ഭാര്യ പുറത്തുപോയപ്പോ‌ൾ കിടപ്പുമുറിയിൽ ശബ്ദം; കട്ടിലിനടിയിൽ കണ്ടത് 3 വർഷമായി വെളിച്ചം കാണിക്കാതെ വളർത്തിയ മകളെ

By Web Team  |  First Published Nov 28, 2024, 5:54 PM IST

ഞെട്ടിക്കുന്ന സംഭവമാണ് പരിശോധനയില്‍ കണ്ടെത്തിയത്. യുവതി ചെയ്ത ക്രൂരത പുറത്തറിഞ്ഞതോടെ നടുക്കത്തിലാണ് ആളുകള്‍. 


ലണ്ടന്‍: സ്വന്തം കുഞ്ഞിനെ മൂന്ന് വര്‍ഷം ആരുമറിയാതെ വീട്ടില്‍ ഒളിപ്പിച്ച് യുവതി. വീട്ടിലെ കട്ടിലിന്‍റെ അടിയിലുള്ള ഡ്രോയറിലാണ് ഇവര്‍ മകളെ ആരും കാണാതെ ഒളിപ്പിച്ച് വളര്‍ത്തിയത്. യുകെയിലാണ് ഈ ഞെട്ടിക്കുന്ന സംഭവം. 

കേസ് പരിഗണിച്ച കോടതി ക്രൂരത നടത്തിയ സ്ത്രീയ്ക്ക് ഏഴ് വര്‍ഷം തടവുശിക്ഷ വിധിച്ചു. വീട്ടിലുള്ള പങ്കാളി അറിയാതെയാണ് ഇവര്‍ കുട്ടിയെ വളര്‍ത്തിയത്. 2020 മാര്‍ച്ചില്‍ ചെഷയറിലുള്ള വീട്ടിലെ ബാത്ത് ടബ്ബിലാണ് കുട്ടി ജനിച്ചത്. പെണ്‍കുട്ടിയെ കണ്ടെത്തിയപ്പോള്‍ പോഷകാഹാരക്കുറവും മതിയായ ചികിത്സയോ പരിചരണമോ ലഭിക്കാത്തത് മൂലവും ശോചനീയാവസ്ഥയിലായിരുന്നു കുട്ടി. 

Latest Videos

മൂന്നാമത്തെ ജന്മദിനത്തിന് ഏതാനും ആഴ്ചകള്‍ മുമ്പാണ് പെണ്‍കുട്ടിയെ കണ്ടെത്തുന്നത്. സ്ത്രീയുടെ നിലവിലെ പങ്കാളിയാണ് കുട്ടിയെ കണ്ടെത്തിയത്. സ്ത്രീ വീടിന് പുറത്തുപോയ സമയത്ത് യാദൃശ്ചികമായി കിടപ്പുമുറിയില്‍ നിന്ന് ശബ്ദം കേട്ടു. തുടര്‍ന്ന് ഇയാള്‍ നടത്തിയ തെരച്ചിലിലാണ് കിടപ്പുമുറിയിലെ കട്ടിലിന്‍റെ അടിയിലുള്ള രഹസ്യ ഡ്രോയറിനുള്ളില്‍ നിന്ന് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ കണ്ടെത്തിയതോടെ പങ്കാളി ബന്ധുക്കളെ അറിയിക്കുകയും തുടര്‍ന്ന് സോഷ്യല്‍ സര്‍വീസ് അധികൃതര്‍ എത്തുകയുമായിരുന്നു. ഡ്രോയറില്‍ ഇരിക്കുന്ന നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. 

യാതൊരു പരിചരണവും കിട്ടാതെ മുടികള്‍ ജടകെട്ടിയ നിലയിലും ദേഹത്ത് നിറയെ ചൊറിച്ചില്‍ ഉണ്ടായ നിലയിലുമാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. വളര്‍ച്ചാ വൈകല്യങ്ങളും കുട്ടി പ്രകടിപ്പിക്കുന്നുണ്ട്. ജന്മം നല്‍കിയ സ്ത്രീയുടെ മുഖം അല്ലാതെ മറ്റൊരാളെയും കുട്ടി ഇത്രയും വര്‍ഷം കണ്ടിട്ടില്ലായിരുന്നു. സൂര്യപ്രകാശമോ ശുദ്ധവായുവോ സാമൂഹിക ഇടപെടലുകളോ ഒന്നും തന്നെ നല്‍കാതെ സ്ത്രീ കുട്ടിയോട് കാണിച്ചത് ക്രൂരതയാണെന്ന് കേസ് പരിഗണിച്ച കോടതി നിരീക്ഷിച്ചു. സ്നേഹമോ വാത്സല്യമോ കൃത്യമായ ഭക്ഷണമോ ചികിത്സയോ നല്‍കാതെ കുട്ടിയോട് സ്ത്രീ കാണിച്ച ക്രൂരത അവിശ്വസനീയമാണെന്ന് ജഡ്ജി പറഞ്ഞു. ജീവിതത്തിലേക്ക് പതിയെ തിരികെ വരുന്ന കുട്ടി ഇതുവരെ മരിച്ച് ജീവിക്കുകയായിരുന്നെന്ന് ജഡ്ജി അഭിപ്രായപ്പെട്ടു.

കുട്ടി തനിക്ക് അവിഹിത ബന്ധത്തില്‍ ഉണ്ടായതാണെന്നും ഗര്‍ഭിണിയാണെന്ന് ആദ്യം അറിഞ്ഞിരുന്നില്ലെന്നും യുവതി പോലീസിനോട് പറഞ്ഞു. കുടുംബത്തിലെ കുട്ടി അല്ലാത്തതിനാല്‍ മറ്റാരും അറിയാതിരിക്കാനാണ് കുട്ടിയെ ഒളിപ്പിച്ചതെന്നും കുട്ടിയുടെ പിതാവ് ഇതറിഞ്ഞാല്‍ ഉപദ്രവിക്കുമെന്നും ഭയന്നിരുന്നതായി അവര്‍ പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!