അന്ന സെബാസ്റ്റ്യന്‍റെ മരണം; തൊഴിൽ നിയമങ്ങൾ പാലിക്കുന്നുവെന്ന് കമ്പനികള്‍ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി

By Web TeamFirst Published Oct 7, 2024, 11:32 AM IST
Highlights


വിശ്രമമില്ലാത്ത ജോലിയും പിരിച്ചുവിടല്‍ ഭീഷണിയും തൊഴില്‍ അവകാശങ്ങളുടെ നിഷേധവുമൊക്കെ ഐടി രംഗത്ത് ഉള്‍പ്പെടെ ചില തൊഴില്‍ മേഖലകളില്‍ ഉണ്ടെന്ന ആക്ഷേപമുണ്ട്

തിരുവനന്തപുരം: രാജ്യത്ത് എല്ലാ മേഖലകളിലും തൊഴില്‍ നിയമങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.എറണാകുളം സ്വദേശി അന്ന സെബാസ്റ്റ്യന്‍ ഏണസ്റ്റ് & യംഗ്  എന്ന കമ്പനിയുടെ പൂനെയിലുള്ള ഓഫീസില്‍ ജോലി ചെയ്തുവരവെ താമസസ്ഥലത്ത് കുഴഞ്ഞുവീണതിനെ തുടർന്ന് മരണമടഞ്ഞ സംഭവത്തിൽ പി.പി. ചിത്തരഞ്ജൻ്റെ ശ്രദ്ധ ക്ഷണിക്കലിന് നിയമസഭയിൽ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. നോട്ടീസില്‍ ഉന്നയിച്ചിട്ടുള്ള കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


എറണാകുളം കങ്ങരപ്പടി സ്വദേശിനി 26 വയസ്സുള്ള അന്ന സെബാസ്റ്റ്യന്‍ ഏണസ്റ്റ് & യംഗ്  എന്ന കമ്പനിയുടെ പൂനെയിലുള്ള ഓഫീസില്‍ ജോലി ചെയ്തുവരവെ താമസസ്ഥലത്ത് കുഴഞ്ഞുവീണതിനെ തുടര്‍ന്ന് 21.07.2024 ന് മരണപ്പെടുകയുണ്ടായി. തുടര്‍ന്ന് കമ്പനി ചെയര്‍മാനയച്ച കത്തില്‍ ജോലി സ്ഥലത്ത് ഇളവ് ലഭിക്കാതെയും അമിത ജോലിഭാരവും സമ്മര്‍ദ്ദവും അനുഭവിച്ചിരുന്നതായി ചൂണ്ടിക്കാട്ടിയിരുന്നു.  ഇക്കാര്യത്തില്‍ അന്വേഷണം നടത്താമെന്ന് കമ്പനി അധി    കൃതര്‍ ഉറപ്പ് നല്‍കിയതായി അറിവായിട്ടുണ്ട്.

Latest Videos

അന്ന സെബാസ്റ്റ്യന്‍റെ മരണത്തില്‍ ദുരൂഹതയൊന്നും കണ്ടെത്തിയിട്ടില്ലാത്തതിനാല്‍ സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും വിവരം ലഭിച്ചിട്ടുണ്ട്.വിശ്രമമില്ലാത്ത ജോലിയും പിരിച്ചുവിടല്‍ ഭീഷണിയും തൊഴില്‍ അവകാശങ്ങളുടെ നിഷേധവുമൊക്കെ ഐടി രംഗത്ത് ഉള്‍പ്പെടെ ചില തൊഴില്‍ മേഖലകളില്‍ ഉണ്ടെന്ന ആക്ഷേപമുണ്ട്. സംസ്ഥാനത്തെ ഐ.റ്റി പാര്‍ക്കുകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുമായി ഒപ്പുവച്ചിട്ടുള്ള പാട്ടക്കരാറില്‍ സംസ്ഥാനത്ത് നിലവിലുളള എല്ലാ തൊഴില്‍  നിയമങ്ങളും പാലിച്ചിരിക്കണമെന്ന നിബന്ധന ചെയ്തിട്ടുണ്ട്. പ്രസ്തുത നിബന്ധനകള്‍ പാലിക്കാത്തപക്ഷം ജീവനക്കാര്‍ക്ക് നിലവിലുളള നിയമ വ്യവസ്ഥകള്‍ക്ക് അനുസൃതമായി നടപടികള്‍ തേടാനും കഴിയും.

കോവിഡിന് ശേഷം കൂടുതല്‍ കമ്പനികള്‍ 'വര്‍ക്ക് ഫ്രം ഹോം' സമ്പ്രദായം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും നിലവിലുള്ള തൊഴില്‍ നിയമങ്ങളില്‍ ഇത് സംബന്ധിച്ച് വ്യക്തമായ സമയക്രമം പരാമര്‍ശിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

click me!