വാദങ്ങളുടെയോ അഭ്യൂഹങ്ങളുടെയോ അടിസ്ഥാനത്തിലുള്ള ചോദ്യങ്ങളാണ് നക്ഷത്രചിഹ്നമിടാത്തതാക്കി മാറ്റിയത്: സ്പീക്കര്‍

By Web Team  |  First Published Oct 7, 2024, 11:17 AM IST

സ്വാഭാവികമായ നടപടികള്‍ മാത്രമാണ് സ്വീകരിച്ചിട്ടുള്ളതെന്നും ക്രമരഹിതമായ യാതൊന്നും സംഭവിച്ചിട്ടില്ലെന്നും  സ്പീക്കര്‍ എഎന്‍ ഷംസീര്‍


തിരുവനന്തപുരം: പ്രതിപക്ഷം സഭയില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ നക്ഷത്രചിഹ്നമിടാത്തതാക്കി മാറ്റിയെന്ന ആക്ഷേപത്തില്‍ മറുപടിയുമായി സ്പീക്കര്‍ എ എന്‍ ഷംസീര്‍ രംഗത്ത്. ചോദ്യങ്ങൾക്കായി ലഭിക്കുന്ന എല്ലാ നോട്ടീസുകളും യാതൊരു വിവേചനവും കൂടാതെയും ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെയും ചട്ടത്തിൽ നിഷ്കർഷിച്ചിട്ടുള്ള വ്യവസ്ഥകൾക്കും സ്പീക്കറുടെ നിർദ്ദേശങ്ങൾക്കും വിധേയമായാണ് പ്രോസസ്സ് ചെയ്യുന്നതും അവ സ്റ്റാർഡ് ആയോ അൺസ്റ്റാർഡ് ആയോ  അനുവദിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

ഭരണപക്ഷ എം.എൽ.എ-മാർ സമർപ്പിക്കുന്ന നക്ഷത്രചിഹ്നമിട്ട ചോദ്യ നോട്ടീസുകളും ചട്ടം 36(2) പ്രകാരം നക്ഷത്രചിഹ്നമിടാത്ത ചോദ്യമാക്കി അനുവദിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവിന്‍റെ  പരാതിയിൽ ഉന്നയിച്ചിട്ടുള്ള എല്ലാ ചോദ്യങ്ങളുടെ നോട്ടീസുകളും വാദങ്ങളുടെയോ അഭ്യൂഹങ്ങളുടെയോ അടിസ്ഥാനത്തിലുള്ളതും തദ്ദേശീയ പ്രാധാന്യം മാത്രമുള്ള വിഷയങ്ങളും ആണെന്ന വസ്തുത പരിഗണിച്ചാണ്  അവ നക്ഷത്രചിഹ്നമിടാത്ത ചോദ്യങ്ങളായി അനുവദിച്ചുള്ളത്. ഇക്കാര്യത്തിൽ മനഃപൂർവ്വമായ യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ല. ഒരു അംഗം നക്ഷത്രചിഹ്നമിട്ട ചോദ്യത്തിനായി നൽകുന്ന നോട്ടീസ് നക്ഷത്രചിഹ്നമിടാത്ത ചോദ്യമായി മാറ്റുന്ന സന്ദർഭങ്ങളിലും അവയ്ക്ക് പൂർണ്ണമായോ ഭാഗികമായോ അനുമതി നിഷേധിക്കുന്ന അവസരങ്ങളിലും ചട്ടം 36(3) പ്രകാരമുള്ള അറിയിപ്പ് അംഗങ്ങളുടെ ലോഗിനിൽ ചോദ്യത്തിന്‍റെ  കാറ്റഗറിക്കു താഴെയായി കാണുന്ന രീതിയിൽ ക്രമീകരിച്ചിട്ടുണ്ടെന്ന് സ്പീക്കർ പറഞ്ഞു.

Latest Videos

നോട്ടീസുകൾ അനുവദിക്കുന്നതിനുള്ള നിബന്ധനകൾ പാലിക്കുന്ന നോട്ടീസുകൾക്ക് ചട്ടം 36-ൽ വ്യവസ്ഥ ചെയ്തിട്ടുള്ള പ്രകാരം ബഹു. സ്പീക്കർക്കു വേണ്ടി അനുമതി നൽകുകയാണ് നിയമസഭാ സെക്രട്ടേറിയറ്റ് നിർവ്വഹിക്കുന്നത്. നിയമസഭാ ചട്ടം 266-ന്റെ ക്ലിപ്ത നിബന്ധന പ്രകാരം 'ചോദ്യം സംബന്ധിച്ച നോട്ടീസിന് സഭയിൽ ചോദ്യത്തിന് മറുപടി നൽകുന്ന ദിവസം വരെ യാതൊരു പ്രചാരണവും നൽകാൻ പാടില്ല' എന്ന വ്യവസ്ഥയുണ്ടെന്നിരിക്കെ പത്ര-ദൃശ്യ മാധ്യമങ്ങളിലൂടെയും സാമൂഹ്യ മാധ്യമങ്ങളിലൂടെയും അംഗങ്ങൾ സമർപ്പിച്ച നോട്ടീസുകൾ നക്ഷത്രചിഹ്നമിടാത്ത ചോദ്യമായി അനുവദിച്ച നടപടിയെ വിമർശിച്ചതിലൂടെ പ്രസ്തുത നോട്ടീസുകൾക്ക് നൽകിയ പ്രചാരണം സഭയുടെ അവകാശത്തിന്റെ ലംഘനം ആയിട്ടുകൂടി പരിഗണിക്കാവുന്നതാണ്. തികച്ചും സ്വാഭാവികമായ നടപടികള്‍ മാത്രമാണ് സ്വീകരിച്ചിട്ടുള്ളതെന്നും ക്രമരഹിതമായ യാതൊന്നും സംഭവിച്ചിട്ടില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി.

click me!