പ്രതീക്ഷ കൈവിടാതെ, ഉള്ളിലെ വേദന കടിച്ചമര്‍ത്തി കഴിഞ്ഞ അഞ്ച് മാസമായി സുരേഷ് മകനായുള്ള തെരച്ചിലിലായിരുന്നു. മകനെ കണ്ടെത്താനാകുമെന്ന അച്ഛന്‍റെ വിശ്വസമാണ് തീരാനോവായി അവസാനിച്ചത്.
ഷാര്‍ജ: കാണാതായ മകനെ തേടി, യുഎഇയിൽ ദീർഘനാൾ അലഞ്ഞ സുരേഷ് എന്ന അച്ഛൻ ഒടുവിൽ നാട്ടിലേക്ക് മടങ്ങി. മകൻ മരിച്ചെന്ന വിവരം ഇന്ത്യൻ കോൺസുലേറ്റിൽ നിന്ന് ഔദ്യോഗികമായി ലഭിച്ചതോടെയാണ് സുരേഷ് നാട്ടിലേക്ക് മടങ്ങിയത്. മികച്ച ജോലി ലഭിക്കാനായി മകനെ യുഎഇയിൽ കൊണ്ടുപോയ സുരേഷ്, മകനെ കാണാതായതോടെ നാട്ടിലേക്കില്ലെന്ന തീരുമാനത്തിലായിരുന്നു.
തൃശൂർ സ്വദേശിയായ സുരേഷ് കഴിഞ്ഞ 5 മാസമായി അലച്ചിലിലായിരുന്നു. മകൻ ജിത്തുവിനെ മാർച്ച് മുതൽ കാണാനില്ലായിരുന്നു. അന്വേഷണത്തിനിടെ സുരേഷിന്റെ രക്ത സാംപിളെടുത്തും പൊലീസ് അന്വേഷണം നടത്തിയിരുന്നു. ഒടുവിലാണ് മാർച്ചിൽ ഷാർജയിലെ കെട്ടിടത്തിൽ നിന്ന് ലഭിച്ച മൃതദേഹം ജിത്തുവിന്റേതാണെന്ന് കോടതിയിൽ നിന്ന് സുരേഷിന് വിവരം ലഭിച്ചത്. തിരിച്ചറിയാനാകാതിരുന്ന മൃതദേഹം അജ്ഞാത മൃതദേഹമായി കണക്കാക്കി സംസ്കരിക്കുകയായിരുന്നു.
Read Also -പിറന്നുവീണ കുഞ്ഞാവ ചിരിച്ചു, വായിൽ 32 പല്ലുകൾ! അറിയണം ഈ അവസ്ഥയെ, വീഡിയോ പങ്കുവെച്ച് അമ്മ
രേഖകളും ഔദ്യോഗികമായി ലഭിച്ചതോടെ അലച്ചിൽ അവസാനിപ്പിച്ച് സുരേഷ് നാട്ടിലേക്ക് മടങ്ങി. മകളുടെ വിവാഹമുൾപ്പടെ നിരവധി കാര്യങ്ങൾ ബാക്കിയുണ്ടായിട്ടും മകനെക്കുറിച്ച് വിവരം ലഭിക്കാതെ നാട്ടിലേക്ക് മടങ്ങില്ലെന്ന തീരുമാനത്തിലായിരുന്നു സുരേഷ്. ഒടുവിൽ ലഭിച്ച വിവരമാകട്ടെ കാത്തിരിപ്പുകളെയെല്ലാം വിഫലമാക്കുന്നതും. പ്രവാസി സംഘടനകളും സുഹൃത്തുക്കളുമാണ് ഒഴിവ് കിട്ടുന്ന സമയമെല്ലാം മകനെ തിരയാൻ ഷാർജയിൽ വന്നിരുന്ന സുരേഷിനെ സഹായിക്കാനും ഒടുവിൽ മരണമറിഞ്ഞ ശേഷം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങാനും സുരേഷിന് ഒപ്പം നിന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം