സൗദി തലസ്ഥാന നഗരം ഇനി അടിമുടി പച്ചപ്പണിയും; രാഷ്ട്രസ്ഥാപകൻ അബ്ദുൽ അസീസ് രാജാവിന്റെ പേരിൽ പുതിയ പാർക്ക് വരുന്നു

By Web Team  |  First Published Jul 28, 2024, 2:56 AM IST

കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്തവളം, അമീറ നൂറ ബിൻത് അബ്ദുറഹ്മാൻ യൂനിവേഴ്സിറ്റി, നോർത്ത് റെയിവേ സ്റ്റേഷൻ എന്നിവയുടെ അടുത്താണ് ഈ പാർക്ക്. 


റിയാദ്: സൗദി തലസ്ഥാന നഗരം ഇനി അടിമുടി പച്ചപ്പണിയും. നഗരത്തിലെ ഏറ്റവും പുതിയ ഉദ്യാനമായി രാഷ്ട്ര സ്ഥാപകൻ അബ്ദുൽ അസീസ് രാജാവിന്റെ പേരിൽ പുതിയ പാർക്കിന്റെ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. മരുഭൂമിയാൽ ചുറ്റപ്പെട്ട റിയാദ് നഗരത്തെ പച്ചപ്പണിയിക്കാനുള്ള പദ്ധതിയായ ‘ഗ്രീൻ റിയാദി’ന്റെ ഭാഗമായാണ് റിയാദ് റോയൽ കമീഷൻ വിശാലമായ ഈ പാർക്ക് നിർമിക്കുന്നത്. 

നഗരത്തിന്റെ വടക്കുഭാഗത്താണ് നിർദ്ദിഷ്ട സ്ഥലം. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ നിർദേശപ്രകാരം പാർക്കിന് അബ്ദുൽ അസീസ് രാജാവിന്റെ പേര് നൽകാൻ സൽമാൻ രാജാവാണ് ഉത്തരവിട്ടത്. ഏകദേശം 43 ലക്ഷം ചതുരശ്ര മീറ്റർ വലിപ്പമുള്ള പാർക്കിന്റെ നിർമാണം പൂർത്തിയാക്കാൻ 36 മാസമെടുക്കും.

Latest Videos

കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്തവളം, അമീറ നൂറ ബിൻത് അബ്ദുറഹ്മാൻ യൂനിവേഴ്സിറ്റി, നോർത്ത് റെയിവേ സ്റ്റേഷൻ എന്നിവയുടെ അടുത്താണ് ഈ പാർക്ക്. നഗരത്തിന്റെ ഏത് ഭാഗത്തുനിന്നും എളുപ്പത്തിൽ എത്തിച്ചേരാനാകുന്ന സ്ഥലമാണിത്. നാല് അന്താരാഷ്ട്ര കമ്പനികൾ അവതരിപ്പിച്ച നിരവധി ഡിസൈനുകളിൽ നിന്നാണ് പാർക്കിന് അനുയോജ്യമായ ഡിസൈൻ തെരഞ്ഞെടുത്തത്. പ്രാദേശിക പരിസ്ഥിതിയോട് ഇണങ്ങുന്ന രൂപകൽപനയിലാണ് പാർക്ക് ഒരുങ്ങുക. 

ഒരു ബൊട്ടാണിക്കൽ ഗാർഡനാണ് പാർക്കിന്റെ ഹൃദയം. മധ്യഭാഗത്ത് രണ്ട് ലക്ഷം ചതുരശ്ര മീറ്ററിലധികം വിസ്തീർണത്തിൽ നിർമിക്കുന്ന ഗാർഡനിൽ ഇരുന്നൂറിലധികം സസ്യലതാദികൾ നട്ടുപ്പിടിപ്പിക്കും. മൊത്തം 11 കിലോമീറ്ററിലധികം നീളമാണ് പൂന്തോട്ടത്തിനുണ്ടാവുക. കൂടാതെ നിരവധി തടാകങ്ങളുമുണ്ടാവും.
വാണിജ്യാവശ്യങ്ങൾക്കുള്ള കെട്ടിടങ്ങളും രണ്ട് കിലോമീറ്ററിൽ കൂടുതൽ നീളമുള്ള ഒരു നടപ്പാതയും പാർക്കിനുള്ളിലുണ്ടാവും. 

undefined

മൊത്തം വിസ്തൃതിയുടെ 65 ശതമാനം വരെ മരങ്ങളാൽ തണലുള്ള പ്രദേശങ്ങളായി വനവത്കരിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. റിയാദ് നഗരത്തിന്റെ പരിസ്ഥിതിയുമായി പൊരുത്തപ്പെടുന്ന, ശ്രദ്ധാപൂർവം തെരഞ്ഞെടുത്ത 20 ലക്ഷത്തിലധികം മരങ്ങളും കുറ്റിച്ചെടികളുമാണ് പാർക്കിൽ നട്ടുപിടിപ്പിക്കുക. റീസൈക്കിൾ ചെയ്ത വെള്ളമാണ് പാർക്കിന് വേണ്ടി ഉപയോഗിക്കുക. എല്ലാ പ്രായക്കാർക്കും ദിവസം മുഴുവൻ ആരോഗ്യകരമായ ഹൈക്കിങ് അനുഭവം നൽകുന്നതിനുള്ള സ്ഥലവുമുണ്ട്. 

കാൽനടയാത്രക്കാർക്കും ഓട്ടത്തിനും സൈക്കിൾ സവാരിക്കുമായി രൂപകൽപ്പന ചെയ്ത മരങ്ങൾ നിറഞ്ഞ പാതകളുമുണ്ടാവും. ഹരിത ടെറസുകൾ, ചത്വരങ്ങൾ, വിവിധ പരിപാടികൾക്കായുള്ള തിയേറ്ററുകൾ, റെസ്റ്റോറൻറുകൾ, വിവിധ വിനോദ പ്രവർത്തനങ്ങൾ എന്നിവയും പാർക്കിലുണ്ടാവും.

‘ഗ്രീൻ റിയാദ്’ പദ്ധതിക്ക് കീഴിൽ നിരവധി പ്രധാന പാർക്കുകളുടെ നിർമാണ പ്രവർത്തനങ്ങളാണ് ഇതിനകം ആരംഭിച്ചത്. നഗരത്തിനുള്ളിലെ ഉറൂബ, മുനിസിയ, ഖാദിസിയ, റിമാൽ തുടങ്ങിയ പാർക്കുകൾ ഇതിൽ പ്രധാനപ്പെട്ടതാണ്. കൂടാതെ നിരവധി താഴ്‌വരകളുടെയും അവയുടെ പോഷക തടാകകളുടെയും വനവത്കരണം, കിങ് സൽമാൻ റോഡ്, കിങ് ഖാലിദ് റോഡ് എന്നിവയുടെ ഓരങ്ങളിലും ചത്വരങ്ങളിലും മരങ്ങൾ നട്ടുപിടിപ്പിക്കുക, പൂന്തോട്ടങ്ങൾ നിർമിക്കുക, മരങ്ങൾ നിറഞ്ഞ നടപ്പാതകൾ, കാൽനട നടപ്പാതകൾ എന്നിവയാണ് ഇതിനകം നടപ്പാക്കിയ ഗ്രീൻ റിയാദിന്റെ ഭാഗമായ പദ്ധതികൾ.

പള്ളികൾ, സ്കൂളുകൾ, പാർക്കിങ് സ്ഥലങ്ങൾ, മന്ത്രാലയങ്ങൾ, സർവ്വകലാശാലകൾ തുടങ്ങിയവയുടെ കെട്ടിടങ്ങളുടെ ചുറ്റുപാടുകളിലും വനവൽക്കരണം നടപ്പാക്കിയിട്ടുണ്ട്. നഗരത്തിലുടനീളം മൊത്തം 1,350 കിലോമീറ്റർ നീളത്തിൽ ജലസേചന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. പ്രതിവർഷം 30 ലക്ഷം മരങ്ങളും കുറ്റിച്ചെടികളും മണ്ണ് കവറുകളും ഉൽപ്പാദിപ്പിക്കുന്നതിന് നഴ്സറികൾ പ്രവർത്തിക്കുന്നുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!