ഇൻസ്പേസ് തലപ്പത്തേക്ക് മലയാളി ? സുപ്രധാന പ്രഖ്യാപനം ഉടനുണ്ടാകാൻ സാധ്യത

By Arun Raj K M  |  First Published Nov 30, 2020, 8:38 PM IST

നിലവിലെ ഐഎസ്ആർഒ ചെയർമാൻ ഡോ കെ ശിവന്റെ കാലാവധി 2021 ജനുവരിയിൽ അവസാനിക്കും. ഈ സാഹചര്യത്തിൽ രണ്ടിലൊരാൾ ഇൻസ്പേസ് ചെയർമാനും അടുത്തയാൾ ഐഎസ്ആർഒ ചെയർമാൻ ആകാനുമാണ് സാധ്യത



തിരുവനന്തപുരം: രാജ്യത്തെ ബഹിരാകാശ രംഗത്തെ നിയന്ത്രിക്കുന്ന സുപ്രധാന തസ്തികകളിലേക്ക് മലയാളികളെത്താൻ സാധ്യത. ഇൻസ്പേസ് ചെയർമാൻ സ്ഥാനത്തേക്ക് ഇസ്രൊ നിർദ്ദേശിച്ച മൂന്ന് ശാസ്ത്രജ്ഞരിൽ രണ്ട് പേർ മലയാളികളാണ്. വിഎസ്എസ്‍സി ഡയറക്ടർ എസ് സോമനാഥ്, യു ആർ റാവു സാറ്റലൈറ്റ് സെൻ്റർ ഡയറക്ടർ  പി കുഞ്ഞിക്കൃഷ്ണൻ, ഇസ്രൊ ഇനീഷ്യൽ സിസ്റ്റംസ് യൂണിറ്റ് ഡയറക്ടർ സാം ദയാൽ ദേവ് എന്നിവരെയാണ് ഇൻസ്പേസ് തലപ്പത്തേക്ക് പരിഗണിക്കുന്നത്. കേന്ദ്ര സർക്കാരായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുക. 

നിർദ്ദേശിച്ചിരിക്കുന്ന മൂന്ന് പേരിൽ എസ് സോമനാഥിനും പി കുഞ്ഞിക്കൃഷ്ണനും തന്നെയാണ് എറ്റവും സാധ്യത കൽപ്പിക്കപ്പെടുന്നത്. നിലവിലെ ഐഎസ്ആർഒ ചെയർമാൻ ഡോ കെ ശിവന്റെ കാലാവധി 2021 ജനുവരിയിൽ അവസാനിക്കും. ഈ സാഹചര്യത്തിൽ ഇതിലൊരാൾ ഇൻസ്പേസ് ചെയർമാനും അടുത്തയാൾ ഐഎസ്ആർഒ ചെയർമാൻ ആകാനുമാണ് സാധ്യത. അങ്ങനെയെങ്കിൽ ഇന്ത്യൻ ബഹിരാകാശ രംഗത്തെ എറ്റവും സുപ്രധാനമായ രണ്ട് തസ്തികകളിൽ മലയാളികളെത്തും.

Latest Videos

undefined

വിഎസ്എസ്‍സി ചെയർമാനായ ഡോ എസ് സോമനാഥിന് 2019 ഡിസംബറിൽ കേന്ദ്ര സർക്കാർ വകുപ്പ് സെക്രട്ടറിക്ക് തുല്യമായ അപെക്സ് സ്കെയിൽ സ്ഥാനക്കയറ്റം നൽകിയിരുന്നു. ഈ സ്ഥാനക്കയറ്റത്തോടെ പേ മെട്രിക്സിൽ സോമനാഥ് ലെവൽ 17ലേക്ക് ഉയർന്നു. ചെയർമാൻ ഡോ കെ ശിവൻ മാത്രമാണ് സോമനാഥിന് പുറമേ അപെക്സ് സ്കെയിലിൽ ഉള്ളത്. സോമനാഥ് ഇസ്രൊ ചെയർമാനായേക്കുമെന്ന് അന്നേ റിപ്പോർട്ടുകളുണ്ടായിരുന്നു. 2021 ജനുവരി 15നാണ് ഡോ ശിവന്റെ കാലാവധി അവസാനിക്കുന്നത്. കീഴ്വഴക്കങ്ങളുടെ ലംഘനമാണെന്നതിനാൽ ഇത് നീട്ടാൻ സാധ്യതയില്ലെന്നാണ് നിലവിലെ റിപ്പോർട്ടുകൾ. ജനുവരിയിൽ ഇത് സംബന്ധിച്ച് വ്യക്തത വരും. 

ബഹിരാകാശ മേഖല സ്വകാര്യമേഖലയ്ക്ക് തുറന്ന് കൊടുക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര സർക്കാർ ഇന്ത്യൻ നാഷണൽ സ്പേസ് പ്രമോഷൻ ആൻഡ് ഓതറൈസേഷൻ സെൻ്ററിന് രൂപം നൽകിയത്.  ഇസ്രൊയുടെ സാങ്കേതിക വിദ്യയും അടിസ്ഥാന സൗകര്യങ്ങളും സ്വകാര്യമേഖലയ്ക്ക് ലഭ്യമാക്കുന്നത് സംബന്ധിച്ച നി‍ർണ്ണായക തീരുമാനങ്ങൾ ഇൻസ്പേസ് ആയിരിക്കും എടുക്കുകയെന്നതിനാൽ ഇൻസ്പേസ് ചെയർമാന് സ്ഥാനം വളരെ പ്രധാനപ്പെട്ട പദവിയാണ്. ഇസ്രൊ ഗവേഷണമേഖലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും, വാണിജ്യ വിഭാഗമായ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് കൂടുതൽ കരുത്താർജിക്കുകയും ചെയ്യുന്ന തരത്തിലാണ് പുതിയ ബഹിരാകാശ നയം. 

സ്വകാര്യമേഖല ബഹിരാകാശ രംഗത്ത് കടന്നുവരുമ്പോൾ ഇൻസ്പേസിനെയാണ് സമീപിക്കേണ്ടത്. ഗവേഷണ സൗകര്യങ്ങളും ഇസ്രൊയ്ക്ക് നൽകാൻ കഴിയുന്ന സാങ്കേതിക സൗകര്യങ്ങളുമെല്ലാം എങ്ങനെ കമ്പനികൾക്ക് ഉപയോഗിക്കാമെന്നതിൽ അവസാനവാക്ക് ഇൻസ്പേസിന്റേതായിരിക്കും. 

click me!