രാജസ്ഥാനിലെ ജയ്പൂരിൽ നിന്നുള്ള വിദ്യാർത്ഥികൾക്കാണ് ദുരവസ്ഥയുണ്ടായതെന്ന് വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്യുന്നു. ജയ്പൂർ എസ്എംഎസ് ഹോസ്പിറ്റലിലെ നേത്രരോഗ വിഭാഗത്തിലാണ് കുട്ടികൾ ചികിത്സ തേടിയിരിക്കുന്നത്.
ജയ്പൂർ: ഡിസംബർ 26ന് ഇന്ത്യയിൽ ദൃശ്യമായ വലയ സൂര്യഗ്രഹണം നഗ്നനേത്രങ്ങൾ കൊണ്ട് കണ്ട 15 വിദ്യാർത്ഥികളുടെ കാഴ്ചയ്ക്ക് ഗുരുതര തകരാർ സംഭവിച്ചതായി റിപ്പോർട്ട്. രാജസ്ഥാനിലെ ജയ്പൂരിൽ നിന്നുള്ള വിദ്യാർത്ഥികൾക്കാണ് ദുരവസ്ഥയുണ്ടായതെന്ന് വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്യുന്നു. പത്തിനും ഇരുപതിനും ഇടയിൽ പ്രായമുള്ള വിദ്യാർത്ഥികൾക്കാണ് കണ്ണിന് സാരമായി പരിക്കേറ്റതെന്നാണ് റിപ്പോർട്ട്
ജയ്പൂർ എസ്എംഎസ് ഹോസ്പിറ്റലിലെ നേത്രരോഗ വിഭാഗത്തിലാണ് കുട്ടികൾ ചികിത്സ തേടിയിരിക്കുന്നത്. മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെ സൂര്യഗ്രഹണം കാണാൻ ശ്രമിച്ചതാണ് കുട്ടികളുടെ കാഴ്ചയെ ബാധിച്ചതെന്നും ഇത്തരം 15 കേസുകൾ ആശുപത്രിയിലെത്തിയതായും നേത്രരോഗ വിഭാഗം തലവൻ കമലേഷ് ഖിൽനാനി പറഞ്ഞതായി ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു. സൂര്യഗ്രഹണം നേരിട്ട് വീക്ഷിച്ചത് മൂലം ഇവരുടെ റെറ്റിനയ്ക്ക് സാരമായി പൊള്ളലേറ്റതായും പൂർണ്ണമായും കാഴ്ച തിരിച്ച് കിട്ടില്ലെന്നും ഡോക്ടർ പറയുന്നു. മൂന്ന് മുതൽ ആറാഴ്ച വരെ നീണ്ട് നിൽക്കുന്ന സാന്ത്വന ചികിത്സമാത്രമേ നൽകാൻ കഴിയുകയുള്ളൂവെന്നാണ് വിശദീകരണം. ഇത് വഴി കാഴ്ച ഭാഗികമായി തിരിച്ച് കിട്ടിയേക്കാം.