ഹോട്ടലുകളൊന്നും ലഭ്യമല്ലാത്തത് കൊണ്ടും ഓണ്‍ അറൈവല്‍ വിസയില്ലാത്തത് മൂലവും ഇന്ത്യന്‍ യാത്രക്കാര്‍ ആകെ വലഞ്ഞു.
കുവൈത്ത് സിറ്റി: ബഹ്റൈനില്‍ നിന്ന് ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലേക്ക് പറന്ന ഗള്‍ഫ് എയര്‍ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് കുവൈത്തില്‍ ഇറക്കിയതോടെ വലഞ്ഞ് ഇന്ത്യന്‍ യാത്രക്കാര്‍. മുബൈയില്‍ നിന്ന് മാഞ്ചസ്റ്ററിലേക്ക് പുറപ്പെട്ട ഏകദേശം 60 ഇന്ത്യന്‍ യാത്രക്കാരാണ് വിമാനത്താവളത്തിൽ കുടുങ്ങിയത്. ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് കുവൈത്തില്‍ ഓണ്‍ അറൈവല്‍ വിസ സൗകര്യം ലഭ്യമല്ലാത്തതാണ് ഇന്ത്യന്‍ യാത്രക്കാര്‍ക്ക് തിരിച്ചടിയായത്. ഇന്ത്യയും കുവൈത്തും തമ്മില്‍ വിസ ഓണ്‍ അറൈവല്‍ കരാര്‍ ഇല്ല. ജിസിസി സമ്മേളനം പ്രമാണിച്ച് ഹോട്ടലുകളും പൂര്‍ണമായും ബുക്ക് ചെയ്തിട്ടുണ്ടായിരുന്നു. ഇതോടെ ഇന്ത്യന്‍ യാത്രക്കാര്‍ക്ക് 24 മണിക്കൂറുകളോളം എയര്‍പോര്‍ട്ടില്‍ ചെലവഴിക്കേണ്ടി വന്നു.
ഗള്‍ഫ് എയറിന്‍ ജിഎഫ്5 വിമാനം ഞായറാഴ്ച പുലര്‍ച്ചെ പ്രാദേശിക സമയം 2.05നാണ് ബഹ്റൈനില്‍ നിന്ന് ടേക്ക് ഓഫ് ചെയ്തത്. 7.5 മണിക്കൂറിന് ശേഷം മാഞ്ചസ്റ്ററില്‍ എത്തിച്ചേരേണ്ടതായിരുന്നു. എന്നാല്‍ സാങ്കേതിക പ്രശ്നം ഉണ്ടായതോടെ വിമാനം പുലര്‍ച്ചെ 4.01ഓടെ കുവൈത്തില്‍ ലാന്‍ഡ് ചെയ്യുകയായിരുന്നു. ബുദ്ധിമുട്ടിലായ ഇന്ത്യന്‍ യാത്രക്കാര്‍ക്ക് എയര്‍പോര്‍ട്ട് ലോഞ്ചില്‍ കഴിയാന്‍ സൗകര്യമൊരുക്കിയതായും ഇവര്‍ക്ക് ഭക്ഷണവും വെള്ളവും ഉറപ്പാക്കിയതായും കുവൈത്തിലെ ഇന്ത്യന്‍ എംബസി എക്സ് പ്ലാറ്റ്ഫോമില്‍ പങ്കുവെച്ചിരുന്നു.
മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്തിനൊടുവില്‍ ഇന്ന് (തിങ്കളാഴ്ച) രാവിലെ 4.34നുള്ള ഗള്‍ഫ് എയര്‍ വിമാനത്തില്‍ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ മാഞ്ചസ്റ്ററിലേക്ക് പുറപ്പെട്ടതായും ഇവരുടെ വിമാനം പുറപ്പെടുന്നത് വരെ എംബസി സംഘം ഒപ്പമുണ്ടായിരുന്നെന്നും ഇന്ത്യന്‍ എംബസി വ്യക്തമാക്കി.
Gulf Air flight to Manchester finally departed at 0434 hours today carrying stranded Indian passengers among others. Embassy team was on the ground till the flight departed. pic.twitter.com/47GVer4Bs4
— India in Kuwait (@indembkwt)