കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

By Web Team  |  First Published May 22, 2020, 9:22 PM IST

രണ്ടാഴ്ച മുമ്പ് കമ്പനി ആവശ്യാർത്ഥം മറ്റൊരു ജീവനക്കാരനോടൊപ്പം ഒരു വാഹനത്തിൽ ഖഫ്ജിയിൽ പോയി വന്നിരുന്നു. യമനി പൗരനായ സഹയാത്രികന്‌ കോവിഡ് ബാധിച്ച വിവരം അബ്‍ദുൽ അസീസ് വൈകിയാണ് അറിഞ്ഞത്. 


റിയാദ്​: കൊവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി ജുബൈലിൽ മരിച്ചു. ഇസ്മാഈൽ അബൂദാവൂദ് കമ്പനിയിലെ സെയിൽസ് വിഭാഗത്തിൽ ഏരിയ മാനേജരായ ഫാറോക്ക് കടലുണ്ടി മണ്ണൂർ പാലക്കോട് വീട്ടിൽ അബ്‍ദുൽ അസീസ് മണ്ണൂർ (53) ആണ് വെള്ളിയാഴ്‌ച ഉച്ചക്ക് മരിച്ചത്. ഒരാഴ്ചയായി ജുബൈൽ മുവാസത്ത് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. 

രണ്ടാഴ്ച മുമ്പ് കമ്പനി ആവശ്യാർത്ഥം മറ്റൊരു ജീവനക്കാരനോടൊപ്പം ഒരു വാഹനത്തിൽ ഖഫ്ജിയിൽ പോയി വന്നിരുന്നു. യമനി പൗരനായ സഹയാത്രികന്‌ കൊവിഡ് ബാധിച്ച വിവരം അബ്‍ദുൽ അസീസ് വൈകിയാണ് അറിഞ്ഞത്. രോഗം ബാധിച്ചു ചികിത്സയിൽ തുടരുന്നതിനിടെ പെട്ടെന്ന്  ശ്വാസതടസ്സം അനുഭവപ്പെട്ട്​ അബ്‍ദുൽ അസീസ്​ കുഴഞ്ഞു വീഴുകയായിരുന്നു. മുവാസത്ത്​ ആശുപത്രി വെന്റിലേറ്ററിൽ പ്രവേശിപ്പിക്കപ്പെട്ട അബ്‍ദുൽ അസീസിന്റെ നില വ്യാഴാഴ്ച അൽപം ഭേദപ്പെടുകയും മരുന്നുകളോട് നല്ല നിലയിൽ പ്രതികരിക്കുകയും ചെയ്തിരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചിരുന്നു. എന്നാൽ വെള്ളിയാഴ്ച്ച നില വഷളാവുകയാണുണ്ടായത്. 

Latest Videos

സൗദി ഇന്ത്യൻ ഇസ്‍ലാഹി സെന്റർ നാഷനൽ കമ്മിറ്റി അംഗവും ജുബൈൽ വൈസ് പ്രസിഡൻറുമായിരുന്ന അബ്‍ദുൽ അസീസിന്റെ മരണം പ്രവാസിസമൂഹത്തെ ഏറെ ദുഃഖത്തിലാഴ്‍ത്തി. ഭാര്യ ജൂബി, മകൾ സന മറിയം എന്നിവരും ഇതേ ആശുപത്രിയിൽ ചികിത്സയിലാണ്. മകൻ എൻജിനീയറിങ് വിദ്യാർഥി മുഹമ്മദ് റസീൻ നാട്ടിൽ പഠിക്കുന്നു. ഐ.സി.എഫ് ജുബൈൽ ഘടകം ഭാരവാഹി ഷെറീഫ് മണ്ണൂർ ഉൾപ്പടെ അഞ്ചു സഹോദരന്മാരും ഒരു സഹോദരിയുമുണ്ട്. മാതാപിതാക്കൾ: പി.സി ആലിക്കോയ, മറിയം.

click me!