ഏറെ പരിമിതികളും വെല്ലുവിളികളും കടന്നാണ് ഇസ്റോ ഇന്നത്തെ നിലയിലേക്ക് വളർന്നത്. തുമ്പയിലെ സൗണ്ടിംഗ് റോക്കറ്റ് വിക്ഷേപണങ്ങളിൽ നിന്ന് തുടങ്ങിയ ഇസ്റോ ഇന്ന് ഒരു വിക്ഷേപണത്തിൽ നൂറ് ഉപഗ്രഹങ്ങളെ വിക്ഷേപിച്ച് റെക്കോഡിട്ട ബഹിരാകാശ ഏജൻസിയാണ്.
ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രമായ ഐഎസ്ആർഒ സ്ഥാപിക്കപ്പെട്ടിട്ട് ഇന്ന് 50 വർഷമാകുകയാണ്. 1969 ആഗസ്റ്റ് 15നാണ് ഇസ്റോ രൂപീകൃതമാകുന്നത്, ചന്ദ്രയാൻ രണ്ടിന്‍റെ വിജയത്തിലൂടെ 50-ാം പിറന്നാൾ ആഘോഷിക്കാൻ കാത്തിരിക്കുകയാണ് ഇസ്റോയും രാജ്യവും.
മനുഷ്യനെ ബഹിരാകാശത്തെത്തിക്കുവാൻ കോപ്പ് കൂട്ടുന്ന, സൂര്യനിലേക്ക് പേടകമയക്കാൻ പോകുന്ന ഇസ്റോ ഇന്ന് വികസിത രാജ്യങ്ങളുടെ ബഹിരാകാശ ഗവേഷണ സ്ഥാപനങ്ങളെപ്പോലും അസൂയപ്പെടുത്തുന്ന നേട്ടങ്ങൾക്കുടമയാണ്. എറ്റവും കുറഞ്ഞ ചെലവിൽ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്ന 'കോസ്റ്റ് എഫക്ടീവ്' എന്ന വാക്കിന്‍റെ അക്ഷരാർഥത്തിലുള്ള പര്യായമാണ്.
undefined
വൻകിട ഹോളിവുഡ് സിനിമകളെക്കാൾ കുറഞ്ഞ ചെലവിൽ ചന്ദ്രനിലേക്കും ചൊവ്വയിലേക്കും ദൗത്യങ്ങളയച്ച് ലോകത്തെ വിസ്മയിപ്പിച്ച ഇന്ത്യൻ സ്പേസ് റിസേർച്ച് ഓർഗനൈസേഷന്‍റെ ചരിത്രമാരംഭിക്കുന്നത്. പക്ഷേ 1969 ആഗസ്റ്റ് 15 എന്ന തീയതിയിൽ നിന്നല്ല,
1957-ലെ റഷ്യയുടെ സ്പുട്നിക് വിക്ഷേപണത്തോടെ ബഹിരാകാശ ഗവേഷണത്തിന്‍റെ സാധ്യതകളെക്കുറിച്ച് ഇന്ത്യ ഗൗരവമായി ചിന്തിക്കാൻ തുടങ്ങുന്നത്. മാറുന്ന കാലത്തിനും സാങ്കേതിക വിദ്യക്കുമൊപ്പം പിടിച്ച് നിൽക്കുകയും മുന്നേറുകയും വേണമെങ്കിൽ ബഹിരാകാശ ഗവേഷണ രംഗത്ത് ഗൗരവമായി ഇടപെടണമെന്ന് തിരിച്ചറിഞ്ഞ അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ഇതിനായി ഹോമി ജെ ഭാഭയെ ചുമതലപ്പെടുത്തി. ഹോമി ജെ ഭാഭ വിക്രം സാരാഭായിയെ പദ്ധതിയിലേക്ക് കൊണ്ട് വന്നു.
അങ്ങനെ 1962 ഫെബ്രുവരി 16ന് ഇന്ത്യൻ നാഷണൽ കമ്മിറ്റി ഫോർ സ്പേസ് റിസർച്ച്, എന്ന ഇൻകോസ്പാർ നിലവിൽ വന്നു. ആണവോർജ്ജ വകുപ്പിന് കീഴിലായിരുന്നു ഇൻകോസ്പാർ അന്ന്. ഡോ ഹോമി ജെ ഭാഭ ആയിരുന്നു അന്ന് ആണവോർജ്ജ വകുപ്പിന്‍റെ ഡയറക്ടർ. നമ്മുടെ തുമ്പയിൽ റോക്കറ്റ് ലോഞ്ചിംഗ് സ്റ്റേഷൻ നിർമ്മിച്ചതും 1963 നവംബർ 23ന് ആദ്യ സൗണ്ടിംഗ് റോക്കറ്റായ നൈക്ക് അപ്പാച്ചെ റോക്കറ്റ് വിക്ഷേപിച്ചതുമെല്ലാം ഇൻകോസ്പാറാണ്. ബഹിരാകാശ ഗവേഷണം ആണവോർജ്ജ വകുപ്പന് കീഴിലെ ഒരു കമ്മിറ്റിയിൽ ഒതുങ്ങി നിന്നാൽ പോര എന്ന സാരാഭായിയുടെ ദീർഘവീക്ഷണം 1969ൽ ഐഎസ്ആർഒയ്ക്ക് ജന്മം നൽകി.
വിക്രം സാരാഭായ് തന്നെയായിരുന്നു ആദ്യ ചെയർമാൻ, സോവിയറ്റ് യൂണിയനെയൊ അമേരിക്കയെയോ പോലെ ബഹിരാകാശ ഗോളങ്ങളിലേക്ക് പര്യവേക്ഷണം നടത്തുകയായിരുന്നില്ല ഇസ്റോയുടെ സ്ഥാപിത ലക്ഷ്യം. ബഹിരാകാശ സാങ്കേതിക വിദ്യയിലൂടെ രാജ്യത്തിനും ഇവിടുത്തെ സാധാരണക്കാരനും ഗുണമുണ്ടാക്കുകയെന്നതായിരുന്നു അത്. ഇപ്പോൾ ചന്ദ്രനിലേക്കും ചൊവ്വയിലേക്കും നമ്മൾ കുതിപ്പ് നടത്തുമ്പോഴും ആത്യന്തിക ലക്ഷ്യം ഇതിൽ നിന്നെല്ലാം ലഭിക്കുന്ന വിവരങ്ങൾ രാജ്യത്തിന്‍റെ ഉന്നമനത്തിനായി ഉപയോഗിക്കുയെന്നതാണ്. ഇൻസാറ്റും ജിസാറ്റും ഐആർഎൻഎസ്എസുമെല്ലാം ആ ലക്ഷ്യം തന്നെയാണ് നിർവഹിക്കുന്നതും.
ഏറെ പരിമിതികളും വെല്ലുവിളികളും കടന്നാണ് ഇസ്റോ ഇന്നത്തെ നിലയിലേക്ക് വളർന്നത്. തുമ്പയിലെ സൗണ്ടിംഗ് റോക്കറ്റ് വിക്ഷേപണങ്ങളിൽ നിന്ന് തുടങ്ങിയ ഇസ്റോ ഇന്ന് ഒരു വിക്ഷേപണത്തിൽ നൂറ് ഉപഗ്രഹങ്ങളെ വിക്ഷേപിച്ച് റെക്കോഡിട്ട ബഹിരാകാശ ഏജൻസിയാണ്. സ്വന്തമായി ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനുള്ള ശേഷി നേടിയെടുക്കുകയെന്നത് തുടക്കകാലത്ത് വളരെ വലിയ വെല്ലുവിളിയായിരുന്നു.
എസ്എൽവികളിൽ നിന്നാണ് ഇന്ത്യയുടെ വിക്ഷേപണ വാഹനങ്ങളുടെ കഥ തുടങ്ങുന്നത്. 1979ൽ നടത്തിയ എസ്എൽവി ത്രീയുടെ ആദ്യ വിക്ഷേപണം വൻ പരാജയമായിരുന്നു. ഒരു വർഷം കൊണ്ട് ഇസ്റോ പരാജയത്തെ വിജയകരമാക്കി. 1980 ജൂലൈ 18ന് രോഹിണി 1ബി എസ്എൽവി ത്രീ വിജയകരമായി ബഹിരാകാശത്തെത്തിച്ചു. പിന്നീട് കൂടുതൽ ശേഷിയുള്ള ആഗ്മെന്‍റഡ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളുകളിലേക്കും അവിടെ നിന്ന് ഇന്ത്യയുടെ എക്കാലത്തെയും വിശ്വസ്ത വിക്ഷേപണ വാഹനമായ പിഎസ്എൽവിയിലേക്കും ഇന്ത്യ വളർന്നു. ജിഎസ്എൽവിയിലൂടെ കൂടുതൽ ഉയരങ്ങൾ ഇസ്രോയുടെ കൈപ്പിടിയിലൊതുങ്ങി.
വികാസ് എഞ്ചിനും ക്രയോജനിക് സാങ്കേതിക വിദ്യയുമെല്ലാം ഇന്ന് ഇസ്റോയ്ക്ക് സ്വന്തം. ഇതിനിടയിൽ എത്രയോ തവണ പരാജയങ്ങളേറ്റു വാങ്ങിയെങ്കിലും ഓരോ പരാജയവും ചവിട്ടുപടിയാക്കി ഇസ്രോ മുന്നേറി. ആദ്യ ശ്രമത്തിൽ തന്നെ ചൊവ്വയെ തൊട്ട രാജ്യമായി ഇന്ത്യ മാറി. ഇപ്പോഴിതാ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്താനൊരുങ്ങുന്നു.
ശുക്രയാനും സ്വന്തം ബഹിരാകാശ നിലയവുമൊക്കെയായി ഇസ്റോയുടെ ഭാവി പദ്ധതികൾ ഒരുങ്ങുന്നുണ്ട്, കാത്തിരിക്കാം ആകാംക്ഷയോടെ.