'ഞാൻ ഇന്ന് ഒരു റിപ്പോർട്ട് കണ്ടു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടു'
വാഷിംഗ്ടൺ: കമല ഹാരിസിനെ പരാജയപ്പെടുത്തി അമേരിക്കയുടെ അടുത്ത പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ട ഡോണൾഡ് ട്രംപ് വിജയത്തിന് ശേഷമുള്ള തന്‍റെ 'ആദ്യ' പൊതുവേദിയിലെ പ്രസംഗത്തിൽ പ്രധാനമായും മുന്നോട്ട് വച്ചത് രണ്ട് കാര്യങ്ങൾ. റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിലും പശ്ചിമേഷ്യയിൽ സമാധാനം സ്ഥാപിക്കുന്നതിലുമാകും തൻ്റെ ഭരണകൂടം ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നാണ് നിയുക്ത യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞത്. നവംബർ 5-ന് നടന്ന പ്രസിഡൻ്റ് തിരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം ആദ്യമായി പൊതുവേദിയിൽ നടത്തിയ പ്രസംഗത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
undefined
'ഞങ്ങൾ മിഡിൽ ഈസ്റ്റിൽ സമാധാനം സ്ഥാപിക്കാനായി പ്രവർത്തിക്കാൻ പോകുകയാണ്, ഞങ്ങൾ റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാനായി വളരെ കഠിനമായി പ്രവർത്തിക്കാൻ പോകുകയാണ്' - എന്നാണ് ട്രംപ് പറഞ്ഞത്. 'റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കണം. ഞാൻ ഇന്ന് ഒരു റിപ്പോർട്ട് കണ്ടു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടു. അവർ പട്ടാളക്കാരായിരുന്നു, അവർ സൈനികരാണെങ്കിലും അവരും മനുഷ്യരാണ്, എല്ലാവരുടെയും ജീവൻ സംരക്ഷിക്കപ്പെട്ടണം' - എന്നും ട്രംപ് കൂട്ടിച്ചേർത്തു. അതുകൊണ്ടുതന്നെ യുദ്ധം അവസാനിപ്പിച്ച് സമാധാനം പുനഃസ്ഥാപിക്കാനുള്ള പരിശ്രമമാകും തന്‍റെ ഭരണകൂടം നടത്തുകയെന്നും നിയുക്ത പ്രസിഡന്‍റ് കൂട്ടിച്ചേർത്തു.
അതിനിടെ പുറത്തുവന്ന മറ്റൊരു വാർത്ത നിയുക്ത അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ നിർദേശാനുസരണം ഇറാൻ നയതന്ത്ര പ്രതിനിധിയുമായ എലോൺ മസ്ക് ചർച്ച നടത്തിയെന്നതാണ്. ട്രംപിന്റെ നേതൃത്വത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ആരംഭമാണ് ചർച്ചയെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്. തിങ്കളാഴ്ച ന്യൂയോർക്കിലെ രഹസ്യ കേന്ദ്രത്തിൽ ട്രംപിന്റെ വിശ്വസ്ത ഉപദേശകനായ എലോൺ മസ്ക് യു എന്നിലെ ഇറാൻ നയതന്ത്ര പ്രതിനിധി അമീർ സൈദ് ഇറാവനിയുമായി ഒരു മണിക്കൂർ നീണ്ട കൂടിക്കാഴ്ച്ചയാണ് നടത്തിയതെന്നാണ് വിവരം. ട്രംപിന്റെ നിർദേശാനുസരണം നടന്ന കൂടിക്കാഴ്ച ഇറാൻ പ്രസിഡന്റിന്റെ അറിവോടെയായിരുന്നു. ചർച്ച വളരെ പോസിറ്റീവ് ആയിരുന്നുവെന്നാണ് ന്യൂ യോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. ട്രംപ് കഴിഞ്ഞ തവണ പ്രസിഡന്റ് ആയിരുന്നപ്പോൾ തീർത്തും സംഘർഷഭരിതമായിരുന്നു ഇറാൻ - യു എസ് ബന്ധം. ഇറാനുമായുള്ള ആണവകരാറിൽ നിന്ന് പിന്മാറിയ ട്രംപ് കനത്ത സാമ്പത്തിക ഉപരോധവും ടെഹ്‌റാനുമേൽ അടിച്ചേൽപ്പിച്ചു. എന്നാൽ മാറിയ കാലത്ത് ഇറാനുമായി സമാധാനപരമായ ഒരു ബന്ധമാണ് അമേരിക്കയുടെ താൽപര്യങ്ങൾക്കും നല്ലതെന്ന തിരിച്ചറിവിലാണ് ട്രംപിന്റെ പുതിയ നീക്കമെന്നാണ് വിലയിരുത്തൽ. ഇസ്രയേലുമായി ബന്ധം ഏറ്റവും വഷളായ സാഹചര്യത്തിൽ അമേരിക്കയുമായി അടുക്കുന്നത് പല രീതിയിലും ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലിലാണ് ഇറാനെന്നും വിലയിരുത്തലുകളുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം