ജാഗ്രതയോടെ ഗള്‍ഫ് മേഖല; ആഘോഷങ്ങളില്ലാതെ ചെറിയ പെരുന്നാള്‍

By Web Team  |  First Published May 24, 2020, 12:10 AM IST

പൊതുജനസമ്പര്‍ക്കം ഇല്ലാതാക്കുന്നതിനായി പള്ളികള്‍ പൂര്‍ണമായും അടച്ചിട്ട നടപടി ഈദുല്‍ ഫിത്വ്ര്‍ ദിനത്തിലും തുടരുമെന്നും വിശ്വാസികള്‍ പെരുന്നാള്‍ നമസ്‌കാരവും വീടുകളില്‍ വെച്ച് തന്നെ നിര്‍വഹിക്കണമെന്നും യുഎഇ ആരോഗ്യമന്ത്രാലയം അറിയിച്ചു.
 


ദുബായ്: ജാഗ്രതയോടെയുള്ള ചെറിയപെരുന്നാള്‍ ആഘോഷത്തിന് യുഎഇ ഒരുങ്ങി. യുഎഇയില്‍ ഇത്തവണ പെരുന്നാള്‍ ആഘോഷങ്ങള്‍ വീടിനകത്താക്കണമെന്ന് അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ്ബിന്‍ സായിദ് അല്‍നഹ്യാന്‍ നിര്‍ദ്ദേശിച്ചു. ആളും ആരവവുമില്ലാത്ത പെരുന്നാള്‍ ആഘോഷം യുഎഇയിലെ പ്രവാസി മലയാളികള്‍ക്ക് ആദ്യ അനുഭവമാണ്.

ചെറിയ പെരുന്നാളിന്റെ വലിയ ആഘോഷങ്ങളൊന്നും യുഎഇയില്‍ ഇല്ല. തലേദിവസത്തെ ഒരുക്കങ്ങളെല്ലാം ജാഗ്രതയോടും കരുതലോടും തന്നെ. കോവിഡ് വ്യാപനം തടയാനായി എല്ലാ മുന്‍കരുതലുകളും രാജ്യം സ്വീകരിച്ചിട്ടുണ്ട്. ഗള്‍ഫിലെ അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും താമസയിടങ്ങളില്‍ ഒത്തു ചേര്‍ന്നുള്ള പെരുന്നാള്‍ ആഘോഷങ്ങളൊന്നും ഇത്തവണയില്ല. ആഘോഷ ചിലവുകള്‍ ദുരിതമനുഭവിക്കുന്ന സഹജീവികള്‍ക്കായി മാറ്റിവച്ച പ്രവാസികളുമുണ്ട്. കൊവിഡ് പ്രതിരോധ ജാഗ്രതാനിര്‍ദേശങ്ങള്‍ പാലിച്ചുവേണം ആഘോഷങ്ങളെന്ന് അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ്ബിന്‍ സായിദ് അല്‍നഹ്യാന്‍ നിര്‍ദ്ദേശിച്ചു. 

Latest Videos

undefined

പൊതുജനസമ്പര്‍ക്കം ഇല്ലാതാക്കുന്നതിനായി പള്ളികള്‍ പൂര്‍ണമായും അടച്ചിട്ട നടപടി ഈദുല്‍ ഫിത്വ്ര്‍ ദിനത്തിലും തുടരുമെന്നും വിശ്വാസികള്‍ പെരുന്നാള്‍ നമസ്‌കാരവും വീടുകളില്‍ വെച്ച് തന്നെ നിര്‍വഹിക്കണമെന്നും യുഎഇ ആരോഗ്യമന്ത്രാലയം അറിയിച്ചു. പ്രത്യേക പ്രാര്‍ഥനകള്‍ക്ക് മുമ്പായി ചൊല്ലുന്ന തക്ബീര്‍ നമസ്‌കാരത്തിന് 10 മിനിറ്റ് മുമ്പ് പള്ളികളില്‍ നിന്ന് പ്രക്ഷേപണം ചെയ്യുമെന്നും യു.എ.ഇ ആരോഗ്യ മേഖല വക്താവ് ഡോ. ഫരീദ അല്‍ ഹൊസൈനി അറിയിച്ചു. ഈദ് നമസ്‌കാരത്തിന് ശേഷം പ്രസംഗങ്ങള്‍ ഉണ്ടാകില്ല. ഈദിനെ സന്തോഷത്തോടും പ്രത്യാശയോടെയും സ്വാഗതം ചെയ്യണമെന്നും സമൂഹമാധ്യമങ്ങള്‍ വഴി അവരുടെ പ്രിയപ്പെട്ടവരുമായി ബന്ധം പുലര്‍ത്തണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു.

ആഘോഷങ്ങള്‍ക്കും ഒത്തുചേരലുകള്‍ക്കും ഒമാന്‍ സുപ്രിം കമ്മറ്റിയുടെ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. ചെറിയ പെരുനാള്‍ പ്രമാണിച്ചു രാജ്യത്ത് മൂന്നു ദിവസം പൊതു ഒഴിവ് പ്രഖ്യാപിച്ചു. 797 തടവുകാരെയും മോചിപ്പിക്കും. കൊവിഡ് 19 വൈറസ് ബാധ വ്യാപനം രാജ്യത്ത് ഉയരുന്നതുമൂലം പ്രതിരോധ നടപടികളുടെ ഭാഗമായിട്ടാണ് ചെറിയ പെരുന്നാളിന് കര്‍ശന നിയന്ത്രണം സുപ്രിം കമ്മറ്റി നിര്‍ദ്ദേശിച്ചിരിക്കുന്നത്. പെരുന്നാളിനോട് അനുബന്ധിച്ചു 301 വിദേശികള്‍ക്കുള്‍പ്പെടെ 797 തടവുകാര്‍ക്ക് ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് അല്‍ സൈദ് മോചനം പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സ്വകാര്യാ സ്ഥാപനങ്ങള്‍ക്ക് മൂന്നു ദിവസത്തെ പൊതു ഒഴിവാണ് നല്‍കിയിരിക്കുന്നത്. അവധിക്കു ശേഷം ബുധനാഴ്ച മുതല്‍ സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചു തുടങ്ങും.

click me!