വലയ ഗ്രഹണം കാണാം; ആശങ്കകളില്ലാതെ, വിപുലമായ ഒരുക്കങ്ങളുമായി കേരളവും

By Web Team  |  First Published Dec 25, 2019, 6:37 PM IST

വലയ സൂര്യ​​ഗ്രഹണമെന്ന അപൂ‌ർവ്വ പ്രതിഭാസം കാണാനുള്ള തയ്യാറെടുപ്പിലാണ് കേരളം. ഡിസംബ‌‌‌‌ർ 26ന് രാവിലെ എട്ട് മണിക്കും 11 മണിക്കും ഇടയിലായിരിക്കും ​ഗ്രഹണം കേരളത്തിൽ ദൃശ്യമാകുക. 


ഒരു മനുഷ്യായുസിൽ അപൂർവ്വമായി സംഭവിക്കുന്ന വലയ സൂര്യഗ്രഹണം കാണുവാനുള്ള തയ്യാറെടുപ്പിലാണ് കേരളം. ഈ അവസരം നഷ്ടപ്പെടുത്തിയാൽ ഇനി 2031 വരെ കാത്തിരിക്കേണ്ടി വരും. അത് കൊണ്ട് ഈ അവസരം പാഴാക്കാതിരിക്കുക. ഗ്രഹണവുമായി ബന്ധപ്പെട്ട് അറിയേണ്ട അടിസ്ഥാന കാര്യങ്ങൾ ചുവടെ ചേർക്കുന്നു. 

എന്താണ് ​ഗ്രഹണം?

Latest Videos

undefined

ചന്ദ്രൻ ഭൂമിയുടെ ഏക സ്വാഭാവിക ഉപ​ഗ്രഹമാണെന്നും സ്കൂൾ കാലഘട്ടത്തിൽ തന്നെ പഠിച്ചവരാണ് നമ്മൾ. ചന്ദ്രൻ ഭൂമിയെയും ഭൂമി സൂര്യനെയും ചുറ്റിക്കൊണ്ടിരിക്കുകയാണെന്നും നമ്മൾ ചെറിയ ക്ലാസുകളിൽ തന്നെ പഠിച്ചവരാണ്. ഈ ചുറ്റലിനിടെ ഭൂമിക്കും സൂര്യനും ഇടയിൽ ചന്ദ്രൻ വരുന്നത് മൂലം അൽപ്പനേരത്തേക്ക് സൂര്യബിംബം മറയ്ക്കപ്പെടുന്ന പ്രതിഭാസമാണ് സൂര്യ​ഗ്രഹണം. ചന്ദ്രൻ പൂർണ്ണമായും സുൂര്യനെ മറച്ചാൽ അത് പൂർണ്ണ ഗ്രഹണം. ചന്ദ്രൻ ഭൂമിയേക്കാൾ ചെറുതായതിനാൽ ചന്ദ്രന്‍റെ നിഴൽ പതിക്കുന്ന മേഖലകളിലും അതിന് ചുറ്റുമുള്ള കുറച്ച് പ്രദേശങ്ങളിലും മാത്രമാണ് ഗ്രഹണം കാണാൻ കഴിയുക. ഒരേ സമയം ഭൂമിയിലെ എല്ലായിടങ്ങളിലും ഗ്രഹണം അനുഭവപ്പെടില്ല.

വലയ​ഗ്രഹണം

ദീ‌ർഘവൃത്താകൃതിയിലാണ് ചന്ദ്രൻ ഭൂമിയെ ചുറ്റുന്നത്. അത് കൊണ്ട് തന്നെ ഭൂമിയിൽ നിന്ന ചന്ദ്രനിലേക്കുള്ള ദൂരം ഭ്രമണത്തിനിടെ കൂടുകയും കുറയുകയും ചെയ്യും. ഇതിന് അനുസൃതമായി ഭൂമിയിൽ നിന്ന് നോക്കുന്ന ആൾക്ക് ചന്ദ്രന്റെ വലിപ്പവും മാറുന്നതായി തോന്നും, ഭൂമിയിൽ നിന്ന് ചന്ദ്രൻ കൂടുതൽ അകന്ന് നിൽക്കുന്ന സമയത്താണ് ഗ്രഹണമെങ്കിൽ ചന്ദ്രനും സൂര്യനും നേർരേഖയിൽ വന്നാലും സൂര്യബിംബം മുഴുവനായി മറയ്ക്കപ്പെടില്ല. ചന്ദ്രന് ചുറ്റും ഒരു പ്രകാശ വലയം ബാക്കിയാകും. ഇതാണ് വലയ ഗ്രഹണം. 

എവിടെയൊക്കെ കാണാം?

സൗദി അറേബ്യ മുതൽ പടിഞ്ഞാറൻ ശാന്ത സമുദ്രത്തിലെ ഗുവാം വരെയുള്ള പ്രദേശങ്ങളിലാണ് ഡിസംബർ 26ന്  ഗ്രഹണം കാണാൻ കഴിയുന്നത്. കേരളത്തിന്‍റെ വടക്കൻ ഭാഗങ്ങളിൽ വലയസൂര്യഗ്രഹണമായും തെക്കൻ ഭാഗങ്ങളിൽ ഭാഗിക ഗ്രഹണമായും ഈ അപൂ‌വ്വ പ്രതിഭാസം കാണാൻ കഴിയും. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്  ജില്ലകളിലും  മലപ്പുറത്തിന്‍റെയും പാലക്കാടിന്‍റെയും ഭൂരിഭാഗം പ്രദേശങ്ങളിലും വലയ ഗ്രഹണം പൂർണ്ണ തോതിൽ ആസ്വദിക്കാം, തൃശ്ശൂർ മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ ഭാഗിക ഗ്രഹണമായിരിക്കും കാണാനാവുക. കേരളത്തിൽ ഏതൊരിടത്തും സൂര്യബിംബത്തിന്റെ 87 – 93 ശതമാനം വരെയും മറയും.  ധാരാളം അന്ധവിശ്വാസങ്ങളും, കപടശാസ്ത്രധാരണകളും സൂര്യഗ്രഹണത്തെ പറ്റി പ്രചാരത്തിലുണ്ടെങ്കിലും ഇവയൊന്നും കാര്യമാക്കാതെ ആഘോഷമാക്കേണ്ടതാണ് ഈ അപൂർവ്വ പ്രതിഭാസം. 

  സ്ഥലം 

ഗ്രഹണം

തുടങ്ങുന്ന

സമയം

ഗ്രഹണം പൂർണ്ണതയിലെത്തുന്ന സമയം അവസാനിക്കുന്നത്  ഗ്രഹണ
പൂർണ്ണത
തിരുവനന്തപുരം  08:07 09:30 11:11 0.91
2 കൊല്ലം  08:06 09:29 11:10 0.92
3 ആലപ്പുഴ  08:06 09:28 11:09 0.93
4 പത്തനംതിട്ട  08:06 09:29 11:11 0.93
5 കോട്ടയം  08:06 09:29 11:10 0.93
6 ഇടുക്കി  08:06 09:29 11:11 0.95
7 എറണാകുളം  08:06 09:28 11:09 0.94
8 തൃശൂർ  08:05 09:28 11:08 0.95
9 പാലക്കാട്  08:06 09:28 11:09 0.97
10 മലപ്പുറം 08:06 09:29 11:11 0.97
11 കോഴിക്കോട്  08:05 09:27 11:08 0.97
12 വയനാട് 08:05 09:27 11:07 0.98
13 കണ്ണൂർ  08:04 09:26 11:05 0.98
14 കാസറഗോഡ്  08:04 09:25 11:04 0.98

(കടപ്പാട് : ലൂക്ക ) 

 

വലയഗ്രഹണം കാണുംമുമ്പ് അറിയേണ്ടതെന്തൊക്കെ? വൈശാഖന്‍ തമ്പി പറയുന്നു : വീഡിയോ കാണാം


എങ്ങനെ കാണാം? എങ്ങനെ കാണരുത്

ഒരു കാരണവശാലും ന​ഗ്നനേത്രങ്ങൾ കൊണ്ട് സൂര്യ​ഗ്രഹണം കാണുവാൻ ശ്രമിക്കരുത്. ബൈനോക്കലറുകളിലൂടെയോ, ടെലിസ്കോപ്പിലൂടെയോ നേരിട്ട് സൂര്യനെ നോക്കരുത്. കൂളിംഗ് ഗ്ലാസ് വച്ചോ, എക്സ്റേ ഷീറ്റുകളിലൂടെയോ ഗ്രഹണം കാണുന്നതും സുരക്ഷിതമല്ല. എക്സ്റേ ഷീറ്റുകൾ ഉപയോ​ഗിക്കുന്നുണ്ടെങ്കിൽ തന്നെ ഷീറ്റിലെ ഇരുണ്ട ഭാ​ഗത്തിന്റെ ( ചിത്രം പതിയാത്ത ഭാ​ഗം ) പല ഷീറ്റുകൾ അടുക്കി വച്ച് വേണം നോക്കാൻ. അധികം നേരം ഈ രീതിയുപയോ​ഗിച്ച് സൂര്യനെ നോക്കരുത്,  മൊബൈൽ ക്യാമറയിലൂടെ ​ഗ്രഹണത്തിന്റെ ചിത്രം പക‌‌ർത്താൻ ശ്രമിക്കുന്നതും അഭിലക്ഷിണീയമല്ല. ഇങ്ങനെ പക‌ർത്താൻ ശ്രമിക്കുമ്പോൾ സൂര്യനെ നേരിട്ട് നോക്കാൻ സാധ്യത കൂടുതലാണെന്നതിനാലാണ് മുന്നറിയിപ്പ്. 

പിൻഹോൾ ക്യാമറകളാണ് ഗ്രഹണം കാണുന്നതിനുള്ള എറ്റവും അഭികാമ്യമായ രീതി. മൈലാർ ഷീറ്റുപയോഗിച്ചുള്ള സൗരകണ്ണടകൾ ഇതിനായി ഉപയോഗിക്കാവുന്നതാണെങ്കിലും ഗുണനിലവാരം ഉറപ്പാക്കിയ ശേഷമേ ഉപയോഗിക്കാവൂ. 

ഉയർന്ന നിലവാരത്തിലുള്ള വെൽഡേഴ്സ് ഗ്ലാസും ഇതിനായി ഉപയോഗിക്കാവുന്നതാണെങ്കിലും പാളി നോക്കുവാൻ മാത്രമേ പാടുള്ളൂ തുടർച്ചയായി ഇതിലൂടെ സൂര്യനെ നിരീക്ഷിക്കുന്നത് അപകടകരമാണ്. 12,13, 14 ഷേഡുകളിലുള്ള വെൽഡേഴ്സ് ​ഗ്ലാസ് മാത്രമേ ഇതിനായി ഉപയോഗിക്കാവൂ. 

ശാസ്ത്രലേഖകൻ ഡോ രാജഗോപാൽ കമ്മത്ത് പറയുന്നത് കേൾക്കാം

വേണ്ട അന്ധവിശ്വാസങ്ങളും അബദ്ധധാരണകളും

ഒരു മനുഷ്യായുസിൽ സുര്യഗ്രഹണം നിരീക്ഷിക്കാൻ കഴിയുക വല്ലപ്പോഴുമാണ്, എങ്കിലും ഗ്രഹണവുമായി ബന്ധപ്പെട്ട് ഈ 21ആം നൂറ്റാണ്ടിലും ധാരാളം അന്ധവിശ്വാസങ്ങൾ പ്രചരിക്കുന്നുണ്ട്.  ഗ്രഹണസമയത്ത് പുറത്തിറങ്ങുന്നത് കൊണ്ടോ ഭക്ഷണം കഴിക്കുന്നത് കൊണ്ടോ യാതൊരു വിധയ പ്രശ്നവുമില്ല.  

ഗ്രഹണസമയത്ത് അൾട്രാവയലറ്റ് രശ്മികൾ ഹാനിവരുത്തുമെന്നാണ് പുറത്തിറങ്ങാതിരിക്കാൻ ചിലർ പറയുന്ന കാരണം. എന്നാൽ അൾട്രാവയലറ്റ് കിരണങ്ങൾ എല്ലാ സമയത്തും ഭൂമിയിലേക്കെത്തുന്നുണ്ടെന്നതിനാൽ ആ പേടി വേണ്ടേ വേണ്ട. ഗ്രഹണസമയത്ത് സൂര്യപ്രകാശമില്ലാത്തതിനാൽ അന്തരീക്ഷത്തിൽ അണുക്കൾ പെറ്റുപെരുകുമെന്നും ഇത് ഭക്ഷണത്തിലും ജലസ്രോതസ്സുകളിലും കലരുമെന്നും പറയുന്നവരുണ്ട്. സൂര്യനസ്തമിച്ച് കഴിഞ്ഞ് രാത്രിയിൽ ഉണ്ടാകാത്ത ഒരു അണുവും  ഗ്രഹണസമയത്ത് ഉണ്ടാകില്ല. 

ഗ്രഹണസമയത്ത് മൃഗങ്ങളുടെ സ്വഭാവം മാറുമെന്ന് പറയുന്നതിൽ അൽപം കാര്യമുണ്ട്. മനുഷ്യനോളം ചിന്താശേഷിയില്ലാത്ത ജീവികൾക്ക് ഗ്രഹണമെന്തെന്ന് മനസിലാക്കാൻ ആവാത്തതിനാൽ പകൽ സമയത്ത് പെട്ടന്ന് ഇരുട്ട് പരക്കുന്നത് അവയെ അസ്വസ്ഥരാക്കിയേക്കാം. ഇതിനപ്പുറം ഈ പറഞ്ഞ അന്ധവിശ്വാസങ്ങളിൽ കഴമ്പൊന്നുമില്ല.
 

click me!