നാട്ടിലെ ഡോക്ട‍ർ കുറിച്ച പെയിൻ കില്ലർ ലഗേജിൽ; ഇരുട്ടറയിൽ തടങ്കിലാക്കപ്പെട്ട് മലയാളി പ്രവാസി, ഒടുവിൽ മോചനം

By Web TeamFirst Published Feb 22, 2024, 5:24 PM IST
Highlights

അവധി കഴിഞ്ഞ് ജോലിസ്ഥലത്തേക്ക് പോകും വഴിയാണ് ലഗേജ് പരിശോധനയിൽ മരുന്നുകൾ കണ്ടെത്തിയത്.

റിയാദ്: സൗദിയിൽ വിതരണം നിയന്ത്രിക്കപ്പെട്ട മരുന്ന് കൈവശം വച്ചതിന് പിടിയിലായി ജയിലിൽ കഴിഞ്ഞിരുന്ന മലയാളി 60 ദിവസത്തിന് ശേഷം മോചിതനായി. തെൻറ കൈവശം ഉണ്ടായിരുന്നത് നാട്ടിലെ ഡോക്ടറുടെ നിർദേശപ്രകാരം കഴിച്ചിരുന്ന മരുന്നാണെന്ന് ലാബ് പരിശോധനയിൽ തെളിയുകയും അത് പബ്ലിക് പ്രോസിക്യൂട്ടറിന് ബോധ്യപ്പെടുകയും ചെയ്‌തതോടെയാണ് പാലക്കാട് സ്വദേശിയായ പ്രഭാകരൻ ഇസാക്ക് മോചിതനായത്.

തബൂക്കിൽ വലിയ വാഹനങ്ങളുടെ മെക്കാനിക്കായി ജോലി ചെയ്യുന്ന ഇദ്ദേഹം അവധി കഴിഞ്ഞ് ജോലിസ്ഥലത്തേക്ക് പോകും വഴിയാണ് ലഗേജ് പരിശോധനയിൽ മരുന്നുകൾ കണ്ടെത്തിയത്. നാർകോട്ടിക് വിഭാഗത്തിെൻറ സ്പെഷ്യൽ സ്ക്വാഡ് ഇദ്ദേഹം സഞ്ചരിച്ചിരുന്ന ബസിൽ നടത്തിയ പരിശോധനയിൽ കൈവശം നാട്ടിൽ നിന്ന് കൊണ്ടുവന്ന മരുന്ന കണ്ടെത്തുകയായിരുന്നു. വേദന സംഹാരിയായി ഉപയോഗിക്കുന്ന മരുന്നാണിതെന്ന് അന്വേഷണ സംഘം മുമ്പാകെ പറഞ്ഞുവെങ്കിലും അത് തെളിയിക്കുന്നതിനാവശ്യമായ മതിയായ രേഖകൾ കൈവശം ഇല്ലാതിരുന്നതിനാൽ അറസ്റ്റ് ചെയ്യപ്പെടുകയായിരുന്നു. 

Latest Videos

Read Also - പനി, ചുമ, ശ്വാസംമുട്ടൽ; ചികിത്സ തേടിയവര്‍ക്ക് ആര്‍ടി പിസിആര്‍ പരിശോധന, നാല് കേസുകൾ! സൗദിയിൽ വീണ്ടും മെര്‍സ്

ഇദ്ദേഹത്തിെൻറ മോചനത്തിന് ഹാഇൽ കെ.എം.സി.സി വെൽഫെയർ വിഭാഗം ഭാരവാഹി പി.എ. സിദ്ദീഖ് മട്ടന്നൂർ ശ്രമിക്കുകയും ഇന്ത്യൻ എംബസിയുടെ അനുമതി പത്രത്തോടുകൂടി അധികാരികളുമായി ബന്ധപ്പെട്ട് മോചനം നടത്തുകയുണ്ടായി. നാട്ടിൽ നിന്നും വരുന്ന പ്രവാസികൾ ഡോക്ടറുടെ നിർദേശങ്ങളും പ്രിസ്ക്രിപ്ഷൻ ലെറ്ററും കൈയ്യിൽ കരുതാൻ മറക്കരുതെന്ന് സിദ്ദീഖ് പ്രവാസികളോട് അഭ്യർഥിച്ചു.

(ഫോട്ടോ: പ്രതീകാത്മക ചിത്രം (ഇടത്), പ്രഭാകരൻ ഇസാക്കിന് സാമൂഹികപ്രവർത്തകൻ പി.എ. സിദ്ദീഖ് മട്ടന്നൂർ രേഖകൾ കൈമാറുന്നു (വലത്))

click me!