സംസ്ഥാനത്തേക്ക് മടങ്ങിവരുന്നവരില്‍ അത്യാസന്ന നിലയിലുള്ള രോഗികളുണ്ടാകും. കൂടുതല്‍ പേരെ ആശുപത്രിയില്‍ കിടത്തി ചികിത്സ നല്‍കേണ്ടിവരുമെന്ന് മുഖ്യമന്ത്രി.
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നുണ്ടെങ്കിലും ഒരു കേരളീയന് മുന്നിലും വാതിലുകള്‍ കൊട്ടിയടയ്ക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രോഗം സ്ഥിരീകരിക്കപ്പെടുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതുകൊണ്ട് പരിഭ്രമിച്ച് നിസഹായാവസ്ഥ പ്രകടിപ്പിക്കുകയുമില്ല. എല്ലാവര്‍ക്കും കൃത്യമായ പരിശോധനയും ചികിത്സയും പരിചരണവും നല്‍കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സംസ്ഥാനത്തേക്ക് മടങ്ങിവരുന്നവരില്‍ അത്യാസന്ന നിലയിലുള്ള രോഗികളുണ്ടാകും. കൂടുതല്‍ പേരെ ആശുപത്രിയില്‍ കിടത്തി ചികിത്സ നല്‍കേണ്ടിവരും. സാധ്യമാവുന്ന തരത്തില്‍ വെന്റിലേറ്റര്‍ സൗകര്യങ്ങളടക്കം തയ്യാറാക്കിയിട്ടുണ്ട്. ഇനിയുള്ള ദിവസങ്ങളില്‍ ഇത്തരം നടപടികള്‍ക്ക് മുന്‍തൂക്കം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഇന്ന് 42 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കണ്ണൂർ 12, കാസർകോട് ഏഴ്,കോഴിക്കോട്, പാലക്കാട്, അഞ്ച് വീതം,. തൃശ്ശൂർ മലപ്പുറം നാല് വിതം, കോട്ടയം രണ്ട്, കൊല്ലം പത്തനംതിട്ട ഒന്ന് വീതം എന്നിങ്ങനെയാണ് രോഗ ബാധിതരുള്ളത്. പോസിറ്റീവ് ആയതിൽ 21 പേർ മഹാരാഷ്ട്രയിൽ നിന്നെത്തിയവരാണ്. തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നെത്തിയവർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വിദേശത്ത് നിന്നെത്തിയ 17 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂരിൽ ഒരാൾക്ക് സമ്പർക്കത്തിലൂടെ രോഗം. കോഴിക്കോട് ആരോഗ്യപ്രവർത്തകയ്ക്ക് രോഗം പിടിപെട്ടിട്ടുണ്ട്.