തമാശയ്ക്കും കൗതുകത്തിനും അൽപ്പനേരത്തെ രസത്തിനുമപ്പുറം ഈ ആപ്പുകൾ ഉയർത്തുന്ന സ്വകാര്യതാ ഭീഷണി വലുതാണ്. എഐ ടൂളുകളെ മെച്ചപ്പെടുത്താൻ ആവശ്യമായ ഡാറ്റയാണ് വളരെ സൗജന്യമായി നമ്മളീ ആപ്പുകൾക്ക് തീറെഴുതി കൊടുക്കുന്നത്
തിരുവനന്തപുരം: ട്രെന്‍ഡിനൊപ്പം നീങ്ങാന്‍ വൈറല്‍ ഫോട്ടോകള്‍ തയ്യാറാക്കാനുള്ള തിരക്കിലാണോ ഇതു കൂടി അറിയുക. തമാശയ്ക്കും കൗതുകത്തിനും അൽപ്പനേരത്തെ രസത്തിനുമപ്പുറം വൈറൽ ഫോട്ടോ ആപ്പുകള്‍ ഉയര്‍ത്തുന്ന സുരക്ഷാ ഭീഷണി നിരവധിയാണ്. സൈബര്‍ ലോകത്തെ ഏറ്റവും വലിയ രഹസ്യമായ ഡാറ്റ ചോര്‍ച്ചയിലേക്കാണ് ആപ്പിലൂടെ നിങ്ങള്‍ മുഖം വച്ച് നല്‍കുന്നത്. മുഖവും മുടിയും മാറ്റി അത്യാകർഷക സുന്ദര കോമള രൂപങ്ങളാക്കി മാറ്റുന്ന ആപ്പ് തരംഗം സത്യത്തിൽ പുതിയ സംഭവമേ അല്ല.
പല രീതിയിലും പല ഭാവത്തിലും ഇതിന് മുന്‍പ് ഇത്തരം ആപ്പുകള്‍ ട്രെന്‍ഡുകളായിരുന്നു. അന്നും ഇന്നും ഇത്തരം ആപ്പുകള്‍ മുന്നോട്ട് വയ്ക്കുന്നത് സ്ഥിരം ഭീഷണിയാണ് ഡാറ്റ ലീക്ക്. വാട്സാപ്പ് സ്റ്റാറ്റസിൽ, ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ, ഫേസ്ബുക്ക് പോസ്റ്റിൽ എന്നിങ്ങനെ സമൂഹമാധ്യമങ്ങളില്‍ എവിടെ തിരിഞ്ഞൊന്നു നോക്കിയാലും ഫോട്ടോലാബ് തരംഗമാണ് ഇപ്പോള്‍ കാണാനുള്ളത്. സംഭവം സിമ്പിളാണ് ആപ്പ് സ്റ്റോറിൽ ആപ്പുണ്ട്, സെർച്ച് ചെയ്യുക ഡൗൺലോഡ് ചെയ്യുക. പിന്നെ നമ്മുടെ ചിത്രമെടുത്ത് അതിലെ ഏതെങ്കിലും ടെംപ്ലേറ്റിലൂടെ കയറ്റി ഇറക്കുക. വെളുവെളുത്ത തൊലിയും തിളങ്ങുന്ന മുടിയും പൊളിപ്പൻ വേഷവും വേണമെങ്കിൽ അങ്ങനെ. അല്ലെങ്കില്‍ ഇല്ലാത്ത മസിലു പെരുപ്പിച്ചും നഷ്ട യൗവ്വനം തിരിച്ചുപിടിച്ചും വെർച്വൽ ലോകത്ത് രാജാവും റാണിയുമാകാം.
undefined
ലൈൻറോക്ക് ഇൻവെസ്റ്റ്മെന്റ്സ് ലിമിറ്റഡാണ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നൂറ് മില്യണിലധികം ഡൗൺലോഡുള്ള ഈ ആപ്പിന്റെ സൃഷ്ടാക്കൾ. എഐ ഫോട്ടോ എഡിറ്റിങ്ങ് മേഡ് ഈസി എന്നതാണ് ആപ്പിന്റെ ആപ്ത വാക്യം. പുത്തൻ എ ഐ ട്രെൻഡിന്റെ കാറ്റ് പിടിച്ച് മുന്നേറിയ ഒരു സാധാ ആപ്പ് മാത്രമാണ് ഫോട്ടോലാബ്. പക്ഷേ ആപ്പിനെ ഹിറ്റാക്കിയത് സാങ്കേതിക തികവിനേക്കാൾ മനശ്ശാസ്ത്രമാണ്. ഇത്തരത്തില്‍ വൈറലാകുന്ന ആദ്യ എഡിറ്റിംഗ് ആപ്പൊന്നുമല്ല ഈ ഫോട്ടോലാബ്. റെമിനി, ലെൻസ എഐ, ഫേസ് ആപ്പ്, പ്രിസ്മ എന്നിങ്ങനെ വൈറൽ ആപ്പുകൾ ഇഷ്ടംപോലെയുണ്ടായിട്ടുണ്ട്. വരും വൈറലാവും ആളിക്കത്തും പിന്നെയങ്ങ് അണയും. അതാണ് വൈറൽ ഫോട്ടോ ആപ്പുകളുടെ ഒരു രീതി ശാസ്ത്രം. കൗതുകവും പിന്നെ കാലങ്ങളായി മനസിൽ കൊണ്ടുനടന്ന സൗന്ദര്യ സങ്കൽപ്പങ്ങളോടുള്ള കൊതിയും ഒക്കെയാണ് ആളുകളെ ഈ ട്രെൻഡുകളിലേക്ക് ആകർഷിക്കുന്നത്.
പക്ഷേ തമാശയ്ക്കും കൗതുകത്തിനും അൽപ്പനേരത്തെ രസത്തിനുമപ്പുറം ഈ ആപ്പുകൾ ഉയർത്തുന്ന സ്വകാര്യതാ ഭീഷണി വലുതാണ്. എഐ ടൂളുകളെ മെച്ചപ്പെടുത്താൻ ആവശ്യമായ ഡാറ്റയാണ് വളരെ സൗജന്യമായി നമ്മളീ ആപ്പുകൾക്ക് തീറെഴുതി കൊടുക്കുന്നത്. എത്ര പേർ ആപ്പ് ഉപയോഗിക്കുന്നോ അത്രയും മുഖങ്ങളെ എഐക്ക് പഠിക്കാൻ കിട്ടും. അങ്ങനെ സാങ്കേതിക വിദ്യ മെച്ചപ്പെടും. ഇപ്പോഴത്തേതിനേക്കാൾ മികച്ച എഡിറ്റുകൾ അങ്ങനെ ഭാവിയിൽ സാധ്യമാകും. അങ്ങനെ വരുമ്പോള്‍ റിയലും വെർച്വലും കണ്ടാൽ തിരിയാത്ത കാലം വരുമെന്നുറപ്പാണ്. എന്നാല്‍ തൽക്കാലം അതിനെക്കുറിച്ചാലോചിച്ച് തല ചൂടാക്കാതെ ട്രെന്‍ഡിനൊപ്പം നമ്മുക്കുമിടാം ഒരു പുത്തൻ സ്റ്റാറ്റസ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം