ഓർബിറ്ററും വിക്രം ലാൻഡറും പിന്നെ പ്രഗ്യാൻ റോവറും; ചന്ദ്രയാൻ രണ്ടിൽ എന്തൊക്കെ ?

By Web Team  |  First Published Sep 6, 2019, 1:34 PM IST

ചന്ദ്രയാൻ രണ്ട് ദൗത്യത്തിലെ മൂന്ന് വ്യത്യസ്ഥ ഘടകങ്ങളെ വിശദമായി പരിചയപ്പെടാം. 


ഓർബിറ്റർ തന്നെയാണ് ചന്ദ്രയാൻ രണ്ട് ദൗത്യത്തിലെ ആദ്യ ഘടകം. 2,379 കിലോ ഭാരമുള്ളതാണ് ചന്ദ്രയാൻ-2 ഓ‌‌ർബിറ്റ‌‌ർ. ഹിന്ദുസ്ഥാൻ എയറോനോടിക്സ് ലിമിറ്റഡാണ് ഇസ്റോയ്ക്ക് വേണ്ടി ഓർബിറ്ററിന്‍റെ ചട്ടക്കൂട് നിർമ്മിച്ച് നൽകിയത്.  എട്ട് പേലോഡുകളാണ് ഓർബിറ്ററിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ചന്ദ്രോപരിതലത്തിന്‍റെ വ്യക്തമായ ചിത്രങ്ങളെടുക്കാൻ ശേഷിയുള്ള ടെറൈൻ മാപ്പിംഗ് ക്യാമറയാണ് ഇതിൽ എറ്റവും പ്രധാനപ്പെട്ടത്. വിക്രമിന്‍റെ ലാൻഡിംഗ് സ്ഥാനം ക്യത്യമായി മാപ്പ് ചെയ്യാനുള്ള ഓർബിറ്റൽ ഹൈ റെസല്യൂഷൻ ക്യാമറയും ഓർബിറ്ററിലുണ്ട്. ജലസാന്നിധ്യത്തെക്കുറിച്ചുള്ള കൂടുതൽ വ്യക്തമായ വിവരങ്ങൾ തരാൻ പോകുന്ന സിന്തറ്റിക് അപേർച്ചർ റഡാറാണ് മറ്റൊരു പ്രധാനപ്പെട്ട പേ ലോഡ്. തിരുവനന്തപുരത്തെ സ്പേസ് ഫിസിക്സ് ലബോറട്ടറി നിർമ്മിച്ച ചന്ദ്രയാൻ രണ്ട് അറ്റ്മോസ്ഫറിക് കംപോസിഷണൽ എക്സ്പ്ലോറ‌റും ഓർബിറ്ററിലുണ്ട്. ഒരു വർഷത്തെ ദൗത്യ കാലാവധിയാണ് ഓർബിറ്ററിന് ഇപ്പോൾ നിർണ്ണയിക്കപ്പെട്ടിട്ടുള്ളതെങ്കിലും ഇത് വർദ്ധിപ്പിച്ചേക്കുമെന്ന് സൂചനയുണ്ട്. ചന്ദ്രനിൽ നിന്ന് 100 കിലോമീറ്റർ ദൂരത്തിലായിരിക്കും ഓ‌ർബിറ്ററിന്‍റെ ഭ്രമണപഥം. 

പതിനാല് പേ ലോഡുകളാണ് ചന്ദ്രയാൻ രണ്ട് ദൗത്യത്തിൽ ആകെ ഉള്ളത്. പതിമൂന്നും തദ്ദേശീയമായി വികസിപ്പിച്ചെടുത്തവയാണ്. ഒന്ന് വിദേശി, നാസയുടെ ലേസർ റിട്രോഫ്ലെക്റ്റർ അറെ . ഇതടക്കം വിക്രം ലാൻഡറിൽ നാല് പേ ലോഡുകളും, പ്രഗ്യാൻ റോവറിൽ രണ്ട് പേ ലോഡുകളും സജ്ജീകരിച്ചിട്ടുണ്ട്. ബ്യാലലുവിലെ ഇന്ത്യൻ ഡീപ് സ്പേസ് നെറ്റ്‌‍വ‌ർക്കിലേക്കാണ് ഓർബിറ്റർ വിവരങ്ങൾ കൈമാറുക. 

Latest Videos

undefined

ചന്ദ്രയാൻ പദ്ധതിയുടെ എറ്റവും നിർണ്ണായക ഘടകമാണ് വിക്രം ലാൻഡർ. ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്താൻ നിയോഗിക്കപ്പെട്ടിട്ടുള്ള വിക്രം ലാൻഡറിന്‍റെ ഭാരം 1,471 kg. ഇന്ത്യൻ ബഹിരാകാശ ഗവേഷണ പദ്ധതിയുടെ പിതാവായ ഡോ വിക്രം സാരാഭായിയോടുള്ള ആദര സൂചകമായാണ് ലാൻഡറിന് വിക്രം എന്ന പേര് നൽകിയിരിക്കുന്നത്. വിക്രം ലാൻഡറിനകത്താണ് പ്രഗ്യാൻ റോവർ അടക്കം ചെയ്തിട്ടുള്ളത്. ചന്ദ്രനിൽ ഇറങ്ങിയ ശേഷം വിക്രം ലാൻഡറിനകത്ത് നിന്ന് പ്രഗ്യാൻ ചന്ദ്രോപരിതലത്തിലേക്കിറങ്ങും. 

ഭുമിയിലെ 29 ദിവസവും 12 മണിക്കൂറും 44 മിനുട്ടും നീണ്ട് നിൽക്കുന്നതാണ് ഒരു ചന്ദ്ര ദിവസം. അതിൽ തന്നെ 14 ദിവസമാണ് പകൽ സമയം. ഒരു ചന്ദ്ര പകൽ നേരമാണ് വിക്രം ലാൻഡറിന്‍റെയും, പ്രഗ്യാൻ റോവറിന്‍റെ ദൗത്യ സമയം. വിക്രമിനും ഇന്ത്യൻ ഡീപ് സ്പേസ് നെറ്റവർക്കുമായി നേരിട്ട് ബന്ധപ്പെടാനാകും. റോവറിൽ നിന്നുള്ള വിവരങ്ങൾ ഭൂമിയിലേക്കയക്കുക വിക്രമായിരിക്കും. 

27 കിലോഗ്രാം മാത്രം ഭാരമുള്ള ഇന്ത്യയുടെ പ്രഗ്യാൻ റോവറിന് ആ പേര് ലഭിക്കുന്നത്, വിവേകം എന്നർത്ഥമുള്ള പ്രഗ്യാ എന്ന സംസ്കൃത വാക്കിൽ നിന്നാണ്, വിക്രം ലാൻഡറുമായിട്ടായിരിക്കും പ്രഗ്യാൻ വിവരങ്ങൾ കൈമാറുക. ആറ് ചക്രങ്ങളുള്ള പ്രഗ്യാൻ സെക്കൻ‍ഡിൽ ഒരു സെന്‍റീമീറ്റർ വേഗതയിലായിരിക്കും ചന്ദ്രോപരിതലത്തിലൂടെ സഞ്ചരിക്കുക. ചന്ദ്രനിലെ മണ്ണിന്‍റെ രാസഘടന പരിശോധിക്കാനുള്ള ഉപകരണങ്ങളാണ് റോവറിൽ സജ്ജീകരിച്ചിട്ടുള്ളത്.  പതിനാല് ദിവസത്തെ ദൗത്യ സമയം തന്നെയാണ് പ്രഗ്യാനിനും ഇപ്പോൾ നിർണ്ണയിക്കിപ്പെട്ടിട്ടുള്ളത്.  

 

click me!