ആകാശ വിസ്‍മയം ദൃശ്യമായി തുടങ്ങി; വലയ സൂര്യഗ്രഹണം പൂര്‍ണ്ണമായി കാണാനാകുക വടക്കന്‍ കേരളത്തില്‍

By Web Team  |  First Published Dec 26, 2019, 6:17 AM IST

സൗദി അറേബ്യ, ഖത്തർ, യുഎഇ, ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ് ,ഇന്തോനേഷ്യ, മലേഷ്യ, സിംഗപ്പൂർ എന്നീ രാജ്യങ്ങളിൽ  വലയഗ്രഹണം ദൃശ്യമാകും.


തിരുവനന്തപുരം: ശാസ്ത്രകുതുകികൾ ആകാംഷയോടെ കാത്തിരുന്ന വലയ സൂര്യഗ്രഹണം ദൃശ്യമായി തുടങ്ങി. ഒന്‍പതരയോടെ വലയ ഗ്രഹണം പൂര്‍ണ്ണമായി ദൃശ്യമാകും. സൗദി അറേബ്യ മുതൽ പടിഞ്ഞാറൻ ശാന്തസമുദ്രത്തിലെ ഗുവാം വരെയുള്ള പ്രദേശങ്ങളിലാണ് വലയ സൂര്യഗ്രഹണം ദൃശ്യമാകുക. തെക്കൻ കർണ്ണാടകത്തിലും, വടക്കൻ കേരളത്തിലും, മദ്ധ്യതമിഴ്നാട്ടിലും ഇന്ത്യയിൽ വലയ ഗ്രഹണം ദൃശ്യമാകും. 

കൂടുതൽ വായനയ്ക്ക്: വലയ ഗ്രഹണം കാണാം; ആശങ്കകളില്ലാതെ, വിപുലമായ ഒരുക്കങ്ങളുമായി കേരളവും

Latest Videos

undefined

രാവിലെ എട്ട് മണിയോടെയാണ് കേരളത്തിൽ ഗ്രഹണം കണ്ട് തുടങ്ങിയത്. ഒമ്പതരയോടെ വലയ ഗ്രഹണം പാരമ്യത്തിലെത്തും. പതിനൊന്നരയോടെ ഗ്രഹണം അവസാനിക്കും. കേരളത്തിന്‍റെ വടക്കൻ ഭാഗങ്ങളിൽ വലയസൂര്യഗ്രഹണമായും തെക്കൻ ഭാഗങ്ങളിൽ ഭാഗിക ഗ്രഹണമായും ഈ അപൂ‌ർവ്വ പ്രതിഭാസം കാണാൻ കഴിയും. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്  ജില്ലകളിലും  മലപ്പുറത്തിന്‍റെയും പാലക്കാടിന്‍റെയും ഭൂരിഭാഗം പ്രദേശങ്ങളിലും വലയ ഗ്രഹണം പൂർണ്ണ തോതിൽ ആസ്വദിക്കാം, തൃശ്ശൂർ മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ ഭാഗിക ഗ്രഹണമായിരിക്കും കാണാനാവുക. കേരളത്തിൽ ഏതൊരിടത്തും സൂര്യബിംബത്തിന്റെ 87 – 93 ശതമാനം വരെയും മറയും.  

വലയഗ്രഹണം കാണാനുള്ള വിപുലമായ തയ്യാറെടുപ്പുകളാണ് സംസ്ഥാനത്ത് നടത്തിയിട്ടുള്ളത്. സ്കൂളുകളും കോളേജുകളും, ശാസ്ത്രസാങ്കേതിക മ്യൂസിയവും, കേരള ശാസ്ത്രസാഹിത്യ പരിഷത്തും ജില്ലാ ഭരണകൂടങ്ങളുമെല്ലാം ഗ്രഹണം കാണുവാൻ പ്രത്യേക ഒരുക്കങ്ങൾ നടത്തിയിട്ടുണ്ട്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയം, കുറവിലങ്ങാട് ദേവമാതാ കോളേജ് മൈതാനം, ചാലക്കുടി പനമ്പിള്ളി മെമ്മോറിയൽ കോളേജ് മൈതാനം, പുറമേരി  നാദാപുരം രാജാസ് ഹയർസെക്കണ്ടറി സ്കൂൾ മൈതാനം  എന്നിവിടങ്ങളിൽ കേരള  ശാസ്ത്രസാങ്കേതിക മ്യൂസിയത്തിന്‍റെ ആഭിമുഖ്യത്തിൽ ഗ്രഹണം വീക്ഷിക്കാനുള്ള പ്രത്യേക സൗകര്യം ‍ഒരുക്കിയിട്ടുള്ളത്. 

ഒരു കാരണവശാലും നഗ്നനേത്രങ്ങൾ കൊണ്ട് സൂര്യഗ്രഹണം കാണുവാൻ ശ്രമിക്കരുത്. ബൈനോക്കലറുകളിലൂടെയോ, ടെലിസ്കോപ്പിലൂടെയോ നേരിട്ട് സൂര്യനെ നോക്കരുത്. കൂളിംഗ് ഗ്ലാസ് വച്ചോ, എക്സ്റേ ഷീറ്റുകളിലൂടെയോ ഗ്രഹണം കാണുന്നതും സുരക്ഷിതമല്ല. എക്സ്റേ ഷീറ്റുകൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ തന്നെ ഷീറ്റിലെ ഇരുണ്ട ഭാഗത്തിന്റെ ( ചിത്രം പതിയാത്ത ഭാഗം ) പല ഷീറ്റുകൾ അടുക്കി വച്ച് വേണം നോക്കാൻ. അധികം നേരം ഈ രീതിയുപയോഗിച്ച് സൂര്യനെ നോക്കരുത്,  മൊബൈൽ ക്യാമറയിലൂടെ ഗ്രഹണത്തിന്റെ ചിത്രം പക‌‌ർത്താൻ ശ്രമിക്കുന്നതും അഭിലക്ഷിണീയമല്ല. ഇങ്ങനെ പക‌ർത്താൻ ശ്രമിക്കുമ്പോൾ സൂര്യനെ നേരിട്ട് നോക്കാൻ സാധ്യത കൂടുതലാണെന്നതിനാലാണ് മുന്നറിയിപ്പ്. 

പിൻഹോൾ ക്യാമറകളാണ് ഗ്രഹണം കാണുന്നതിനുള്ള എറ്റവും അഭികാമ്യമായ രീതി. മൈലാർ ഷീറ്റുപയോഗിച്ചുള്ള സൗരകണ്ണടകൾ ഇതിനായി ഉപയോഗിക്കാവുന്നതാണെങ്കിലും ഗുണനിലവാരം ഉറപ്പാക്കിയ ശേഷമേ ഉപയോഗിക്കാവൂ. ഉയർന്ന നിലവാരത്തിലുള്ള വെൽഡേഴ്സ് ഗ്ലാസും ഇതിനായി ഉപയോഗിക്കാവുന്നതാണെങ്കിലും പാളി നോക്കുവാൻ മാത്രമേ പാടുള്ളൂ തുടർച്ചയായി ഇതിലൂടെ സൂര്യനെ നിരീക്ഷിക്കുന്നത് അപകടകരമാണ്. 12,13, 14 ഷേഡുകളിലുള്ള വെൽഡേഴ്സ് ഗ്ലാസ് മാത്രമേ ഇതിനായി ഉപയോഗിക്കാവൂ. 

click me!