മണ്ടത്തരം പറഞ്ഞ ട്രംപിനെ ബഹിരാകാശത്ത് നിന്നും തിരുത്തി ആ വനിത

By Web Team  |  First Published Oct 21, 2019, 12:41 PM IST

എന്നാല്‍ ഈ ഫോണ്‍ വിളിയില്‍ ട്രംപിന് പറ്റിയ മണ്ടത്തരവും അത് തിരുത്തിക്കൊടുത്ത ബഹിരാകാശ യാത്രികയുടെ വാക്കുകളും ഇപ്പോള്‍ അമേരിക്കയില്‍ ചര്‍ച്ചയാകുകയാണ്.


ന്യൂയോര്‍ക്ക്: അസാധാരണമായ നേട്ടം സ്വന്തമാക്കി രണ്ടു അമേരിക്കൻ വനിതകൾ ബഹിരാകാശത്ത് ചരിത്രനടത്തം വിജയകരമായി പൂർത്തിയാക്കിയത്. നാസയുടെ ബഹിരാകാശ യാത്രികരായ ജെസീക്ക മെയർ, ക്രിസ്റ്റിന കോക്ക് എന്നിവരാണ് ആകാശത്തെ കാൽകീഴിലാക്കി വനിതകൾ മാത്രമുള്ള ആദ്യ ബഹിരാകാശ നടത്തത്തിന്‍റെ റെക്കോർഡ് സ്വന്തമാക്കിയത്. വെള്ളിയാഴ്ച നടന്ന സംഭവത്തിന് ശേഷം അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാല്‍ഡ് ട്രംപ് ഇരുവരെയും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ഫോണ്‍ വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു.

എന്നാല്‍ ഈ ഫോണ്‍ വിളിയില്‍ ട്രംപിന് പറ്റിയ മണ്ടത്തരവും അത് തിരുത്തിക്കൊടുത്ത ബഹിരാകാശ യാത്രികയുടെ വാക്കുകളും ഇപ്പോള്‍ അമേരിക്കയില്‍ ചര്‍ച്ചയാകുകയാണ്. പ്രസിഡന്‍റിന് ഇവര്‍ എന്ത് നേട്ടമാണ് ഉണ്ടാക്കിയതെന്ന് വ്യക്തമായി അറിയില്ലായിരുന്നു എന്നാണ് സാമൂഹ്യമാധ്യമങ്ങളിലെ വിമര്‍ശനം. ‘ഒരു സ്ത്രീ ബഹിരാകാശ നിലയത്തിനു പുറത്തിറങ്ങുന്നത് ഇത് ആദ്യമായാണ്,’ എന്നാണ് ഡൊണാൾഡ് ട്രംപ് തെറ്റായി പറഞ്ഞത്. 

Latest Videos

undefined

എന്നാല്‍ സത്യത്തില്‍  പെൺ സാന്നിധ്യം നിലയത്തിന് പുറത്ത് എത്തുന്നത് ഇതാദ്യമല്ല. ഇതുവരെ 15 വനിതകൾ പുറത്ത് നടന്നിട്ടുണ്ട്. പക്ഷേ അപ്പോഴെല്ലാം പുരുഷനും കൂടെയുണ്ടായിരുന്നു.  ക്രിസ്റ്റീന കോച്ച് മാർച്ചിലാണ് നിലയത്തിൽ എത്തിയത്. ഇതുവരെ മൂന്ന് തവണ നിലയത്തിന് പുറത്ത് നടന്നു. ജസീക്ക മെയർ ആഴ്ചകൾക്ക് മുമ്പ് മാത്രമാണ് നിലയത്തിൽ എത്തിയത്. 1984 ൽ ബഹിരാകാശ നടത്തം നടത്തിയ റഷ്യൻ ബഹിരാകാശയാത്രികയായ സ്വെറ്റ്‌ലാന സാവിറ്റ്‌സ്കായണ് ആദ്യമായി ബഹിരാകാശ നടത്തം നടത്തിയ വനിത.

എന്നാല്‍ പ്രസിഡന്‍റിന്‍റെ വാക്കുകള്‍ തിരുത്തി കൊടുക്കാന്‍ തയ്യാറായത് ജെസീക്ക മെയറായിരുന്നു. കുറേ ക്രെഡിറ്റ് എടുക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല, ഇതിനു മുൻപ് മറ്റ് നിരവധി വനിതാ ഗവേഷകർ ബഹിരാകാശ നടത്തം നടത്തിയിട്ടുണ്ട്. എന്നാൽ ഒരേ സമയം രണ്ട് സ്ത്രീകൾ പുറത്ത് ഉണ്ടായിരിക്കുന്നത് ഇതാദ്യമാണെന്ന് ട്രംപിനോട് മേയർ പറഞ്ഞു.

click me!