മഴ ചതിക്കുമോ? മോശം കാലാവസ്ഥ, മോദി പങ്കെടുക്കുന്ന പരിപാടിയുടെ ജനപങ്കാളിത്തം വെട്ടിച്ചുരുക്കി, റിപ്പോര്‍ട്ട്

By Web TeamFirst Published Feb 13, 2024, 12:41 PM IST
Highlights

യുഎഇയിലെ പ്രതികൂല കാലാവസ്ഥ മൂലം അഹ്‍ലൻ മോദിയില്‍ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം പകുതിയാക്കിയതായി  വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

അബുദാബി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യുഎഇയിലെത്തുമ്പോള്‍ യുഎഇ പ്രവാസികളും ആകാംക്ഷയിലാണ്. മോദിയുടെ സ്വീകരിക്കാനായി വിവിധ ഇന്ത്യന്‍ അസോസിയേഷനുകളും സംഘടനകളും കൂട്ടായി സംഘടിപ്പിക്കുന്ന അഹ്‍ലൻ മോദി പരിപാടി ഇന്ന് വൈകിട്ടാണ് നടക്കുക. പരിപാടിയിലേക്ക് അരലക്ഷത്തിലേറെ പേര്‍ നേരത്തെ തന്നെ രജിസ്റ്റര്‍ ചെയ്തിരുന്നു. അഹ്‍ലൻ മോദിയില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്ത ആളുകളുടെ എണ്ണം 65,000 കടന്നതായി സംഘാടകര്‍ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ യുഎഇയില്‍ തുടരുന്ന കനത്ത മഴയും പ്രതികൂല കാലാവസ്ഥയും മൂലം പരിപാടിയില്‍ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം പകുതിയായി കുറച്ചെന്നാണ് പുതിയ റിപ്പോര്‍ട്ട്.

യുഎഇയിലെ പ്രതികൂല കാലാവസ്ഥ മൂലം അഹ്‍ലൻ മോദിയില്‍ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം പകുതിയാക്കിയതായി  വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. മോശം കാലാവസ്ഥ പരിഗണിച്ച് പരിപാടിയിലെ ജനപങ്കാളിത്തം  80,000 ത്തില്‍ നിന്ന് 35,000 പേരിലേക്ക് ചുരുക്കിയതായി പ്രവാസി കമ്മ്യൂണിറ്റി നേതാവ് സജീവ് പുരുഷോത്തമനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. 60,000 പേര്‍ വെബ്സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്ത് തങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കിയിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ആളുകളുടെ എണ്ണം 35,000 ത്തിനും 40,000ത്തിനുമിടയില്‍ പരിമിതപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. സാംസ്കാരിക പരിപാടികള്‍ അവതരിപ്പിക്കുന്ന കലാകാരന്മാരുടെ എണ്ണം കൂടി ചേര്‍ത്താണിത്. 500ലേറെ ബസുകളും 1,000ലേറെ വാളന്‍റിയര്‍മാരും പരിപാടിയുടെ സുഗമമായ നടത്തിപ്പിന് പിന്നിലുണ്ടെന്ന് സജീവ് പുരുഷോത്തമന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം 45,000 ആളുകളെ പരിപാടിയില്‍ പ്രതീക്ഷിക്കുന്നതായി അബുദാബി ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. 

Latest Videos

വൈകിട്ട് നാലു മണിക്ക് സായിദ് സ്പോര്‍ട്സ് സിറ്റിയിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. വിശ്വാമിത്ര (ലോകത്തിന്‍റെ സുഹൃത്ത്) എന്ന പ്രമേയത്തില്‍ വിവിധ സംസ്ഥാനങ്ങളുടെ തനതായ കലകള്‍ യോജിപ്പിച്ച് ആവിഷ്കരിക്കുന്ന കലാവിരുന്നില്‍ എഴുന്നൂറിലേറെ കലാകാരന്മാര്‍ പങ്കെടുക്കും. ഇന്ത്യന്‍ എംബസിയുടെ മേല്‍നോട്ടത്തില്‍ 150ലേറെ സംഘടനകളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

click me!