ജൂലൈ 15ന് പുലർച്ചെ 2.51നായിരിക്കും വിക്ഷേപണം നടക്കുക. ജിഎസ്എൽവിയുടെ ഏറ്റവും മികച്ച ലോഞ്ചറുകളിലൊന്നായ മാർക്ക് - 3 യുടെ ചുമലിലേറിയാണ് ചന്ദ്രയാൻ രണ്ട് ബഹിരാകാശത്തേയ്ക്ക് കുതിച്ചുയരുക.
ബാംഗ്ലൂർ: ഇന്ത്യയുടെ അഭിമാന ചാന്ദ്ര ദൗത്യം ചന്ദ്രയാൻ-2 അടുത്ത മാസം വിക്ഷേപിക്കും. ജൂലൈ 15ന് പുലർച്ചെ 2.51നായിരിക്കും വിക്ഷേപണം നടക്കുക എന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ.കെ ശിവൻ അറിയിച്ചു. ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയിൽ നിന്നായിരിക്കും വിക്ഷേപണം. 3.8 ടൺ ഭാരമുളള സാറ്റലൈറ്റ് അറുന്നൂറ് കോടി രൂപ ചിലവിലാണ് നിർമ്മിച്ചിരിക്കുന്നത്.
മൂന്ന് ഘടകങ്ങൾ അടങ്ങിയതാണ് ചന്ദ്രയാൻ രണ്ട് ദൗത്യം. ചന്ദ്രനെ വലം വയ്ക്കുന്ന ഓർബിറ്റർ, ലാൻഡർ, റോവർ എന്നിവയാണ് അവ. വിക്രം സാരാഭായിയോടുള്ള ആദര സൂചകമായി വിക്രം എന്നാണ് ലാൻഡിംഗ് മൊഡ്യൂളിന് നൽകിയിരിക്കുന്ന പേര്. ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിലായിരിക്കും ചന്ദ്രയാൻ രണ്ട് റോവർ ഇറങ്ങുക. ഇതു വരെ ഒരു ബഹിരാകാശ വാഹനവും ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങിയിട്ടില്ല.
undefined
ചാന്ദ്രയാൻ - ഒന്നാം ദൗത്യത്തിലടക്കം ഉപരിതലത്തിൽ ഇടിച്ചിറങ്ങുന്ന രീതിയാണ് ഐഎസ്ആർഒ അവലംബിച്ചിരുന്നത്. ഇത്തവണ സോഫ്റ്റ് ലാൻഡിംഗിന് ശ്രമിക്കുകയാണ് ഐഎസ്ആർഒ. ഇന്ത്യക്ക് മുമ്പ് ഈ രീതി പരീക്ഷിച്ച് വിജയിച്ചിട്ടുള്ളത് അമേരിക്കയും ചൈനയും റഷ്യയും മാത്രമാണ്.
റോവറിന്‍റെ പേര് 'പ്രഗ്യാൻ' എന്നാണ്. ചന്ദ്രന്‍റെ ഉപരിതലത്തിൽ ഇറങ്ങി നിരീക്ഷണങ്ങൾ നടത്തുകയായിരിക്കും 'പ്രഗ്യാന്‍റെ' ദൗത്യം. ചന്ദ്രന്‍റെ മധ്യരേഖയിലൂടെ തെക്കോട്ട് മാറി, ദക്ഷിണധ്രുവത്തിൽ ഇതുവരെ ഒരു പേടകവും ഇറങ്ങിയിട്ടില്ലാത്തതിനാൽ പ്രഗ്യാന്‍റെ ജോലിയും ബുദ്ധിമുട്ടേറിയതാകും.
ജിഎസ്എൽവിയുടെ ഏറ്റവും മികച്ച ലോഞ്ചറുകളിലൊന്നായ മാർക്ക് - 3 യുടെ ചുമലിലേറിയാണ് ചന്ദ്രയാൻ രണ്ട് ബഹിരാകാശത്തേയ്ക്ക് കുതിച്ചുയരുക. ഫാറ്റ് ബോയ് എന്ന് ശാസ്ത്രജ്ഞർ തന്നെ വിളിക്കുന്ന മാർക്ക് 3, ഐഎസ്ആർഒയുടെ വിശ്വസ്തനാണ്. 800 കോടി രൂപ ചെലവിലൊരുങ്ങുന്ന ഇന്ത്യയുടെ അഭിമാനപദ്ധതിയെ ലക്ഷ്യത്തിലെത്തിക്കാൻ മാർക്ക് 3-യ്ക്ക് കഴിയുമെന്ന ഉറച്ച വിശ്വാസമുണ്ട് ഐഎസ്ആർഒയ്ക്ക്.
ദൗത്യത്തിന്‍റെ അവസാന വട്ട പരീക്ഷണങ്ങളും പൂർത്തിയായതായി നേരത്തേ ഐഎസ്ആർഒ വ്യക്തമാക്കിയിരുന്നു. തമിഴ്‍നാട്ടിലെ മഹേന്ദ്രഗിരിയിലും കർണാടകയിലെ പരീക്ഷണകേന്ദ്രത്തിലുമാണ് ദൗത്യത്തിന്‍റെ മൊഡ്യൂളുകളുടെ അവസാനഘട്ട മിനുക്കുപണികൾ നടന്നത്. ഇതിന് ശേഷം മൊഡ്യൂളുകൾ തമ്മിൽ യോജിപ്പിച്ചത് ഐഎസ്ആർഒയുടെ ബംഗളുരു ക്യാംപസിൽ വച്ച് തന്നെയാണ്. ജൂൺ 19-ന് ബംഗളുരു ക്യാംപസിൽ നിന്ന് ദൗത്യത്തിന്‍റെ മൊഡ്യൂളുകൾ ശ്രീഹരിക്കോട്ടയിലേക്ക് കൊണ്ടുപോകും. ജൂൺ 20-നോ 21-നോ ഇത് ശ്രീഹരിക്കോട്ടയിലെത്തിക്കും.