വിവാഹം കഴിഞ്ഞ് 5 വർഷം കാത്തിരുന്ന് ഒടുവിൽ നിഷാദിനൊരു കുഞ്ഞ് പിറക്കാൻ പോകുന്നു. ഇന്നോ നാളെയോ. പ്രിയതമയ്ക്കടുത്ത് ഉണ്ടാവേണ്ടതാണ് ഈ സമയം. കണ്മണിയെ കയ്യിലേറ്റു വാങ്ങാൻ കൊതിയുള്ളതാണ്. പക്ഷെ ജീവിതഭാരം താങ്ങാൻ ഗൾഫിലെത്തിയ നിഷാദ് ടൂറിസ്റ്റ് വിസയിലെ വിലാസത്തിന്റെ കാലാവധി തീർന്ന് ഉള്ളിൽ തീയുമായി നിൽക്കുന്നു.
ദുബൈ: വിവാഹം കഴിഞ്ഞ് അഞ്ചു വർഷത്തിനു ശേഷം ഒരു കൺമണി പിറക്കാൻ പോകുന്നു. നിഷാദ് പക്ഷേ യുഎഇയില്‍ വിസിറ്റ് വിസ കാലാവധി തീർന്ന് ഭക്ഷണവും താമസവും ഇല്ലാതെ പെട്ട് കിടക്കുകയാണ്. പിടിക്കപ്പെടും എന്ന പേടിയിൽ.
മലയാളികളായ ഏജൻറുമാരെ വിശ്വസിച്ച് സൗദിയിൽ ഉണ്ടായിരുന്ന ജോലി കളഞ്ഞു യുഎഇയിൽ വന്ന പ്രവാസികൾ ഭക്ഷണവും താമസവും ഇല്ലാതെ ദുരിതത്തിൽ. കൊടും ചൂടിൽ അവരുടെ കഥ വിവരിക്കുകയാണ് നിഷാദും ബിനുവും. എങ്ങനെ കഷ്ടപ്പെട്ടായാലും ഒരു വിസിറ്റ് വിസ കിട്ടണം.
കിട്ടിയാൽപ്പിന്നെ ജോലി എങ്ങനെയെങ്കിലും സംഘടിപ്പിക്കാം. ഗൾഫിൽ വന്ന് ചാൻസെടുക്കുന്നവരുടെ സ്ഥിരം ശൈലിയാണിത്. അതിനിടയിൽ ചതിക്കപ്പെടാം. നിർഭാഗ്യം കൊണ്ട് തകർന്നു പോകാം.
വിസയ്ക്ക് പണം കൊടുത്ത് പണം കൊടുത്ത് വിസിറ്റിങ്ങിൽ വന്ന് ഒന്നും ശരിയാകാതെ ബുദ്ധിമുട്ടിലായവരുടെ അനുഭവം കേട്ടാൽ നമുക്കത് കെട്ടുകഥകൾ പോലും തോന്നും. നമ്മളനുഭവിക്കാത്ത കെട്ടുകഥകൾ.
വിവാഹം കഴിഞ്ഞ് 5 വർഷം കാത്തിരുന്ന് ഒടുവിൽ നിഷാദിനൊരു കുഞ്ഞ് പിറക്കാൻ പോകുന്നു. ഇന്നോ നാളെയോ. പ്രിയതമയ്ക്കടുത്ത് ഉണ്ടാവേണ്ടതാണ് ഈ സമയം. കണ്മണിയെ കയ്യിലേറ്റു വാങ്ങാൻ കൊതിയുള്ളതാണ്. പക്ഷെ ജീവിതഭാരം താങ്ങാൻ ഗൾഫിലെത്തിയ നിഷാദ് ടൂറിസ്റ്റ് വിസയിലെ വിലാസത്തിന്റെ കാലാവധി തീർന്ന് ഉള്ളിൽ തീയുമായി നിൽക്കുന്നു.
ബിനുവിന്റെ 7 വയസ്സുള്ള മകന് കണ്ണിന് മുടങ്ങാത്ത ചികിത്സ വേണം. കിട്ടാവുന്ന ഏറ്റവും നല്ല ഡോക്ടറെ കണ്ടെത്തണമെന്നാണ് ബിനുവിന്. പക്ഷെ ബിനു രാജനും നിഷാദിന്റെ ഗതിയാണ്. സൗദിയിലേക്കാൾ ഉയർന്ന ശമ്പളത്തിൽ യുഎഇയിൽ വെൽഡിങ് ജോലി. ഭക്ഷണം, താമസം, ആനുകൂല്യങ്ങൾ. നാട്ടിലെ ഏജന്റിന്റെ വാക്കും ജീവിത പ്രാരാബ്ധങ്ങളും കൂടി ഉന്തിത്തള്ളി ഇരുവരെയും യുഎഇയിലെത്തിച്ചു. കുറെ അലഞ്ഞു. ഒടുവിൽ 60 ദിവസത്തെ ടൂറിസ്റ്റ് വിസയും തീർന്നു. കൊടുംചൂടിൽ വെന്തു പൊരിഞ്ഞു.
യുഎഇയിലെ ഏജന്റ് ജോലി വാങ്ങിക്കൊടുത്തില്ലെന്നാണ് നാട്ടിലെ ഏജന്റായ സ്ത്രീ ഞങ്ങളോട് പറഞ്ഞത്. യുഎഇയിലെ ഏജന്റുമാരെയും ഞങ്ങൾ വിളിച്ചു. പലർക്കും പല ന്യായം. ഉത്തരവാദിത്തമില്ലെന്ന് ഒരാൾ. പരമാവധി സഹായിച്ചെന്നു മറ്റൊരാൾ. സൗദിയിൽ കയ്യിലിരുന്ന ജോലിയും പോയി അനുഭവിച്ച ദുരിതം മാത്രം ബാക്കിയായി. യുഎഇയിലെ ഗ്ലോബൽ പ്രവാസി യൂണിയൻ ഇടപെട്ടാണ് ഇരുവരെയും തിരികെ അയക്കാൻ ശ്രമിക്കുന്നത്.
Read Also - കൈമാറി കിട്ടിയ വാഹനം പ്രവാസി മലയാളിയെ 'ജയിലിലാക്കി'; വിനയായത് ചെറിയ അശ്രദ്ധ, തടവും നാടുകടത്തലും ശിക്ഷ
പിടിക്കപ്പെട്ടാൽ ഒന്നുകിൽ അനധികൃതമായി രാജ്യത്ത് തങ്ങിയതിന് നിയമനടപടി, അല്ലെങ്കിൽ വൻതുക പിഴയടയ്ക്കണം. പുറമെ വിമാന ടിക്കറ്റും ചെലവുകളും വേണം. ഇരുവരുടെയും കൈയിൽ പാസ്പോർട്ടും കാലാവധി തീർന്നൊരു ടൂറിസ്റ്റ് വിസയും മാത്രമുണ്ട്. ആരെങ്കിലുമൊരു കൈ നീട്ടിയില്ലെങ്കിൽ ഇവരുടെ ദുരിതം തീരില്ല.