വടക്കന്‍ കേരളത്തില്‍ മീനചൂടില്‍ കാമദേവ പൂജയ്ക്കായി പൂവിളിയുയരും

By സുധീഷ് പുങ്ങംചാല്‍First Published Mar 23, 2018, 8:59 AM IST
Highlights
  • കോലത്തുനാട്ടിലും അള്ളട ദേശത്തുമാണ് പൂരോത്സവം നടക്കുക.
  • കാമദേവ പൂജയാണ് പൂരം.

കാസര്‍കോട്:  അത്യുത്തര കേരളത്തില്‍ മീനചൂട് കനത്തതോടെ ഇനി പൂരോത്സവ നാളുകളിലേക്ക്... പൂവിളികളും പൂരക്കളി ശീലുകളുമായി നാടെങ്ങും മീനമാസത്തിലെ പൂരം നാളിനെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ്.  മീനമാസത്തിലെ കാര്‍ത്തിക നാള്‍ തൊട്ട് ഒന്‍പത് രാപകലുകള്‍ വടക്കന്‍ കേരളത്തിലെ ചന്ദ്രഗിരി പുഴയ്ക്കും കണ്ണൂര്‍ വളപട്ടണം പുഴയ്ക്കുമിടയിലുള്ള പ്രദേശങ്ങളില്‍ പൂരോത്സവത്തിന്റെയും പൂരക്കളികളുടെയും അലയൊലികള്‍ മുഴുങ്ങും.

കോലത്തുനാട്ടിലും അള്ളട ദേശത്തുമാണ് പൂരോത്സവം നടക്കുക. കാമദേവ പൂജയാണ് പൂരം.

Latest Videos

പൂരക്കാലത്ത് പൂക്കളെ കൊണ്ട് കാമദേവ രൂപമുണ്ടാക്കി കാവുകളിലും ഭഗവതി ക്ഷേത്രങ്ങളിലും നാരായണ പൂജകള്‍ നടക്കും. കന്യകമാരായ പെണ്‍കുട്ടികളാണ് കാമദേവ ആരാധനയില്‍ പങ്കെടുക്കുക. വീടുകളിലും കിണറ്റിന്‍കരയിലും ആരാധനയുടെ ഭാഗമായി പൂക്കള്‍ കൊണ്ട് അര്‍ച്ചന നടത്തും. കുട്ടികള്‍ക്ക് നിര്‍ദ്ദേശം നല്‍കികൊണ്ട് അവര്‍ക്കൊപ്പം പ്രായം ചെന്ന മുത്തശ്ശിമാരുമുണ്ടാകും.

ഐതിഹ്യം
ഹൈന്ദവ വിശ്വാസപ്രകാരം ലോകത്തിന്റെ നിലനില്‍പ്പിന് തന്നെ വെല്ലുവിളി ഉയര്‍ത്തിയ താരകാസുരനെ വധിക്കേണ്ടത് അത്യാവശ്യമായി വന്നു. പരമശിവന് മാത്രമേ അതിന് സാധിക്കൂ. അതിനായി ശിവന്റെ തപസിന് വിഘ്‌നം വരുത്തി, ശിവ-പാര്‍വ്വതി സമാഗമം സാദ്ധ്യമാകണം. അങ്ങനെ ദേവന്‍മാരുടെ ആവശ്യപ്രകാരം ശിവന്റെ തപസ്സിളക്കാന്‍ കാമദേവനെ നിയോഗിക്കുന്നു. പാര്‍വ്വതി ദേവി ശിവപൂജയ്ക്കായി കൈലാസത്തിലെത്തിയ സമയം നോക്കി കാമദേവന്‍ തന്റെ ആവനാഴിയിലെ പഞ്ചബാണങ്ങളിലൊന്ന് ശിവന്റെ നേരെതൊടുത്തു. തപസിന് വിഘ്‌നം വരുത്തിയ കാമദേവനെ ഉഗ്രകോപിയായ പരമശിവന്‍ മൂന്നാം കണ്ണുതുറന്ന് ദഹിപ്പിച്ചു. കാമദേവന്‍ ഇല്ലാതായതോടെ മാനവരാശിയുടെ നിലനില്‍പ്പിന് ഭീഷണിയായി. പരിഹാരത്തിനായി കാമദേവന്റെ പത്‌നി രതി പരമശിവനെ സമീപിച്ചു. ചൈത്രമാസത്തിലെ ആദിത്യനായ മാഹാ വിഷ്ണുവിനെ പൂക്കളര്‍പ്പിച്ചു പൂജിച്ചാല്‍ കാമദേവന്‍ പുനര്‍ജനിക്കുമെന്നു പരമശിവന്‍ അറിയിക്കുന്നു. ഇതുപ്രകാരം മീനമാസത്തിലെ കാര്‍ത്തിക നാള്‍തൊട്ട് പൂരം വരെയുള്ള നാളുകളില്‍ അപ്‌സരസുകള്‍ പൂക്കള്‍ കൊണ്ട് കാമദേവ രൂപമുണ്ടാക്കി ഭൂമിയിലും ആകാശത്തിലും സ്വര്‍ഗത്തിലും പൂജനടത്തി. പൂജയുടെ ഫലമായി കൃഷ്ണ പുത്രനായി കാമദേവന്‍ പുനര്‍ജനിച്ചുവെന്നാണ് പുരാണം.

പൂരപൂക്കള്‍
പുല്ലാഞ്ഞി കാടുകളില്‍ വിരിയുന്ന പച്ച നിറത്തിലുള്ള നരയന്‍ പൂവാണ് പൂരപ്പൂക്കളില്‍ പ്രധാനം. പൂരമെന്ന ആചാര അനുഷ്ടനങ്ങള്‍ ഇന്നും തുടരുന്ന വടക്കന്‍ കേരളത്തില്‍ പൂരോത്സവത്തിന്റെ പ്രധാന പൂവാണിത്. പൂരക്കാലത്ത് ക്ഷേത്രങ്ങളിലും തറവാടുകളിലും വീടുകളിലും നടക്കുന്ന പൂരോത്സവത്തിന് ഉപയോഗിക്കുന്ന മറ്റ് പൂക്കളും വ്യത്യസ്തമാണ്. മുരിക്കിന്‍ പൂവ്, എരിക്കിന്‍പൂവ്, അതിരാണി, ചെമ്പകം തുടങ്ങിയ പൂക്കളാണ്. എല്ലാം കാട്ടുപൂക്കള്‍. ഇടനാടന്‍ കുന്നുകളിലും പുഴയോരങ്ങളിലുമാണ് പൂരപൂക്കള്‍ വിരിയുന്നത്. പൂരനാളുകളില്‍ കന്യകമാര്‍ അര്‍ച്ചന നടത്തുന്ന പൂക്കള്‍ ഉപയോഗിച്ച് സമാപനദിവസം കാമദേവന്റെ രൂപം ഉണ്ടാക്കും. തുടര്‍ന്ന് പൂരം കുളി കഴിഞ്ഞ് ഈ രൂപം സന്ധ്യയോടെ പാലുള്ള മരത്തിന്റെ ചുവട്ടില്‍ കൊണ്ടുപോയി കന്യകമാരായ പെണ്‍കുട്ടികള്‍ അമ്മമാര്‍ക്കും മുത്തശ്ശിമാര്‍ക്കൊപ്പവുമെത്തി കൈകൂപ്പി നിന്ന് സമര്‍പ്പിക്കും. അടുത്ത കൊല്ലവും നേരത്തെ കാലത്തേ വരണേ കാമ എന്ന വാമൊഴിയോടെ കാമദേവനെ യാത്രയാക്കുന്ന ചടങ്ങ് വടക്കന്‍ കേരളത്തിന്റെ മാത്രം പ്രത്യേകതയാണ്...

പൂരക്കളി
പതിനെട്ട് കന്യകമാര്‍ പതിനെട്ട് താളത്തില്‍ പാടി അവതരിപ്പിച്ചതാണ് പൂരക്കളി.

ചെന്താമരപ്പൂ അര്‍പ്പിച്ച് രംഭയെന്ന അപ്‌സര കന്യക നടിച്ച ഒന്നാം നിറം മുതല്‍ ഗിരി കന്യക ചെക്കിപ്പൂ അര്‍പ്പിച്ച് മാളവികാ രാഗത്തില്‍ നടിച്ച നിറവുമടക്കം 18 തരം കളിയാണ് പൂരക്കളിയിലുള്ളത്.

21 മുളം നീളവും നാലുവിരല്‍ വീതിയുള്ള കച്ചയും എട്ടുമുളം നീളമുള്ള ചുവന്ന പട്ടുതുണിയും മുകളില്‍ ഉറുമാലയും ഉടുത്തുകെട്ടിയാണ് ഇപ്പോള്‍ പൂരക്കളിക്കാര്‍ അരങ്ങിലെത്തുന്നത്. പൂരോത്സവ നാളുകളില്‍ ക്ഷേത്രങ്ങളെയും കാവുകളെയും കഴകങ്ങളെയും ധന്യമാക്കുന്ന പൂരക്കളി ആദ്യകാലത്ത് സ്ത്രീകള്‍ തന്നെയാണ് കളിച്ചിരുന്നത്. വ്രീളാക്ഷിമാരാലത് ആകാതെ വന്നപ്പോള്‍.... പുരുഷന്മാര്‍ ഏറ്റെടുത്തുവെന്ന് പൂരക്കളി പാട്ടിന്‍ വാമൊഴി. 

മറത്തുകളി
പൂരോത്സവ നാളുകളില്‍ നിറഞ്ഞ സദസിന് മുന്നില്‍ രണ്ട് ക്ഷേത്രങ്ങളെ പ്രതിനിധീകരിച്ച് സംസ്‌കൃത പണ്ഡിതന്മാരായ പണിക്കന്മാര്‍ നടത്തുന്ന വാദപ്രതിവാദമാണ് മറത്തുകളി. മറത്തുകളി കൂടി വരുന്നതോടെയാണ് പൂരക്കളിക്ക് ആവേശം കൂട്ടുന്നത്. ക്ഷേത്രങ്ങള്‍ തമ്മിലുള്ള സൗഹൃദം ഊട്ടിഉറപ്പിക്കുന്നതും മറത്തുകളിയിലൂടെയാണ്. അയല്‍പക്കകാരന്റെ കഴിവുകളും ചിന്തയും വിജ്ഞാനവും അംഗീകരിക്കാന്‍ അവസരമൊരുക്കുന്ന അനുഷ്ടനമാണ് മറത്തുകളി. കാവ്യം, വേദം, തര്‍ക്കം, പുരാണോതിഹാസം, സാഹിത്യ മീംമാസ, അലങ്കാരശാസ്ത്രം, വൃത്തശാസ്ത്രം, മഹാരോശാസ്ത്രം, ധ്വനി തുടങ്ങി ആധുനിക കവിതകള്‍ വരെ പകര്‍ന്നുനല്‍കുന്ന പണ്ഡിത സദസാണ് മറത്തുകളി.

 

click me!