തെലങ്കാന എംപിയുടെ മകനെതിരെ നഴ്സിം​ഗ് വിദ്യാർത്ഥിനികളുടെ ലൈം​ഗിക അതിക്രമ ആരോപണം

By Web Team  |  First Published Aug 4, 2018, 6:49 PM IST

ഇയാൾ പെൺകുട്ടികളുടെ ഹോസ്റ്റലിൽ നിത്യസന്ദർശകനാണ്. പെൺകുട്ടികളോട് മോശമായി സംസാരിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തിട്ടുണ്ട്.  


ഹൈദരാബാദ്:  തെലങ്കാന രാഷ്ട്ര സമിതി നേതാവും രാജ്യസഭാ എംപിയുമായ ഡി. ശ്രീനിവാസിന്റെ മകൻ ഡി. സ‍ഞ്ജയിനെതിരെ ലൈം​ഗികാതിക്രമ ആരോപണവുമായി നഴ്സിം​ഗ് വിദ്യാർത്ഥിനികൾ. നിസാമാബാദിലെ ശങ്കരി സ്കൂൾ ഓഫ് നഴ്സിം​ഗിലെ പതിനൊന്ന് പേരാണ് ആരോപണമുന്നയിച്ചത്. തെലങ്കാന ആഭ്യന്തര വകുപ്പ് മന്ത്രി നയന നരസിംഹ റെഡ്ഡിക്ക് ഇവർ പരാതി നൽകി. കോളേജ് മാനേജ്മെന്റ് അം​ഗമാണ് മുൻ മേയർ കൂടിയായ സഞ്ജയ്. 

പെൺകുട്ടികളെ ലൈം​ഗികമായി ഉപയോ​ഗിച്ചു എന്നാണ് സഞ്ജയിനെതിരായ പരാതിയുടെ ഉള്ളടക്കം. ''ഇയാൾ പെൺകുട്ടികളുടെ ഹോസ്റ്റലിൽ നിത്യസന്ദർശകനാണ്. പെൺകുട്ടികളോട് മോശമായി സംസാരിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തിട്ടുണ്ട്.  അതുപോലെ വീട്ടിൽ പോകാനുള്ള അനുവാദവും നൽകാറില്ല.  പതിനൊന്ന് പെൺകുട്ടികളോടും സഞ്ജയ് ലൈം​ഗിക അതിക്രമം നടത്തിയിട്ടുണ്ട്. ഇയാൾക്കെതിരെ നിയമപരമായ നടപടി എടുക്കണം. ആഭ്യന്തര വകുപ്പ് മന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.'' സാമൂഹ്യ പ്രവർത്തക സന്ധ്യ മാധ്യമങ്ങളോട് പറഞ്ഞു.

Latest Videos

ഡിജിപി എം മഹേന്ദ്ര റെഡ്ഡിക്ക് പരാതി കൈമാറിയതായി മന്ത്രി അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടത്താൻ നിസാമാബാദ് കമ്മീഷണർക്ക്  ഡിജിപി ഉത്തരവ് നൽകിയിട്ടുണ്ട്. പരാതിയിൻമേൽ ഉടനടി നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.  

click me!