അറിയപ്പെടാത്ത ഹീറോകൾ, റഹീമിന്റെ മോചനത്തിനായി 17 വർഷം ചോരനീരാക്കിയ ചില പ്രവാസികളുണ്ട് സൗദിയിൽ!

By Web TeamFirst Published Apr 18, 2024, 5:39 PM IST
Highlights

2007ൽ മറ്റൊരു കേസിൽ പ്രതിയായ മലയാളിയെ കാണാൻ റിയാദ് മലസിലെ സെൻട്രൽ ജയിലിൽ പോയപ്പോഴാണ് മാധ്യമ പ്രവർത്തകനായ നജീം കൊച്ചുകലുങ്ക്, റഹീമിനൊപ്പം ജയിലിലായ ബന്ധുവും കോഴിക്കോട് നല്ലളം സ്വദേശിയുമായ മുഹമ്മദ് നസീറിനെ കാണുന്നത്.

റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ കേസിൽ ദിയാധനമായ 34 കോടി രൂപ സമാഹരിച്ച് കഴിഞ്ഞതോടെ മോചനത്തിന് ഇനി ഏതാനും കടമ്പകൾ മാത്രമാണ് ബാക്കി. ദിയാ ധനം നൽകാൻ കുടുംബവുമായി ധാരണയായ വിവരം അറിയിച്ചും വധശിക്ഷ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടും റഹീമിന്റെ വക്കീൽ കോടതിക്ക് അപേക്ഷ നൽകി. ഇത് കോടതി ഫയലിൽ സ്വീകരിച്ചു. കേസ് നടപടികളിൽ ഇനിയും പലതും ബാക്കിയുണ്ട്. എന്നാൽ ആശ്വാസ തീരത്തേക്ക് റഹീം എത്തുമ്പോൾ 17 വ‍ർഷമായി ഈ കേസിന്റെ പിന്നാലെ നടക്കുന്ന ചിലരെ ഓർമിക്കുകയാണ് സൗദി അറേബ്യയിലെ മലയാളി മാധ്യമ പ്രവർത്തകൻ.

വർഷങ്ങൾക്ക് മുമ്പ് റഹീമിന്റെ അവസ്ഥ ആദ്യമായി പുറംലോകത്തെ അറിയിച്ച മലയാളി മാധ്യമ പ്രവർത്തകൻ നജീം കൊച്ചുകലുങ്ക്, റിയാദിൽ ഗൾഫ് മാധ്യമത്തിന്റെ പ്രതിനിധിയാണ്. 2007ൽ മറ്റൊരു കേസിൽ പ്രതിയായ മലയാളിയെ കാണാൻ അദ്ദേഹം റിയാദ് മലസിലെ സെൻട്രൽ ജയിലിൽ പോയപ്പോഴാണ്, റഹീമിനൊപ്പം ജയിലിലായ ബന്ധുവും കോഴിക്കോട് നല്ലളം സ്വദേശിയുമായ മുഹമ്മദ് നസീറിനെ കാണുന്നത്. സന്ദർശക മുറിയിൽ അഴിയ്ക്കപ്പുറത്ത് കണ്ട അയാൾക്ക് തന്നോട് എന്തോ പറയാനുണ്ടെന്ന് തോന്നി.

Latest Videos

സംസാരിച്ചപ്പോൾ കോഴിക്കോട് സ്വദേശിയാണെന്നും ഒരു ബാലൻ മരിച്ച കേസിൽ ജയിലിലായതാണെന്നും പറഞ്ഞു. കൂടുതൽ വിശദീകരിക്കാൻ സമയം അനുവദിച്ചില്ല. നജീം തന്റെ ഫോൺ നമ്പർ എഴുതി അഴികൾക്കപ്പുറത്തേക്ക് അയാൾക്ക് നീട്ടിക്കൊടുത്തു. ആഴ്ചയിലൊരിക്കൽ ഫോൺ ചെയ്യാൻ തടവുപുള്ളികൾക്ക് ജയിലിൽ അവസരമുണ്ട്. അങ്ങനെ സമയം കിട്ടിയ തൊട്ടടുത്ത ദിവസം നസീർ, നജീമിനെ വിളിച്ചു. താനും ബന്ധുവായ റഹീമും അകപ്പെട്ട കേസിനെക്കുറിച്ച് സംസാരിച്ചു. അതിനെ തുടർന്നാണ് ഈ സംഭവം വാർത്തയിലൂടെ പുറംലോകം അറി‌ഞ്ഞത്. അന്ന് ഇവർ ജയിലിലായ ഏഴ് മാസം കഴിഞ്ഞിരുന്നു.

പിന്നീടിങ്ങോട്ട് കേസിന്റെ ഓരോ സിറ്റിങിലും അഭിഭാഷകരെയും പരിഭാഷകരെയും എത്തിച്ച് മോചനത്തിനുള്ള എല്ലാ സാധ്യതയും തേടി രണ്ട് പതിറ്റാണ്ടോളം അലഞ്ഞ റിയാദിലെ സാമൂഹിക പ്രവർത്തകൻ അഷ്റഫ് വെങ്ങാട്ട്, റിയാദിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ യൂസുഫ് കാക്കഞ്ചേരി എന്നിവരുടെ നീണ്ട അധ്വാനം ഈ കേസ് ഇവിടെവരെ എത്തിയതിലുണ്ട്. പലപ്പോഴും ഇരുവ‍ർക്കുമൊപ്പം കോടതി മുറിയിലെത്തിയിരുന്ന നജീം കൊച്ചുകലുങ്ക് ആ അനുഭവങ്ങൾ വിവരിക്കുകയാണ് സോഷ്യൽ മീഡിയിലെ പോസ്റ്റിലൂടെ. വക്കീലിന് ഫീസ് കൊടുക്കാൻ  സ്വന്തം പോക്കറ്റിൽ നിന്നെടുത്തും പലരിൽ നിന്നും കടം വാങ്ങിയും, പണം സമാഹരിച്ച അഷ്റഫ് വെങ്ങാട്ടും എംബസിയിലെ ജോലി സമയം തുടങ്ങുന്നതിന് മുമ്പ് കൃത്യമായി കോടതിയിലെത്തി കാത്തിരിക്കുമായിരുന്ന യൂസുഫ് കാക്കഞ്ചേരിയും അടങ്ങുന്ന സൗദിയിലെ നിരവധി സാമൂഹിക പ്രവ‍ർത്തകരും നജീം ഉൾപ്പെടെയുള്ള മാധ്യമ പ്രവർത്തകരും റഹീമിന്റെ കേസിൽ നടന്നുതാണ്ടിയ വഴികളെക്കുറിച്ച് ഈ പോസ്റ്റിൽ വായിക്കാം 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
അഷറഫ് നല്ല മാനസിക സമ്മർദ്ദം അനുഭവിക്കുന്നതായി തോന്നിയിട്ടുള്ളത് റഹീമിന്റെ കേസ് കോടതി വിളിക്കുന്ന ദിവസങ്ങളിലാണ്. ഇന്ത്യൻ എംബസ്സി ഉദ്യോഗസ്ഥൻ യൂസുഫ് കാക്കഞ്ചേരി കൃത്യസമയത്ത് കോടതിയിൽ എത്തും എന്നറിയാം. എന്നാൽ വക്കീൽ, പരിഭാഷകർ എന്നിവർ എത്തും എന്ന് ഉറപ്പാക്കണം. വക്കീലിന് ഫീസ് കൊടുക്കണം. അതിനുള്ള പണം കണ്ടെത്തണം. അഷറഫിന് വലിയ തലവേദന സൃഷ്ടിക്കുന്നത് ഇതായിരുന്നു. മിക്കപ്പോഴും അദ്ദേഹം സ്വന്തം പോക്കറ്റിൽ നിന്നാണ് എടുക്കാറ്. എന്നാൽ ചിലപ്പോൾ കീശ അതിന് പറ്റാത്ത സ്ഥിതിയിലായിരിക്കും. കാരണം, ഇങ്ങനെ കോടതിയിൽ നിന്ന് വിളി വരുന്നത് മിക്കപ്പോഴും മാസം പകുതി പിന്നിട്ട ശേഷമുള്ള തീയതികളിൽ ആയിരിക്കും. അദ്ദേഹം മാനേജരായ ഷിഫ അൽ ജസീറ ക്ലിനിക്കിൽ അടുത്ത മാസത്തെ ശമ്പളം ബാങ്കിൽ നിക്ഷേപിക്കേണ്ട സമയമായിരിക്കും അത്. ക്ലിനിക്കിന്റെ ഖജനാവിൽ നിന്നുള്ളത് തികയാഞ്ഞിട്ട് കൈയ്യിൽ നിന്നെടുത്തിട്ടും മതിയായവാതെ സുഹൃത്തുക്കളിൽ നിന്ന് കൂടി മറിച്ചിട്ട് ഇരിക്കുന്ന സമയമായിരിക്കും. 

ഒരിക്കൽ വലിയൊരു തുക വക്കീലിന് കൊടുക്കേണ്ട ആവശ്യം വന്നു. നുള്ളിപ്പെറുക്കി എടുത്തിട്ടും തികയുന്നില്ല. അതിന്റെ തലേദിവസം സുഹൃത്ത് നൗഫൽ പാലക്കാടന്റെ ഒരു കുറി പൈസ എന്റെ കൈയ്യിൽ വന്നിരുന്നു. കുറി നടത്തുന്നയാൾ നൗഫലിന് കൊടുക്കാൻ എന്നെ ഏല്പിച്ചതാണ്. പിറ്റേന്ന് വൈകുന്നേരം തമ്മിൽ കാണുമ്പോൾ കൈപ്പറ്റാം എന്ന് നൗഫൽ പറയുകയും ചെയ്തിരുന്നു. കോടതിയിലേക്ക് പോകും മുമ്പ് വക്കീലിന് പണം കൊടുക്കണം. അഷറഫ് ഇരുന്ന് എരിയുകയാണ്. ഞാൻ പറഞ്ഞു, നൗഫലിന്റെ കുറി പൈസ കൈയ്യിലുണ്ട്. രണ്ട് ദിവസ അവധിക്ക് അതൊന്ന് മറിച്ചാലോ? അഷറഫിന്റെ മുഖത്ത് വെളിച്ചം! നൗഫലിനെ ഒന്ന് വിളിച്ചു ചോദിക്കൂ എന്ന് അദ്ദേഹം ധൃതി കൂട്ടി. ഞാൻ വിളിച്ചപ്പോൾ മറുത്തൊന്നും പറയാനാവാതെ നൗഫൽ. 10000 റിയലായിരുന്നു അത്. അതും ബാക്കിയും കൂടി ചേർത്ത് വക്കീലിന് കൊടുത്ത് ആ പ്രതിസന്ധി മറികടന്നു. 

കോടതിയിലേക്കുള്ള യാത്രയിൽ മിക്കപ്പോഴും ഞാൻ അഷ്റഫിനെ അനുഗമിച്ചിട്ടുണ്ട്. ലഭിക്കുന്ന വിവരങ്ങൾ ചൂടാറാതെ ആദ്യം റിപ്പോർട്ട് ചെയ്യാം എന്നതാണ് എന്റെ ഗൂഢ ലക്ഷ്യം. കോടതിയിൽ എന്താവും എന്നതായിരിക്കും അഷ്റഫിന്റെ ചിന്ത. ഓടിപ്പാഞ്ഞ് ദീരയിലെ ഹൈക്കോടതിയിൽ എത്തുമ്പോൾ നാലാം നിലയിലെ റഹീമിന്റെ കേസ് പരിഗണിക്കുന്ന ജഡ്ജിയുടെ ചേംബറിന് പുറത്ത് വെയ്റ്റിംഗ് ഏരിയയിൽ യൂസുഫ് കാക്കഞ്ചേരി ഞങ്ങളെ കാത്തിരിക്കുന്നുണ്ടാവും. എംബസിയിൽ ഡ്യൂട്ടി സമയം ആരംഭിക്കുന്നതിനും വളരെ മുമ്പേ വീട്ടിൽ നിന്നിറങ്ങി കോടതിയിലേക്ക് തിരിക്കുന്ന ആ എംബസ്സി ഉദ്യോഗസ്ഥന്റെ ആത്മാർത്ഥതയെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. കോടതി സമയത്തിന് അനുസരിച്ച് പരിഭാഷകരെ ലഭ്യമാക്കലായിരുന്നു അഷ്റഫ് നേരിട്ടിരുന്ന മറ്റൊരു പ്രതിസന്ധി. എങ്കിലും പരമാവധി സഹകരിച്ചു അബ്ദു റഹ്‌മാൻ മദീനി, അബ്ദുറസാക്ക് സലാഹി, മുഹമ്മദ് കുട്ടി കടന്നമണ്ണ, മുഹമ്മദ് നജാത്തി എന്നീ മലയാളി പരിഭാഷകർ. 

ഒരിക്കൽ ഞാനും അഷറഫും അവിടെ പോയി കോടതി കൂടുന്നതും കാത്തിരിക്കുമ്പോൾ ജഡ്ജിയുടെ ചേമ്പറുടെ വാതിൽ തുറന്ന് കിടക്കുന്നത് കണ്ട് അങ്ങോട്ട് ചെന്നു. അകത്ത് ജഡ്ജിയുടെ മുന്നിലെ ബഞ്ചുകൾ ഒഴിഞ്ഞുകിടക്കുന്നത് കണ്ടപ്പോൾ ഞങ്ങൾക്കും അവിടെ കയറി ഇരിക്കാൻ അനുമതിയുണ്ടാവും എന്ന് കരുതി കയറി ഇരുന്നു. ആരും ഞങ്ങളെ തടഞ്ഞില്ല. കോടതി നടപടികൾ കാണാമല്ലോ എന്ന് സന്തോഷിച്ച് ഞങ്ങൾ അവിടെ ഇരിക്കുമ്പോൾ ജഡ്ജി മൈക്ക് ശരിയാക്കുന്നത് കണ്ടു. കോടതി തുടങ്ങുകയാണ് എന്ന് വിചാരിച്ച് ഞങ്ങൾ ഇരിക്കുമ്പോൾ ജഡ്ജി മൈക്കിലൂടെ വളരെ സൗമ്യമായ ഭാഷയിൽ പറഞ്ഞു, 'ഇവിടെ കയറിയിരിക്കുന്ന ബഹുമാന്യ വ്യക്തികളെ, നിങ്ങൾ പുറത്തേക്ക് ഇറങ്ങി സഹകരിക്കണം'. ജഡ്ജിയുടെ അഭ്യർത്ഥന ഞങ്ങളോടാണ് എന്ന് മനസ്സിലാക്കി ചെറിയൊരു ചമ്മലോടെ പുറത്തിറങ്ങുമ്പോഴാണ് ചേംബർ മാറിപ്പോയെന്ന് ഞങ്ങൾ മനസിലാക്കുന്നത്. 

മറ്റൊരു ദിവസം ഞങ്ങൾ ഇങ്ങനെ കാത്തിരിക്കുമ്പോഴാണ് റഹീമിനെ നേരിൽ കണ്ടത്. വിലങ്ങണിയിച്ച് രണ്ട് പോലീസുകാരുടെ അകമ്പടിയിൽ കൊണ്ടുവന്ന റഹീമിന്റെയും ഞങ്ങളുടെയും കണ്ണുകൾ തമ്മിലിടഞ്ഞു. അൽപ്പനേരത്തിനുള്ളിൽ അവിടെ നിന്ന് കൊണ്ടുപോയി. അതായിരുന്നു ആദ്യമായിട്ടും അവസാനമായിട്ടും റഹീമുമായുള്ള എന്റെ കണ്ടുമുട്ടൽ. ഞാൻ ചിലപ്പോഴൊക്കെ മാത്രമേ അഷ്റഫിനൊപ്പം പോയിട്ടുള്ളൂ എന്നാൽ അഷ്റഫും യൂസുഫും എല്ലാ ഹിയറിങ്ങിനും ഹൈക്കോടതിയിലും ഒലയ്യയിലെ അപ്പീൽ കോടതിയിലും ഹാജരായി. അതിന്റെ എല്ലാ ബുദ്ധിമുട്ടുകളും മാനസിക സമ്മർദ്ദങ്ങളും അവർ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. 

അഷ്റഫും യൂസുഫും ഇങ്ങനെ കഴിഞ്ഞ 17 വർഷം കൊണ്ട വെയിലാണ് ഇന്ന് റഹീം അനുഭവിക്കുന്ന തണൽ. ഈ കാലത്തിനിടയിൽ 85000 ത്തോളം റിയാൽ അഷറഫ് വക്കീൽ ഫീസായി നൽകിയിട്ടുണ്ട്. അതിൽ 10000 റിയാൽ നൗഫലിന്റേതാണ്. രണ്ട് ദിവസത്തെ അവധി പറഞ്ഞ് വാങ്ങിയതാണ്. ഇപ്പോൾ 13 വർഷം കാഞ്ഞിരിക്കുന്നു. ഇതുവരെ ആ ക്യാഷ് കൊടുക്കാൻ കഴിഞ്ഞിട്ടില്ല. ഈ ഭൂമിയിൽ ഞാൻ ജാമ്യക്കാരനായ ഏറ്റവും വലിയ കടം!

ഇതോടൊപ്പമുള്ള ഫോട്ടോ റിയാദിലെ ഹൈകോടതിയിലെ ഒരു സിറ്റിങ് ദിവസത്തേതാണ്. പത്ത് വർഷം മുമ്പുള്ളതാണ് എന്നാണ് ഓർമ!

 


ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ

click me!