സുകുമാരക്കുറുപ്പിനോട് പൂര്‍ണമായും ക്ഷമിച്ചുവെന്ന് ചാക്കോയുടെ കുടുംബം

By Web Desk  |  First Published Jul 1, 2018, 5:53 PM IST
  • സുകുമാരക്കുറുപ്പ് എന്ന പിടികിട്ടാപ്പുള്ളിയെ സൃഷ്ടിച്ച കുപ്രസിദ്ധമായ ചാക്കോവധക്കേസില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു സംഭവം

ആലപ്പുഴ: സുകുമാരക്കുറുപ്പ് എന്ന പിടികിട്ടാപ്പുള്ളിയെ സൃഷ്ടിച്ച കുപ്രസിദ്ധമായ ചാക്കോവധക്കേസില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു സംഭവം. സുകുമാരക്കുറുപ്പിനോട് പൂര്‍ണമായും ക്ഷമിച്ചുവെന്ന് ചാക്കോയുടെ കുടുംബം വ്യക്തമാക്കി. കേസിലെ രണ്ടാംപ്രതി  ഭാസ്കരപിള്ളയെ  ചാക്കോയുടെ കുടുംബം ചെങ്ങന്നൂരിലെത്തി സന്ദര്‍ശിച്ചു. സുകുമാരക്കുറുപ്പിന്റെ  ഭാര്യാസഹോദരിയുടെ ഭര്‍ത്താവാണു ഭാസ്‌കരപിള്ള.മാധ്യമപ്രവർത്തകനായ കുര്യാക്കോസ് മുഖേന വീട്ടിലെത്തിയ യുകെ കേന്ദ്രമായ ഡിവൈൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ.ജോർജ് പനയ്ക്കലിനോട‍ാണു ശാന്തമ്മ ചാക്കോ, സുകുമാരക്കുറുപ്പിനോടും മറ്റു പ്രതികളോടും ക്ഷമിക്കാനും അവരെ നേരിൽക്കാണാനുമുള്ള ആഗ്രഹം അറിയിച്ചത്. 

കോൺഗ്രസ് നേതാവ് എബി കുര്യാക്കോസ്, യൂത്ത് കോൺഗ്രസ് നേതാവ് റ്റിറ്റി പാറയിൽ എന്നിവരിലൂടെ വിവരം രണ്ടാം പ്രതിയും സുകുമാരക്കുറുപ്പിന്റെ അടുത്തബന്ധുവുമായ ഭാസ്കരൻപിള്ളയെ അറിയിച്ചു. ഇന്നലെ, ചെങ്ങന്നൂർ സെന്റ് തോമസ് മലങ്കര സുറിയാനി കത്തോലിക്ക ദേവാലയത്തിനു സമീപം ഇരുകൂട്ടർക്കും തമ്മിൽ കണ്ടു സംസാരിക്കാൻ ഫാ.ജോർജ് പനയ്ക്കൽ അവസരമൊരുക്കി.

Latest Videos

undefined

ചേട്ടനു വേണ്ടി ഞങ്ങൾ പ്രാർഥിക്കുന്നുണ്ട്, ഒരു വിധ ദേഷ്യമോ വിദ്വേഷമോ പരിഭവം പോലുമോ ഞങ്ങൾക്കില്ല.’ ചാക്കോയുടെ സഹോദരൻ ജോൺസൻ ഭാസ്കരൻപിള്ളയോടു പറഞ്ഞു. ശിക്ഷകഴിഞ്ഞു ജയിലിൽ നിന്നിറങ്ങിയതിനെക്കാൾ സന്തോഷം, ക്ഷമിച്ചു എന്ന ശാന്തമ്മയുടെ വാക്കുകൾക്കാണെന്നു ഭാസ്കരൻപിള്ള.

കേസിലെ പ്രതികളോടെല്ലാം ക്ഷമിച്ചുവെന്നും ചെങ്ങന്നൂര്‍ സെന്‍റ് തോമസ് മലങ്കര കത്തോലിക്കാ പള്ളിയിലെ കൂടിക്കാഴ്ച മനസിന്‍റെ ഭാരം കുറച്ചുവെന്നും ചാക്കോയുടെ കുടുംബം പറഞ്ഞു.

സുകുമാര കുറുപ്പ് കേസില്‍ സംഭവിക്കുന്നത് ഇത്..

1984 ജനുവരി 22-നാണ്‌ ഫിലിം റപ്രസന്റേറ്റീവ്‌ ചാക്കോ മാവേലിക്കരയിലെ കുന്നത്ത്‌ കൊല്ലപ്പെട്ടത്‌. സമ്പന്നനാകാനുള്ള സുകുമാരക്കുറുപ്പിന്റെ അത്യാഗ്രഹമാണു കൊലപാതകത്തിലേക്കു നയിച്ചത്‌. സുകുമാരക്കുറുപ്പും നഴ്‌സായ ഭാര്യയും ഗള്‍ഫിലായിരുന്നു. ഇതിനിടെ കുറുപ്പ്‌ എട്ടുലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ്‌ പോളിസി എടുത്തു. താന്‍ മരിച്ചെന്നു വരുത്തിത്തീര്‍ത്ത്‌ ഇന്‍ഷുറന്‍സ്‌ തുക തട്ടിയെടുക്കുകയായിരുന്നു ലക്ഷ്യം. അതിനായി സുകുമാരക്കുറുപ്പും ഭാസ്‌കരപിള്ളയും പൊന്നപ്പനും സുകുമാരക്കുറുപ്പിന്റെ സഹായിയായ ഷാഹുവും ഗൂഢാലോചന നടത്തി. കുറുപ്പിനോടു  രൂപസാദൃശ്യമുള്ള മൃതദേഹം സംഘടിപ്പിച്ച്‌ കാറിലിട്ടു കത്തിക്കാനായിരുന്നു ആദ്യപദ്ധതി. 

എന്നാല്‍, മോര്‍ച്ചറിയില്‍നിന്നു മൃതദേഹം സംഘടിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടു. ഇതോടെ കുറുപ്പിന്റെ രൂപസാദൃശ്യമുള്ള ഒരാളെ കണ്ടെത്തി കൊലപ്പെടുത്താന്‍ തീരുമാനിച്ചു.  സംഭവദിവസം രാവിലെ ഇവര്‍ ആലപ്പുഴയ്‌ക്കു സമീപമുള്ള ഒരു ടൂറിസ്‌റ്റ്‌ കേന്ദ്രത്തില്‍നിന്നു രണ്ടു കാറുകളില്‍ യാത്രതിരിച്ചു. എന്നാല്‍ ഓച്ചിറവരെ എത്തിയിട്ടും ഇരയെ കണ്ടെത്താനായില്ല. മടങ്ങുന്നവഴി ഹരിപ്പാട്‌ കരുവാറ്റയില്‍ ഇവര്‍ സഞ്ചരിച്ച കെ.എല്‍-വൈ 5959 കാറിന്‌ ഒരാള്‍ കൈകാണിച്ചു.  

സുകുമാരക്കുറുപ്പുമായി രൂപസാദൃശ്യമുള്ള ചാക്കോയായിരുന്നു അത്‌. കാറില്‍ കയറ്റിയ  ചാക്കോയെ നിര്‍ബന്ധിച്ച്‌ മദ്യം കുടിപ്പിച്ചു. തുടര്‍ന്ന്‌ കൊലപ്പെടുത്തിയശേഷം ചെറിയനാട്ടെ വീട്ടിലെത്തിച്ചു. രാത്രി മൃതദേഹത്തില്‍ സുകുമാരക്കുറുപ്പിന്റെ വസ്‌ത്രങ്ങള്‍ അണിയിച്ച്‌,  മാവേലിക്കര കുന്നം റോഡില്‍ എത്തിച്ചു. തുടര്‍ന്ന്‌  കാറിന്റെ മുന്‍സീറ്റിലിരുത്തി പെട്രോള്‍ ഒഴിച്ച്‌ കത്തിക്കുകയായിരുന്നു. കേസ് അന്വേഷണം മുറുകി പോലീസ് പിടിയില്‍ കൂട്ടുപ്രതികള്‍ പിടിയിലായപ്പോള്‍ മുങ്ങിയ സുകുമാരക്കുറുപ്പിനെ പിന്നെ കണ്ടെത്താന്‍ കേരള പോലീസിന് സാധിച്ചിട്ടില്ല.

click me!