പി കെ ഫിറോസിനെതിരായ വ്യാജ രേഖ ആരോപണം; അന്വേഷണം ആവശ്യപ്പെടുമെന്ന് മന്ത്രി എ സി മൊയ്തീന്‍

By Web TeamFirst Published Feb 8, 2019, 5:58 PM IST
Highlights

കോലിയക്കോട് കൃഷ്ണൻ നായരുടെ സഹോദരപുത്രൻ ഡി എസ് നീലകണ്ഠന് ഇൻഫർമേഷൻ കേരള മിഷനിൽ ഡെപ്യൂട്ടി ഡയറക്ടറായി നിയമനം നൽകിയത് ചട്ടങ്ങൾ പാലിച്ചാണെന്നും മന്ത്രി എ സി മൊയ്തീന്‍

കണ്ണൂര്‍: പി കെ ഫിറോസിനെതിരായ വ്യാജ രേഖ ആരോപണത്തില്‍ അന്വേഷണം വേണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്‌തീൻ. കോലിയക്കോട് കൃഷ്ണൻ നായരുടെ സഹോദരപുത്രൻ ഡി എസ് നീലകണ്ഠന് ഇൻഫർമേഷൻ കേരള മിഷനിൽ ഡെപ്യൂട്ടി ഡയറക്ടറായി നിയമനം നൽകിയത് ചട്ടങ്ങൾ പാലിച്ചാണ്. നിയമന രേഖകൾ ആർക്കും പരിശോധിക്കാമെന്നും മന്ത്രി എ സി മൊയ്തീൻ കണ്ണൂരില്‍ പറഞ്ഞു. ജയിംസ് മാത്യു എം എല്‍ എ നൽകിയ കത്ത് നിയമനവുമായി ബന്ധപ്പെട്ടല്ലെന്നും, തൊഴിൽ പ്രശ്‌നവുമായി ബന്ധപ്പെട്ടാണ് നൽകിയതെന്നും മന്ത്രി പറഞ്ഞു. 

യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി കെ ഫിറോസ് തന്‍റെ കത്തിൽ കൃത്രിമം കാട്ടിയെന്ന ആരോപണവുമായി ജയിംസ് മാത്യു എംഎൽഎ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ബന്ധുനിയമനത്തിനെതിരെ താൻ മന്ത്രിക്ക് എഴുതിയെന്ന പേരിൽ പി കെ ഫിറോസ് വ്യാജകത്ത് പുറത്തു വിട്ടെന്നാണ് ആരോപണം. സിപിഎം നേതാവ് കോലിയക്കോട് കൃഷ്ണൻ നായരുടെ സഹോദരപുത്രൻ ഡി എസ് നീലകണ്ഠന് ഇൻഫർമേഷൻ കേരള മിഷനിൽ ഡെപ്യൂട്ടി ഡയറക്ടറായി നിയമനം നൽകിയതിനെതിരെ ജയിംസ് മാത്യു എഴുതിയതെന്ന പേരിൽ ഒരു കത്ത് പി കെ ഫിറോസ് പുറത്തു വിട്ടിരുന്നു.

Latest Videos

ഇക്കാര്യം ചൂണ്ടിക്കാട്ടി ജയിംസ് മാത്യു മുഖ്യമന്ത്രിക്കും സ്പീക്കർക്കും പരാതി നൽകുകയും ചെയ്തു. ഫിറോസിനെതിരെ മാനനഷ്ടത്തിന് കേസ് നൽകുമെന്നും ജയിംസ് മാത്യു വ്യക്തമാക്കി.  ഇതിന് പിന്നാലെയാണ് അന്വേഷണം വേണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്ന് മന്ത്രി അറിയിച്ചത്. 

ഇൻഫോർമേഷൻ കേരളാ മിഷനിൽ ധനകാര്യ വകുപ്പിന്‍റെ അനുമതിയില്ലാതെ ഡയറക്ടർ നടത്തിയ നിയമനങ്ങൾ ചൂണ്ടി കാട്ടി 9 പേജുള്ള കത്താണ് നൽകിയതെന്ന് ജയിംസ് മാത്യു പറയുന്നു. ആ കത്തിൽ ആരുടെയും പേര് ഉണ്ടായിരുന്നില്ല. ഇതിലെ ഒരു പേജിലാണ് ഫിറോസ് കൃത്രിമം നടത്തിയത്. സ്ഥാപനത്തിലെ സംഘടനാ പ്രതിനിധിയെന്ന നിലയിലാണ് മന്ത്രിയുടെ ശ്രദ്ധയിൽ കാര്യങ്ങൾ കൊണ്ടുവന്നത്. തന്‍റെ കത്തിൽ അഡീഷണൽ ചീഫ് സെക്രട്ടറി അന്വേഷണം നടത്തുകയാണെന്നും ജയിംസ് മാത്യു പറഞ്ഞു.

നിലവിലെ സാമ്പത്തിക സ്ഥിതിയിൽ സ്ഥാപനത്തിൽ പുതിയ നിയമനങ്ങൾ വേണ്ടെന്നാണ് തന്‍റെ അഭിപ്രായം. അതിനാലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി തദ്ദേശവകുപ്പ് മന്ത്രിക്ക് കത്ത് നൽകിയതെന്നും ജയിംസ് മാത്യു വ്യക്തമാക്കി. എന്നാൽ താൻ കത്തിൽ കൃത്രിമം കാട്ടിയിട്ടില്ലെന്ന് പി കെ ഫിറോസ് തിരിച്ചടിച്ചു. ധൈര്യമുണ്ടെങ്കിൽ തദ്ദേശവകുപ്പ് മന്ത്രിക്ക് നൽകിയ കത്ത് പൂർണമായി ജയിംസ് മാത്യു പുറത്തുവിടണം. പാർട്ടി നേതൃത്വത്തിന്‍റെ സമ്മർദ്ദം മൂലമാണിപ്പോൾ ജയിംസ് മാത്യു കത്തിലെ ഉള്ളടക്കം നിഷേധിക്കുന്നതെന്നും പി കെ ഫിറോസ് ആരോപണത്തോട് പ്രതികരിച്ചിരുന്നു.
 

click me!