അടുത്ത ദില്ലി മുഖ്യമന്ത്രി ആരെന്നതിൽ നാളെ അന്തിമ തീരുമാനം; എഎപി എംഎൽഎമാരുടെ അഭിപ്രായം തേടും

By Web TeamFirst Published Sep 16, 2024, 6:55 PM IST
Highlights

നാളെ ചേരുന്ന യോഗത്തിൽ എംഎൽഎമാർ ഒരോരുത്തരോടും കെജ്രിവാൾ അഭിപ്രായം തേടുമെന്നും ഇത് പ്രകാരം നാളെ തന്നെ അടുത്ത മുഖ്യമന്ത്രി ആരാകണം എന്ന് തീരുമാനിക്കുമെന്നും സൗരഭ് ഭരദ്വാജ് അറിയിച്ചു

ദില്ലി: ദില്ലി മുഖ്യമന്ത്രി പദം അരവിന്ദ് കെജ്രിവാൾ നാളെ രാജിവെക്കും. നാളെ വൈകിട്ട് നാലരയ്ക്ക് ദില്ലി ലഫ്റ്റനൻ്റ് ഗവർണർ കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകിയിട്ടുണ്ട്. അടുത്ത മുഖ്യമന്ത്രി ആരാകണം എന്ന കാര്യത്തിൽ ചർച്ചകൾ നടക്കുകയാണ്. ഇന്ന് ചേർന്ന രാഷ്ട്രീയ കാര്യ സമിതി യോഗത്തിൽ ഈ വിഷയം ചർച്ചയായെങ്കിലും അന്തിമ തീരുമാനം എടുത്തില്ല. ഓരോ മന്ത്രിമാരോടും ആര് മുഖ്യമന്ത്രിയാകണമെന്ന കാര്യത്തിൽ അരവിന്ദ് കെജ്രിവാൾ അഭിപ്രായം തേടിയെന്ന് മന്ത്രി സൗരഭ് ഭരദ്വാജ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നാളെ ചേരുന്ന യോഗത്തിൽ എംഎൽഎമാർ ഒരോരുത്തരോടും കെജ്രിവാൾ അഭിപ്രായം തേടുമെന്നും ഇത് പ്രകാരം നാളെ തന്നെ അടുത്ത മുഖ്യമന്ത്രി ആരാകണം എന്ന് തീരുമാനിക്കുമെന്നും സൗരഭ് ഭരദ്വാജ് അറിയിച്ചു.

അരവിന്ദ് കെജ്രിവാൾ ആവശ്യപ്പെട്ടത് പോലെ ദില്ലിയിൽ ഉടൻ തെരഞ്ഞെടുപ്പ് നടത്താനാകില്ലെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ വ്യക്തമാക്കിയ പശ്ചാത്തലത്തിൽ കൂടിയാണ് അടുത്ത മുഖ്യമന്ത്രിക്കായി എഎപി ആലോചന നടത്തുന്നത്. മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുമെന്ന അരവിന്ദ് കെജ്രിവാളിന്റെ പ്രഖ്യാപനത്തിനു ശേഷം ദില്ലി രാഷ്ട്രീയം ചൂടു പിടിച്ചിരിക്കുകയാണ്. മന്ത്രിമാരായ അതിഷി മർലേന, ഗോപാൽ റായ്, കൈലാഷ് ഗലോട്ട് എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് സജീവമായുള്ളത്. കെജ്രിവാൾ ജയിലിലായപ്പോൾ സർക്കാരിന്റെ പ്രധാന ചുമതലകൾ വഹിച്ചത് അതിഷിയായിരുന്നു.

Latest Videos

മുതിർന്ന നേതാവെന്ന നിലയിൽ ഗോപാൽ റായിക്കും പാർട്ടിയിൽ സ്വീകാര്യതയുണ്ട്. സുനിത കെജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിക്കണമെന്ന നിലപാട് പല എംഎൽഎമാരും ഉയ‍ർത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണം തന്റെ സത്യസന്ധത എന്ന ഒറ്റ വിഷയത്തിൽ ഒതുക്കാനാണ് കെജ്രിവാളിന്റെ നീക്കമെന്ന് ബിജെപി കരുതുന്നു. തോറ്റാൽ  ഉത്തരവാദിത്തം ഏറ്റെടുക്കാതിരിക്കാൻ കൂടിയാണ് നേതൃമാറ്റം എന്ന തന്ത്രം കെജ്രിവാൾ പരീക്ഷിക്കുന്നത്. നവംബറിൽ മഹാരാഷ്ട്രയുടെ ഒപ്പം തെരഞ്ഞെടുപ്പ് നടത്തണം എന്ന നിർദ്ദേശമാണ് കെജ്രിവാൾ മുന്നോട്ടു വച്ചത്.  ദില്ലി നിയമസഭയുടെ കാലാവധി ഫെബ്രുവരി 15 വരെ ഉണ്ടെന്നും മത്സരത്തിനുള്ള ഒരുക്കത്തിന് സമയം വേണമെന്നും കേന്ദ്ര സർക്കർ ചൂണ്ടിക്കാട്ടുന്നു.

click me!