നാലാമത് ഹജ്ജ് സമ്മേളനം ജനുവരി 13 മുതൽ ജിദ്ദ സൂപ്പർ ഡോമിൽ

By Web Team  |  First Published Dec 4, 2024, 6:06 PM IST

ഹജ്ജ് ഉംറ മന്ത്രാലയം സംഘടിപ്പിക്കുന്ന നാലാമത് ഹജ്ജ് സമ്മേളനം ജിദ്ദ സൂപ്പര്‍ ഡോമില്‍ ജനുവരി 13 മുതല്‍. 


റിയാദ്: നാലാമത് ഹജ്ജ് സമ്മേളനവും പ്രദർശനമേളയും ജനുവരി 13 മുതൽ 16 വരെ ജിദ്ദയിലെ ‘സൂപ്പർ ഡോമി’ൽ നടക്കും. ‘ഗസ്റ്റ്സ് ഓഫ് ഗോഡ് സർവിസ് പ്രോഗ്രാമി’ന്‍റെ സഹകരണത്തോടെ ഹജ്ജ്-ഉംറ മന്ത്രാലയം സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിലെ ഹജ്ജുമായി ബന്ധപ്പെട്ട ചുമതല വഹിക്കുന്ന മന്ത്രിമാർ, അംബാസഡർമാർ, പൊതു, സ്വകാര്യ, എൻ.ജി.ഒ മേഖലകളിൽ നിന്നുള്ള 250 ഹജ്ജ് സർവിസ് സ്ഥാപനങ്ങളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.

ഹജ്ജ് സംവിധാനം വികസിപ്പിക്കുന്നതിനും പ്രകടന കാര്യക്ഷമത വർധിപ്പിക്കുന്നതിനും സഹായിക്കുന്ന നൂതനമായ പരിഹാരങ്ങൾ സ്വീകരിക്കുന്നതിലൂടെ ദൈവത്തിെൻറ അതിഥികൾക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയർത്താക്കാനും തീർഥാടക കാര്യാലയങ്ങളും ഹജ്ജ് സേവന ദാതാക്കളുമായി സഹകരണത്തിെൻറ പാലങ്ങൾ നിർമിക്കാനും സമ്മേളനം ലക്ഷ്യമിടുന്നു. അനുഭവങ്ങളും അറിവുകളും കൈമാറ്റം ചെയ്യുന്നതിനും ഈ സുപ്രധാന മേഖലയിലെ സേവന ദാതാക്കൾക്കിടയിൽ മത്സരക്ഷമതയും സുതാര്യതയും വർധിപ്പിക്കുന്നതിനുമുള്ള തന്ത്രപരവും സമഗ്രവുമായ വേദിയാണ് ഹജ്ജ് സമ്മേളനം. പൊതു, സ്വകാര്യ, എൻ.ജി.ഒ മേഖലകളിൽനിന്നുള്ള 250 സ്ഥാപനങ്ങൾക്ക് പുറമെ 87 രാജ്യങ്ങളിൽനിന്നുള്ള വ്യക്തികൾ, അക്കാദമിക് വിദഗ്ധർ, ഗവേഷകർ, തീർഥാടനകാര്യ ഓഫീസുകളുടെയും നയതന്ത്ര ദൗത്യങ്ങളുടെയും പ്രതിനിധികൾ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കും.

Latest Videos

Read Also - 1900കളില്‍ അപ്രത്യക്ഷമായി; ഒരു നൂറ്റാണ്ടിലേറെ പിന്നിട്ട് വീണ്ടും മണലാരണ്യങ്ങളിലേക്ക് തിരികെയെത്തി ഓണഗര്‍

നൂറിലധികം പ്രഭാഷകർ പങ്കെടുക്കുന്ന 47ലധികം ചർച്ചാ സെഷനുകളും 50 വർക്ക് ഷോപ്പുകളും സമ്മേളനത്തിലുണ്ടാകും. ഹജ്ജ് യാത്ര മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഹജ്ജ് മേഖലയിലെ മികച്ചതും നൂതനവുമായ പദ്ധതികളെ പിന്തുണയ്ക്കുന്നതിനുള്ള പുതിയ ആശയങ്ങൾ അവതരിപ്പിക്കുന്നതിന് പുറമേ സുസ്ഥിരത, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ഡിജിറ്റൽ സാങ്കേതികവിദ്യകൾ തുടങ്ങിയ ഹജ്ജ് സേവനങ്ങളുടെ വികസനകാര്യത്തിലെ സാധ്യതകളും വെല്ലുവിളികളും ചർച്ച ചെയ്യും.

undefined

സമ്മേളനത്തോടനുബന്ധിച്ച് 50,000 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ പ്രദർശനമേളയും ഒരുക്കും. വിവിധ മേഖലകളിൽ നിന്നുള്ള 280 പ്രദർശകരുടെ പങ്കാളിത്തത്തോടെ ഹജ്ജ് സേവന രംഗത്തെ അത്യാധുനിക സാങ്കേതികവിദ്യകളും സേവനങ്ങളും പ്രദർശിപ്പിക്കും. ഈ സുപ്രധാന അന്താരാഷ്ട്ര പരിപാടിയിൽ പങ്കെടുക്കാൻ ലോകമെമ്പാടും നിന്ന് താൽപ്പര്യമുള്ള കക്ഷികളെയും വിദഗ്ധരെയും ഹജ്ജ്, ഉംറ മന്ത്രാലയം ക്ഷണിച്ചു. രജിസ്റ്റർ ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾ കാണുന്നതിനും വെബ്സൈറ്റ് സന്ദർശിക്കാൻ മന്ത്രാലയം ആവശ്യപ്പെട്ടു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!