മനസാക്ഷിയെ ഞെട്ടിച്ച ഷെഫീക്ക് വധശ്രമ കേസ്; അന്തിമ വാദം നാളെ, പ്രതികള്‍ അച്ഛനും രണ്ടാനമ്മയും

By Web Team  |  First Published Nov 25, 2024, 10:13 PM IST

രണ്ടാനമ്മയുടെയും അച്ഛൻ്റെയും ക്രൂരമർദനങ്ങൾക്കിരയായ ഷെഫീക്ക് ശാരീരിക മാനസിക വെല്ലുവിളികൾ നേരിട്ട് ജീവിക്കുകയാണ്.  
 


ഇടുക്കി: ഷെഫീക്ക് വധശ്രമ കേസിലെ അന്തിമ വാദം നാളെ തൊടുപുഴ ഒന്നാം അഡീഷണല്‍ ജില്ലാ കോടതിയില്‍ നടക്കും. മനസാക്ഷിയെ ഞെട്ടിച്ച കൊടുംക്രൂരതകൾ നിറഞ്ഞ കേസിൽ കുട്ടിയുടെ അച്ഛനും രണ്ടാനമ്മയുമാണ് പ്രതികള്‍. ഇരുവരും ചേര്‍ന്ന് കുട്ടിയുടെ ഇടതു കാല്‍മുട്ട് ഇരുമ്പ് കുഴല്‍ കൊണ്ട് അടിച്ചൊടിച്ചും നിലത്ത് വീണ കുട്ടിയുടെ നെഞ്ചുഭാഗത്ത് ചവിട്ടി പരുക്കേല്‍പ്പിച്ചും രണ്ടാനമ്മ കുട്ടിയുടെ തല ഭിത്തിയില്‍ ഇടിപ്പിച്ച് തലച്ചോറിന് ക്ഷതം ഏല്‍പ്പിച്ചും സ്റ്റീല്‍ കപ്പ് ചൂടാക്കി കൈ പൊള്ളിച്ചും തുടര്‍ന്നിരുന്ന നിരന്തര പീഡനമാണ് ഇരയായ കുട്ടിയുടെ ശാരീരിക മാനസിക വൈകല്യങ്ങള്‍ മൂലമുള്ള ഇന്നത്തെ ദുരവസ്ഥയ്ക്ക് കാരണമെന്നാണ് പ്രോസിക്യൂഷന്‍ വാദം. 

കേസില്‍ ഹാജരായ എല്ലാ സാക്ഷികളും പ്രതികള്‍ക്ക് എതിരെ മൊഴി പറഞ്ഞിട്ടുള്ളതും കേസിന്റെ സവിശേഷതയാണ്. തലച്ചോറിനേറ്റ ഗുരുതരമായ പരിക്ക് കുട്ടിയുടെ ബുദ്ധിവികാസത്തെയും സംസാര ശേഷിയെയും ചലന ശേഷിയെയും സാരമായി ബാധിച്ചിരുന്നു. ഇതിനെ സാധൂകരിക്കുന്ന മൊഴികളാണ് കുട്ടിയുടെ ബന്ധുക്കളും അയല്‍വാസികളും ‌ചികിത്സിച്ച ഡോക്ടര്‍മാരും നല്‍കിയ സാക്ഷി മൊഴികളും ഹാജരാക്കിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളും സൂചിപ്പിക്കുന്നത്.

Latest Videos

undefined

കഴിഞ്ഞ 10 വര്‍ഷമായി സര്‍ക്കാര്‍ സംരക്ഷണത്തില്‍ അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളജിന്റെ പ്രത്യേക പരിഗണനയില്‍ രാഗിണി എന്ന ആയയുടെ പരിചരണത്തിലാണ് കുട്ടി കഴിയുന്നത്. പ്രോസിക്യൂഷന്റെ ആവശ്യം പരിഗണിച്ച് ജഡ്ജി ആഷ് കെ. ബാല്‍ കുട്ടിയെ ആശുപത്രിയില്‍ നേരിട്ട് സന്ദര്‍ശിച്ച് കുട്ടിയുടെ അവസ്ഥ മനസിലാക്കിയിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.എസ്. രാജേഷും പ്രതികള്‍ക്ക് വേണ്ടി അഭിഭാഷകരായ സാബു ജേക്കബ്, മനേഷ് പി. കുമാര്‍, ഡെല്‍വിന്‍ പൂവത്തിങ്കന്‍, സാന്ത്വന സനല്‍ എന്നിവരുമാണ് ഹാജരാകുന്നത്.

READ MORE: പച്ചക്കറി വാങ്ങിച്ചു, പണം ചോദിച്ചതിന് വ്യാപാരിയെ കത്രിക കൊണ്ട് ആക്രമിച്ച സംഭവം; മധ്യവയസ്കൻ പിടിയിൽ

click me!