റിയാദിൽ ഭാവി നിക്ഷേപ സംരംഭ സമ്മേളനം ഒക്ടോബർ 29 മുതൽ 31 വരെ

By Web Team  |  First Published Oct 17, 2024, 6:07 PM IST

ഫ്യൂച്ചർ ഇൻവെസ്റ്റ്മെൻറ് ഇനിഷ്യേറ്റീവ് ഫോറത്തിന്‍റെ സമ്മേളനം ഒക്ടോബർ 29 മുതൽ 31 വരെ റിയാദിൽ നടക്കും. 


റിയാദ്: ആഗോള വെല്ലുവിളികളെ നേരിടുന്ന പുതിയ തന്ത്രങ്ങൾ മെനയാൻ റിയാദ് അന്താരാഷ്ട്ര സമ്മേളനത്തിന് ഒരുങ്ങുന്നു. ഫ്യൂച്ചർ ഇൻവെസ്റ്റ്മെൻറ് ഇനിഷ്യേറ്റീവ് ഫോറത്തിെൻറ (എഫ്.ഐ.ഐ) എട്ടാമത് എഡിഷന് ഒക്ടോബർ 29 മുതൽ 31 വരെ റിയാദ് ആതിഥേയത്വം വഹിക്കും. ‘അനന്തമായ ചക്രവാളങ്ങൾ: ഇന്ന് നിക്ഷേപിക്കുക, നാളയെ രൂപപ്പെടുത്തുക’ എന്നതാണ് ഇത്തവണത്തെ സമ്മേളന പ്രമേയം. ആഗോള വെല്ലുവിളികളെ നേരിടാൻ പുതിയ തന്ത്രങ്ങൾ വികസിപ്പിക്കുക എന്നത് തന്നെയായിരിക്കും സുപ്രധാന അജണ്ട. മനുഷ്യരാശിക്ക് സാധ്യമായതിന്‍റെ അതിരുകൾ ഭേദിച്ച് നിക്ഷേപങ്ങളെ എങ്ങനെ അഭിവൃദ്ധിയിൽ എത്തിക്കാമെന്നും സുസ്ഥിരമായ ഭാവിയിലേക്ക് നയിക്കാമെന്നുമുള്ള ചർച്ചകളാണ് ത്രിദിന സമ്മേളനത്തിൽ നടക്കുക.

സൗദി അറേബ്യയുടെ മുൻകൈയ്യിൽ വർഷാവർഷം നടക്കുന്ന ഈ ആഗോള നിക്ഷേപക സമ്മേളനത്തിൽ 5,000-ത്തിലധികം അതിഥികളും 500 പ്രഭാഷകരും പെങ്കടുക്കും. സമകാലിക നിക്ഷേപ സാധ്യതകളും വെല്ലുവിളികളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ അവതരിപ്പിക്കപ്പെടും. സാമ്പത്തിക സുസ്ഥിരത, ന്യായമായ വികസനം, കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കൽ, നിർമിത ബുദ്ധി, നവീകരണം, ആരോഗ്യം, ജിയോപൊളിറ്റിക്കൽ പ്രശ്നങ്ങൾ എന്നിവയെ കേന്ദ്രീകരിച്ചുള്ള 200-ലധികം സെഷനുകൾ ഇതിൽ ഉൾപ്പെടുന്നു.

Latest Videos

undefined

ലക്ഷ്യബോധമുള്ള വർത്തമാനവും വാഗ്ദാനപ്രദമായ ഭാവിയും സൃഷ്ടിക്കുന്നതിനുള്ള എഫ്.ഐ.ഐയുടെ ദൗത്യനിർഹവണത്തിനുള്ള അടുത്ത ഘട്ടത്തിലേക്കുള്ള ചുവടുവെപ്പായിരിക്കും ഈ വർഷത്തെ സമ്മേളനം. ഒപ്പം മനുഷ്യരാശിയെ സേവിക്കുന്നതിന് സന്നദ്ധമായ മനസുകളെയും കൃത്യമായ പരിഹാരങ്ങളെയും ഒരുമിച്ച് കൊണ്ടുവരാനുള്ള കാഴ്ചപ്പാടിെൻറ പ്രതിഫലനവും. കഴിഞ്ഞ വർഷത്തെ ഏഴാം പതിപ്പിൽ 1,900 കോടി ഡോളറിന്‍റെ കരാറുകളാണ് ഒപ്പുവെക്കപ്പെട്ടത്. അതിന്‍റെ വിപുലീകരണമായിരിക്കും ഈ വർഷത്തെ സമ്മേളനം.  

‘അനന്തമായ ചക്രവാളം എന്നത് വെറുമൊരു മുദ്രാവാക്യമല്ല, മറിച്ച് നമ്മുടെ കൂട്ടായ കാഴ്ചപ്പാട് വികസിപ്പിക്കാനും നിക്ഷേപത്തിന് പരിധിയില്ലാത്ത ഭാവി സാധ്യതകൾ സ്വീകരിക്കാനുമുള്ള വ്യക്തമായ ക്ഷണമാണെന്നും എല്ലാവർക്കും ഒരു നല്ല നാളെക്കായി പ്രവർത്തിക്കാനുള്ള വേദിയാണെന്നും’ എഫ്.ഐ.ഐ സി.ഇ.ഒയും ഡയറക്ടർ ബോർഡ് മെമ്പറുമായ റിച്ചാർഡ് അത്തിയാസ് റിയാദിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആഗോള സമ്പദ്‌വ്യവസ്ഥയിൽ ആഫ്രിക്കയുടെ പങ്ക്, ബിസിനസിലും സംഘാടനത്തിലും നിക്ഷേപങ്ങളുടെ പ്രയോഗവത്കരണത്തിലും സ്ത്രീകളുടെ നേതൃത്വത്തെ ശാക്തീകരിക്കുന്നതിനുള്ള തന്ത്രങ്ങൾ എന്നിവ സമ്മേളനത്തിൽ അഭിസംബോധന ചെയ്യപ്പെടുന്ന ചില പ്രധാന വിഷയങ്ങളിൽ ഉൾപ്പെടുന്നവയാണ്. ആഗോള നേതാക്കൾ, സംരംഭകർ, നയരൂപകർത്താക്കൾ, മാധ്യമങ്ങൾ എന്നിവരെ ഒരുമിച്ച് കൊണ്ടുവരുന്ന നൂതന ആശയങ്ങളുടെ ഒരു കേന്ദ്രമായി എഫ്.ഐ.ഐ പ്രവർത്തിക്കുമെന്നും അത്തിയാസ് പറഞ്ഞു.

ധനകാര്യം, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, സുസ്ഥിരത, ഊർജം, ജിയോ ഇക്കണോമിക്‌സ്, ബഹിരാകാശം തുടങ്ങിയ മേഖലകളിൽനിന്നുള്ള വിദഗ്ധരും നയരൂപീകരണ കർത്താക്കളും സമ്മേളനത്തിൽ പങ്കെടുക്കും. പരമ്പരാഗത പരിധിക്കപ്പുറം ഭാവി സാധ്യതകളുമായി നിലവിലെ വെല്ലുവിളികളെ മറികടന്ന് പുതിയ നിക്ഷേപ അവസരങ്ങൾ കണ്ടെത്താൻ മൂന്ന് ദിവസത്തെ സമ്മേളനം, അതിൽ പങ്കെടുക്കുന്നവരെ പ്രേരിപ്പിക്കും.

സമ്മേളനത്തിൽ ഉടനീളം, എഫ്.ഐ.ഐ ഇൻസ്റ്റിറ്റ്യൂട്ട് അംഗങ്ങൾ, ക്ഷണിക്കപ്പെട്ട പ്രതിനിധികൾ, തന്ത്രപരമായ പങ്കാളികൾ എന്നിവർക്കായി നിരവധി പരിപാടികൾ നടത്തും. സ്ഥിതിവിവരക്കണക്കുകളിലും വസ്തുതാപരമായ വിവരങ്ങളിലും പ്രായോഗിക തന്ത്രങ്ങളിലും അധിഷ്‌ഠിതമാണെന്ന് ഉറപ്പുവരുത്തുന്ന, തെളിവുകളെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും ചർച്ചകൾ. 2017-ലാണ് ആഗോളതലത്തിൽ നിക്ഷേപകർക്ക് സൗകര്യങ്ങളൊരുക്കുന്ന ലാഭേച്ഛയില്ലാത്ത സ്ഥാപനമായി സൗദി അറേബ്യ എഫ്.ഐ.ഐ ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
 

click me!