പ്രവാസികള്‍ക്ക് സ്‌ക്രീനിങ് വേണമെന്ന് തീരുമാനിച്ചത് എന്തുകൊണ്ട്? കാരണം വ്യക്തമാക്കി മുഖ്യമന്ത്രി

By Web Team  |  First Published Jun 24, 2020, 6:37 PM IST

വിദേശത്തുനിന്ന് മലയാളികള്‍ നാട്ടിലേക്ക് വരുന്നത് സര്‍ക്കാര്‍ മനപ്പൂര്‍വം തടയാന്‍ ശ്രമിക്കുന്നു എന്ന പ്രതിപക്ഷ ആരോപണങ്ങള്‍ക്കിടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം


തിരുവനന്തപുരം: നാട്ടിലേക്ക് മടങ്ങും മുമ്പ് പ്രവാസികള്‍ക്ക് കൊവിഡ് സ്‌ക്രീനിങ് വേണമെന്ന് സംസ്ഥാനം തീരുമാനിച്ചത് എന്തുകൊണ്ട് എന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. 'ഹൈ റിസ്ക് പ്രൈമറി കോണ്ടാക്ട് തടയണം. ഇതിലൂടെയുള്ള മരണനിരക്ക് കൂടുതലാണ്. ഒരാളിൽനിന്ന് ഒരുപാട് പേരിലേക്ക് രോഗം പകരുന്ന സൂപ്പർ സ്പ്രെഡ് ഉണ്ടാകാം. അതിന് വിമാനയാത്രകൾ കാരണമാകുന്നുവെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇത് കണക്കിലെടുത്താണ് സ്ക്രീനിങ് വേണമെന്ന് തീരുമാനിച്ചത്' എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 

'യാഥാർത്ഥ്യങ്ങൾ ആരെങ്കിലും മൂടിവെച്ചാൽ ഇല്ലാതാകില്ല. 90 ശതമാനം കൊവിഡ് കേസുകളും വിദേശത്ത് നിന്നോ അന്യ സംസ്ഥാനത്ത് നിന്നോ വന്നവയാണ്. 69 ശതമാനവും വിദേശത്ത് നിന്ന് വന്നവരിലാണ്. വിദേശത്തെ ആരോഗ്യസംവിധാനത്തിൽ നമുക്കിടപെടാൻ സാധിക്കില്ല. നമ്മുടെ ഇടപെടലിന്‍റെ ആദ്യപടി യാത്ര തിരിക്കും മുൻപുള്ള സ്ക്രീനിങാണ്. ഇത് നടത്തിയില്ലെങ്കിൽ യാത്രാ വേളയിൽ കൂടുതൽ പേർക്ക് രോഗം ബാധിക്കും. പ്രവാസി കേരളീയരുടെ ജീവൻ അപകടത്തിലാവും. ആദ്യ ഘട്ടത്തിൽ കേരളത്തിലേക്ക് എത്തിച്ചവരിൽ 45 ശതമാനം പേർ ഗർഭിണികളും വയോജനങ്ങളും കുട്ടികളും മറ്റ് രോഗാവസ്ഥ ഉള്ളവരുമായിരുന്നു. ഇവരുടെ ജീവൻ രോഗികൾക്കൊപ്പം യാത്ര ചെയ്താൽ അപകടത്തിലാവും. സാധാരണ ഗതിയിൽ ഇത് അനുവദിക്കാനാവില്ല' എന്നും പിണറായി വിജയന്‍ പറഞ്ഞു.

Latest Videos

undefined

വിദേശത്തുനിന്ന് മലയാളികള്‍ നാട്ടിലേക്ക് വരുന്നത് സര്‍ക്കാര്‍ മനപ്പൂര്‍വം തടയാന്‍ ശ്രമിക്കുന്നു എന്ന പ്രതിപക്ഷ ആരോപണങ്ങള്‍ക്കിടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. വിദേശത്തുനിന്ന് വരുന്നവരെല്ലാം യാത്ര പുറപ്പെടും മുന്‍പ് കൊവിഡ് ടെസ്റ്റ് നടത്തിയിരിക്കണം എന്ന നിര്‍ദേശം വിവാദമായിരുന്നു. ഇതിന് പിന്നാലെ തിരുത്തിയ ഉത്തരവ് കേരളം ഇന്ന് പുറത്തിറക്കി. 

ഇന്ന് 152 പേര്‍ക്ക് കൊവിഡ്

സംസ്ഥാനത്ത് ഇന്ന് 152 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗമുക്തി നേടിയത് 81 പേരാണ്. രോഗം ബാധിച്ച 152 പേരില്‍ 98 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 46 പേര്‍ മറ്റ് സംസ്ഥാനത്ത് നിന്ന് വന്നവരും. സമ്പര്‍ക്കം മൂലം എട്ട് പേര്‍ക്ക് രോഗം ബാധിച്ചു. 

പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്: പത്തനംതിട്ട 25, കൊല്ലം 18, കണ്ണൂര്‍ 17, പാലക്കാട് 16, തൃശ്ശൂർ 15. നെഗറ്റീവായവർ: കൊല്ലം 1, പത്തനംതിട്ട 1, ആലപ്പുഴ 13, കോട്ടയം 3, ഇടുക്കി 2, കോഴിക്കോട് 35, എറണാകുളം തൃശ്ശൂർ 4, പാലക്കാട് 1, മലപ്പുറം 7.

click me!