അരലക്ഷം ചതുരശ്ര മീറ്റർ വിസ്തീർണം, 60,000 ഇരിപ്പിടം; എന്തിനും ഉപയോഗിക്കാവുന്ന അത്ഭുത സ്റ്റേഡിയം വരുന്നൂ

By Web TeamFirst Published Jan 17, 2024, 3:36 PM IST
Highlights

സങ്കൽപങ്ങൾക്കും അപ്പുറമുള്ള അനുഭവങ്ങളും വിസ്മയങ്ങളും സമ്മാനിക്കുന്ന ഈ സ്റ്റേഡിയത്തിെൻറ മേൽക്കൂരയും ഭിത്തികളും തറയും കൂറ്റൻ എൽ.ഇ.ഡി സ്ക്രീനുകളും കൂടിയാണ്.

റിയാദ്: ചുവരുകളും മേൽക്കൂരയും തറയുമെല്ലാം ചലിപ്പിച്ച് ഇഷ്ടമുള്ള രൂപങ്ങളിലേക്ക് മാറ്റി ഫുട്ബോൾ മത്സരം മുതൽ സംഗീത കച്ചേരി വരെ ഏത് പരിപാടിക്കും അനുയോജ്യമാക്കി മാറ്റാൻ പറ്റുന്ന ഒരു അത്ഭുത സ്റ്റേഡിയം സൗദിയിൽ വരുന്നു. റിയാദിലെ നിർദ്ദിഷ്ട ഖിദ്ദിയ വിനോദ നഗരത്തിനുള്ളിൽ കുന്നുകൾക്ക് മുകളിലാണ് ഫുട്ബാൾ കളിക്കാനും സംഗീത കച്ചേരി നടത്താനും നാടകമാടാനും ഡിജെ കളിക്കാനും തുടങ്ങി എന്തിനും സാധിക്കുന്ന വിസ്മയ സ്റ്റേഡിയം നിർമിക്കാനൊരുങ്ങുന്നത്. ഡിസ്നി ലാൻഡിെൻറ മാതൃകയിൽ റിയാദ് നഗര പരിധിയിൽ നിർമാണം പുരോഗമിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ വിനോദ നഗരമാണ് ഖിദ്ദിയ.

റിയാദ് നഗരത്തിൻറെ കാവൽദുർഗമായ തുവൈഖ് പർവതനിരകളുടെ ചരുവിലും താഴ്വരയിലും കൊടുമുടികളിലുമായി വിശാലമായി പടർന്ന് കിടക്കുന്നതാണ് ഖിദ്ദിയ നഗരം. അതിെൻറ നടുക്ക് കൊടുമുടി മുകളിലാണ് ഈ പുതിയ സ്റ്റേഡിയം നിർമിക്കുക. സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻറെ പേരിലാണ് സ്റ്റേഡിയം. അതായത് റിയാദ് നഗരത്തിൽ നിന്ന് 40 മിനിറ്റ് സഞ്ചരിച്ചാൽ എത്താവുന്നിടത്താണ് ഖിദ്ദിയ വിനോദ നഗരം. അതിൻറെ ഹൃദയഭാഗത്ത് 200 മീറ്റർ ഉയരമുള്ള തുവൈഖ് പർവതനിരയുടെ കൊടുമുടികളിലൊന്നിലാണ് സ്റ്റേഡിയം നിർമിക്കുക.

Latest Videos

Read Also -  ഗംഭീര ഓഫര്‍! ആദ്യം 2,35,014 രൂപ ശമ്പളം, അലവൻസുകള്‍; ഗ്ലാമറസ് ജോലി വേണോ? 5000 പേർക്ക് വാതിൽ തുറന്ന് എയര്‍ലൈൻ

സങ്കൽപങ്ങൾക്കും അപ്പുറമുള്ള അനുഭവങ്ങളും വിസ്മയങ്ങളും സമ്മാനിക്കുന്ന ഈ സ്റ്റേഡിയത്തിെൻറ മേൽക്കൂരയും ഭിത്തികളും തറയും കൂറ്റൻ എൽ.ഇ.ഡി സ്ക്രീനുകളും കൂടിയാണ്. അവ ആവശ്യാനുസരണം ചലിപ്പിച്ച് സ്റ്റേഡിയത്തിെൻറ രൂപവും ഭാവവും തന്നെ മാറ്റാനാവും. ഭിത്തിയും മേൽക്കൂരയും ഇഷ്ടമുള്ള ഭാഗത്തേക്ക് ചലിപ്പിക്കുകയോ മടക്കുകയോ ചെയ്ത് ഫുട്ബാൾ മുതൽ നാടകാവതരണം വരെ എന്തിനും പറ്റിയ വേദിയാക്കി മാറ്റാൻ കഴിയും. 2034ലെ ലോകകപ്പ് ഫുട്ബാൾ മത്സരം നടക്കുന്ന പ്രധാന സ്റ്റേഡിയങ്ങളില്‍ ഒന്നായി മാറും ഇത്.

ഫുട്ബാൾ മുതൽ സംഗീത കച്ചേരി വരെ 25ലധികം ഇവൻറുകൾക്ക് ഈ സ്റ്റേഡിയം ഇങ്ങനെ വേദിയാക്കി മാറ്റാൻ കഴിയും. അരലക്ഷം ചതുരശ്ര മീറ്റർ വിസ്തീർമാണുണ്ടാവുക. 60,000 പേർക്ക് ഇരിപ്പിടമുണ്ടാവും. 120 മീറ്റർ നീളവും 90 മീറ്റർ വീതിയുമുള്ളതാണ് സ്റ്റേഡിയത്തിനുള്ളിലെ കളി മൈതാനം. ഇതിന് പുറമെ ഭക്ഷണശാലകളും മറ്റ് വാണിജ്യ സ്റ്റോറുകളും ഉണ്ടാവും. അരങ്ങേറുന്ന പരിപാടി എന്തായാലും അതിൻറെ ഹൃദയഭാഗത്ത് താനുണ്ടെന്ന് പ്രേക്ഷകനെ തോന്നിപ്പിക്കും വിധത്തിലായിരിക്കും പുതിയ സ്റ്റേഡിയത്തിൻറെ നിർമിതിയെന്ന് ഖിദ്ദിയ ഇൻവെസ്റ്റ്മെൻറ് കമ്പനി പറഞ്ഞു. സ്റ്റേഡിയത്തിൻറെ മേൽക്കൂരയിലും ചുവരുകളിലുമായി പതിപ്പിക്കുന്ന എൽ.ഇ.ഡി സ്ക്രീനുകൾക്കെല്ലാം കൂടി ഒന്നര കിലോമീറ്റർ നീളമുണ്ടാവും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

click me!