമാണ്. നേരത്തെ ഇത് അൻപതാം ദിവസത്തേക്കാണ് ക്രമീകരിച്ചിരുന്നത്. ചന്ദ്രനിൽ ഇറങ്ങുന്ന വിക്രം ലാന്‍ററിനും പ്രഗ്യാൻ റോവറിനും ചന്ദ്രനിലെ ഒരു പകൽ പ്രവർത്തന സമയം കൃത്യമായി ലഭിക്കുക എന്ന ലക്ഷ്യം വച്ചാണ് വലിയ മാറ്റങ്ങളോടെ പ്ലാൻ ബി ഇസ്റൊ തയ്യാറാക്കിയിരിക്കുന്നത്.

click me!