നിലവിൽ ചന്ദ്രനിൽ നിന്ന് 119 കിലോമീറ്റർ അടുത്ത ദൂരവും 127 കിലോമീറ്റർ അകന്ന ദൂരവുമായിട്ടുള്ള ഭ്രമണപഥത്തിലാണ് വിക്രം ലാൻഡർ ഉള്ളത്.
ബെംഗളൂരു: ചന്ദ്രയാൻ രണ്ട് ഓർബിറ്ററും വിക്രം ലാൻഡറും വിജയകരമായി വേർപെട്ടു. ഉച്ചക്ക് 1.15നാണ് വിക്രം ലാൻഡറിന്‍റെ വേർപെടൽ പൂർത്തിയായത്. നിലവിൽ ചന്ദ്രനിൽ നിന്ന് 119 കിലോമീറ്റർ അടുത്ത ദൂരവും 127 കിലോമീറ്റർ അകന്ന ദൂരവുമായിട്ടുള്ള ഭ്രമണപഥത്തിലാണ് വിക്രം ലാൻഡർ ഉള്ളത്.
ബംഗളൂരുവിലെ ഐഎസ്ആർഒ ടെലിമെട്രി ട്രാക്കിംഗ് ആൻഡ് കമാൻഡ് നെറ്റ്‍വർക്കിലെ മിഷൻ ഓപ്പറേഷൻ കോംപ്ലക്സിൽ നിന്ന് ഉപഗ്രഹത്തിന്‍റെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നുണ്ട്. നിലവിൽ എല്ലാ ഘടകങ്ങളും കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഇസ്റോ അറിയിച്ചു.
Vikram Lander Successfully separates from Orbiter today (September 02, 2019) at 1315 hrs IST.
For details please visit https://t.co/mSgp79R8YP pic.twitter.com/jP7kIwuZxH
undefined
വിക്രം ലാൻഡർ ഇനി വീണ്ടും രണ്ട് തവണയായി ഭ്രമണപഥം താഴ്ത്തി ചന്ദ്രോപരിതലത്തിൽ നിന്നുള്ള അകലം കുറയ്ക്കും. സെപ്റ്റംബർ മൂന്നിനും നാലിനുമായിരിക്കും ഈ രണ്ട് ഭ്രമണപഥ താഴ്ത്തലുകൾ. വിക്രം വേർപെട്ടതിന് ശേഷം ചന്ദ്രയാൻ രണ്ട് ഓർബിറ്ററിലെ ഹൈ റെസലൂഷ്യൻ ക്യാമറ നിർദ്ദിഷ്ട ലാൻഡിംഗ് സൈറ്റിന്‍റെ ചിത്രങ്ങളെടുക്കുകയും ഭൂമിയിലേക്ക് കൈമാറുകയും ചെയ്യും.
ചന്ദ്രന്‍റെ ദക്ഷിണ ധ്രുവ പ്രദേശത്തെ മാൻസിനസ് സി, സിംപ്ലിയസ് എൻ ഗർത്തങ്ങളുടെ ഇടയിലാണ് വിക്രം ലാൻഡർ ഇറക്കാൻ ഐഎസ്ആര്‍ഒ പദ്ധതിയിട്ടിട്ടുള്ളത്. ഈ പ്രദേശത്തിന്‍റെ കൃത്യമായ മാപ്പ് തയ്യാറാക്കാൻ ഓഎച്ച്ആർസി നൽകുന്ന ചിത്രങ്ങൾ ഉപയോഗിക്കും.
ശേഷം ലാൻഡിംഗിനാവശ്യമായ നിർദ്ദേശങ്ങൾ വിക്രം ലാൻഡറിലേക്കയക്കും. സെപ്റ്റംബർ ഏഴിന് പുലർച്ചെ 1.30നും 2.30നും ഇടയിലായിരിക്കും വിക്രം ചന്ദ്രോപരിതലത്തിൽ ഇറങ്ങുക. ദൗത്യം വിജയകരമായാൽ സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി പൂർത്തിയാക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ.