പ്രവാസി തൊഴിലാളികളെ ആശ്രയിക്കുന്ന ഗള്‍ഫ് രാജ്യങ്ങളില്‍ ലോക്ക് ഡൗണ്‍ മൂലം പ്രധാനപ്പെട്ട മേഖലകളില്‍ തൊഴില്‍ നഷ്ടം ഉണ്ടാകുകയും പ്രവാസികളുടെ നാട്ടിലേക്കുള്ള തിരിച്ചുപോക്കിന് കാരണമാകുകയും ചെയ്യും.
അബുദാബി: കൊവിഡ് 19 വ്യാപനം മൂലമുണ്ടായ പ്രതിസന്ധി വ്യാപാര, സാമ്പത്തിക, തൊഴില്‍ മേഖലകളെ സാരമായി ബാധിക്കുമെന്ന് റിപ്പോര്‍ട്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ ലക്ഷണക്കണക്കിന് പ്രവാസി തൊഴിലാളികള്‍ക്ക് ജോലി നഷ്ടമാകുമെന്നും പ്രവാസികള്‍ സ്വദേശങ്ങളിലേക്ക് മടങ്ങുന്നതിലൂടെ ഗള്‍ഫ് രാജ്യങ്ങളിലെ ജനസംഖ്യ 10 ശതമാനം വരെ കുറഞ്ഞേക്കുമെന്നും 'ഓക്‌സ്ഫോര്‍ഡ് ഇക്കണോമിക്‌സ് മിഡില്‍ ഈസ്റ്റ്' റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ ബിസിനസ്, ഫിനാന്‍ഷ്യല്‍ മാധ്യമമായ 'ബ്ലൂംബര്‍ഗ് ക്വിന്‍റാ'ണ് റിപ്പോര്‍ട്ടിന്‍റെ വിശദാംശങ്ങള്‍ പുറത്തുവിട്ടത്.
പ്രവാസി തൊഴിലാളികളെ ആശ്രയിക്കുന്ന ഗള്‍ഫ് രാജ്യങ്ങളില്‍ ലോക്ക് ഡൗണ്‍ മൂലം പ്രധാനപ്പെട്ട മേഖലകളില്‍ തൊഴില്‍ നഷ്ടം ഉണ്ടാകുകയും പ്രവാസികളുടെ നാട്ടിലേക്കുള്ള തിരിച്ചുപോക്കിന് കാരണമാകുകയും ചെയ്യും. തന്മൂലം ഗള്‍ഫ് രാജ്യങ്ങളിലെ ജനസംഖ്യയില്‍ ഗണ്യമായ ഇടിവുണ്ടാകുമെന്നും ഇതിന്റെ പ്രത്യാഘാതങ്ങള്‍ ദീര്‍ഘകാലം നീണ്ടു പോയേക്കുമെന്നും 'ഓക്‌സ്‌ഫോര്‍ഡ് ഇക്കണോമിക്‌സ് മിഡില്‍ ഈസ്റ്റി'ലെ മുഖ്യ സാമ്പത്തിക ശാസ്ത്രജ്ഞന്‍ സ്‌കോട്ട് ലിവര്‍മോര്‍ വ്യക്തമാക്കി.
undefined
എണ്ണ വില കുറഞ്ഞതും ലോക്ക് ഡൗണ്‍ മൂലമുണ്ടായ സാമ്പത്തിക മാന്ദ്യവും മൂലം ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴില്‍ മേഖലകളില്‍ 13 ശതമാനം വരെ ഇടിവുണ്ടാകും. സൗദി അറേബ്യയില്‍ 17 ലക്ഷം പേര്‍ക്കും യുഎഇയില്‍ ഒമ്പത് ലക്ഷം പേര്‍ക്കും തൊഴില്‍ നഷ്ടപ്പെടുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രവാസി തൊഴിലാളികളെ ആശ്രയിക്കുന്ന ദുര്‍ബല മേഖലകളില്‍ തൊഴില്‍ നഷ്ടം ഉണ്ടാകുന്നതോടെ പ്രവാസി ജനസംഖ്യയില്‍ കുറവുണ്ടാകും. യാത്രാ നിയന്ത്രണങ്ങളില്‍ ഇളവ് വരുന്നതോടെ പ്രവാസികളുടെ നാട്ടിലേക്കുള്ള തിരിച്ചുപോക്ക് ആരംഭിക്കും. സൗദിയിലും ഒമാനിലും നാലു ശതമാനം വരെയും യുഎഇയിലും ഖത്തറിലും പത്ത് ശതമാനം വരെയും ജനസംഖ്യ കുറയും. പ്രവാസികളുടെ പലായനം മൂലം തൊഴില്‍ മേഖലകളില്‍ ആവശ്യത്തിന് തൊഴിലാളികളെ കിട്ടാത്ത സാഹചര്യം ഉണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ക്കുന്നു.