വധശിക്ഷ ഒഴിവാക്കി; മുൻ നാവിക ഉദ്യോ​ഗസ്ഥർക്ക് ഖത്തറില്‍ നല്‍കിയത് 3 മുതൽ 25 വർഷം വരെ തടവുശിക്ഷ

By Web TeamFirst Published Dec 29, 2023, 6:12 PM IST
Highlights

വിധിക്കെതിരെ ഖത്തർ ഉന്നത കോടതിയിൽ അപ്പീൽ നൽകുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. തടവുകാരെ കൈമാറുന്നതിന് ഖത്തറുമായുള്ള കരാർ പ്രാബല്യത്തിൽ വന്നിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയം വിശദീകരിച്ചു.

ദില്ലി: ഖത്തറിൽ തടവിലായ മുൻ നാവിക സേന ഉദ്യോഗസ്ഥർക്ക് അപ്പീൽ കോടതി നൽകിയത് 3 മുതൽ 25 വർഷം വരെ തടവ് ശിക്ഷ. മലയാളി നാവികന് മൂന്ന് വർഷം ശിക്ഷയാണ് നൽകിയതെന്നാണ് സൂചന. വിധിക്കെതിരെ ഖത്തർ ഉന്നത കോടതിയിൽ അപ്പീൽ നൽകുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. തടവുകാരെ കൈമാറുന്നതിന് ഖത്തറുമായുള്ള കരാർ പ്രാബല്യത്തിൽ വന്നിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയം വിശദീകരിച്ചു.

ഖത്തറിൽ തടവിലായ മുൻ നാവികസേന ഉദ്യോഗസ്ഥരുടെ വധശിക്ഷ ഇന്നലെ ഖത്തർ കോടതി റദ്ദാക്കിയിരുന്നു. പകരം തടവുശിക്ഷയാണ് കോടതി നൽകിയത്. നാവികർക്ക് ഓരോരുത്തർക്കും നൽകിയിരിക്കുന്ന തടവു ശിക്ഷയുടെ കാലാവധി വ്യത്യസ്തമാണ്. ഈ സാഹചര്യത്തിൽ ഖത്തറിലെ ഉന്നത കോടതിയെ സമീപിക്കുക എന്ന പോംവഴിയാണ് കുടുംബം നോക്കുന്നത്. എല്ലാവരുടെയും അപ്പീൽ ഒന്നിച്ചാകും നൽകുക. സാധാരണ ഗതിയിൽ അപ്പീൽ നൽകാൻ രണ്ടു മാസം വേണം. 

Latest Videos

ഇത് വിദേശകാര്യമന്ത്രാലയത്തിൻറെ സഹായത്തോടെ വേഗത്തിലാക്കാനാണ് നീക്കം. ഉന്നത കോടതിയിൽ നിന്ന് ഇളവു കിട്ടിയില്ലെങ്കിൽ ഖത്തർ അമീറിന് മാപ്പപേക്ഷ നൽകാം. സാധാരണ റംസാൻ സമയത്താണ് അമീർ മാപ്പപേക്ഷ അംഗീകരിക്കാറുള്ളത്. തടവുകാരെ പരസ്പരം  കൈമാറുന്നതിനുള്ള കരാർ ഇരുരാജ്യങ്ങൾക്കുമുണ്ട്. എന്നാൽ ഈ കരാറിന് ഇന്ത്യ അംഗീകാരം നൽകിയെങ്കിലും ഖത്തർ അന്തിമ അനുമതി നൽകിയിട്ടില്ല. വിധിയുടെ വിശദാംശം ഇതുവരെ കിട്ടിയിട്ടില്ലെന്ന് വിദേശകാര്യവക്താവ് അറിയിച്ചു. കോടതിയിലെ അപ്പീൽ നടപടി പൂർത്തിയായ ശേഷമേ അടുത്ത വഴി ആലോചിക്കൂ. ആവശ്യമെങ്കിൽ ഖത്തർ അമീറുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും സംസാരിക്കും എന്നും ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു.

ഖത്തറിൽ തടവിലായ ഇന്ത്യക്കാരുടെ വധശിക്ഷ റദ്ദാക്കി; വധശിക്ഷ വിധിച്ചത് മലയാളി ഉൾപ്പടെ 8 പേർക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

click me!