എല്ലാ കണ്ണുകളും ശ്രീഹരിക്കോട്ടയിലേക്ക്; ഇന്ത്യയുടെ ആദ്യ സൂര്യപഠന ദൗത്യം ആദിത്യ L1 വിക്ഷേപണം ഇന്ന്

By Web Team  |  First Published Sep 2, 2023, 6:10 AM IST

സൂര്യന്റെ കൊറോണയെ പറ്റിയും കാന്തികമണ്ഡലത്തെ പറ്റിയും സൂര്യസ്ഫോടനങ്ങളെ പറ്റിയും കൂടുതൽ വിവരങ്ങൾ ആദിത്യയിലൂടെ മനസിലാക്കാൻ പറ്റുമെന്നാണ് പ്രതീക്ഷ.


ദില്ലി: ഇന്ത്യയുടെ ആദ്യ സൂര്യ പഠന ദൗത്യമായ ആദിത്യ എൽ 1 ന്റെ വിക്ഷേപണം ഇന്ന് നടക്കും. പിഎസ്എൽവി സി 57 ആണ് വിക്ഷേപണ വാഹനം. ശ്രീഹരിക്കോട്ടയിലെ രണ്ടാം നമ്പർ ലോഞ്ച് പാഡിൽ നിന്ന് രാവിലെ 11.50നാണ് വിക്ഷേപണം. വിക്ഷേപണത്തിനുള്ള 23 മണിക്കൂർ 40 മിനുട്ട് കൗണ്ട് ഡൗൺ ഇന്നലെ ഉച്ചയ്ക്ക് 12.10ന് ശ്രീഹരിക്കോട്ടയിൽ തുടങ്ങി. ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെ ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്കാണ് പേടകത്തെ അയക്കുന്നത്. എൽ വണ്ണിന് ചുറ്റമുള്ള ഹാലോ ഓർബിറ്റിൽ പേടകത്തെ സ്ഥാപിക്കുകയാണ് ലക്ഷ്യം.  സൂര്യന്റെ കൊറോണയെ പറ്റിയും കാന്തികമണ്ഡലത്തെ പറ്റിയും സൂര്യസ്ഫോടനങ്ങളെ പറ്റിയും കൂടുതൽ വിവരങ്ങൾ ആദിത്യയിലൂടെ മനസിലാക്കാൻ പറ്റുമെന്നാണ് പ്രതീക്ഷ.

ചന്ദ്രനെ തൊട്ട് പത്ത് നാൾ തികയും മുമ്പ് മറ്റൊരു സുപ്രധാന ദൗത്യത്തിന് തയ്യാറെടുക്കുകയാണ് ഐഎസ്ആർഒ. സൂര്യനെ പഠിക്കാനുള്ള ആദിത്യ എൽ 1. ഇസ്രൊയുടെ മറ്റ് ദൗത്യങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തമാണ് ആദിത്യ. ഇസ്രൊയ്ക്കപ്പുറമുള്ള ശാസ്ത്ര സ്ഥാപനങ്ങളുടെ പങ്കാളിത്തം മുതൽ പോകുന്നയിടം വരെ ഈ ദൗത്യത്തെ വേറിട്ട് നിർത്തുന്നു. സൂര്യനെ പഠിക്കാനുള്ള ആദ്യ ഇന്ത്യൻ ദൗത്യം. യാത്ര സൂര്യനെ അടുത്തറിയാനാണെങ്കിലും സൂര്യനിലേക്ക് നേരിട്ട് ചെല്ലില്ല. നമ്മുടെ സൗരയൂധത്തിന്റെ ഊർ‌ജ കേന്ദ്രത്തെ ഒരു തടസവും കൂടാതെ നിരീക്ഷിക്കാൻ പറ്റുന്നൊരിടമാണ് ലക്ഷ്യം.

Latest Videos

undefined

അതാണ് ലെഗ്രാഞ്ച് പോയിന്റ് ഒന്ന് അഥവാ എൽ 1. ഭൂമിയിൽ നിന്നും 15 ലക്ഷം കിലോമീറ്റർ അകലെയാണ് എൽ 1.സൂര്യന്റെയും ഭൂമിയുടെ ഗുരുത്വാകർഷണ ബലത്തിന്റെ പിടിവലി ഇവിടെ ഏകദേശം തുല്യമാണ്. ഭൂമിയുടെയും സൂര്യന്റെയും ഇടയിൽ നിന്ന് മറ്റൊരു തടസവും കൂടാതെ ഇവിടെ നിന്ന് സൂര്യനെ നിരീക്ഷിക്കാം. ഭൂമിയുമായുള്ള ആശയവിനിമയവും തടസമില്ലാതെ നടക്കും.

ലഗ്രാഞ്ച് പോയിന്റിന് ചുറ്റുമുള്ള ഹാലോ ഓർബിറ്റിലാണ് പേടകത്തെ സ്ഥാപിക്കുക. ഭൂമിയുടെ സഞ്ചാരത്തിനൊപ്പം ലഗ്രാഞ്ച് പോയിന്‍റും മാറുന്നതിനാൽ 365 ദിവസം കൊണ്ട് ആദിത്യ എൽ വണ്ണും സൂര്യനെ ചുറ്റി വരും. ഏഴ് പേ ലോഡുകളാണ് ആദിത്യ എൽ വണ്ണിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. അതിൽ നാലെണ്ണം റിമോട്ട് സെൻസിങ്ങ് ഉപകരണങ്ങളാണ്. സൂര്യന്റെ കൊറോണയെ പഠിക്കാനുള്ള വിസിബിൾ എമിഷൻ ലൈൻ കൊറോണോഗ്രാഫ് അഥവാ VELC ആണ് ഒന്നാമത്തേത്. 

ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സാണ് ഈ ഉപകരണം നിർമ്മിച്ചത്. സോളാർ അൾട്രാവയലറ്റ് ഇമേജിംഗ് ടെലിസ്കോപ്പ് അഥവാ SUIT ആണ് രണ്ടാമത്തെ ഉപഗ്രഹം. പൂനെയിലെ ഇന്‍റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ അസ്ട്രോണമി ആൻഡ് അസ്ട്രോ ഫിസിക്സാണ് സ്യൂട്ടിന്റെ പിന്നിൽ. സൂര്യനിൽ നിന്നുള്ള എക്സ് റേ തരംഗങ്ങളെ പഠിക്കാനുള്ള സോളാർ ലോ എൻർജി എക്സ് റേ സ്പെക്ട്രോ മീറ്റർ അഥവാ SoLEXS, ഹൈ എനർജി എൽ വൺ ഓർബിറ്റിങ്ങ് എക്സ് റേ സ്പെക്ട്രോമീറ്റർ അഥവാ HEL1OS എന്നിവയാണ് മറ്റ് രണ്ട് പേ ലോഡുകൾ.

ആദിത്യ എൽ 1 വിക്ഷേപണം സെപ്റ്റംബർ 2ന്: ഇന്ത്യയുടെ ആദ്യ സൂര്യപഠന ദൗത്യം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 

click me!