നിങ്ങള്‍ ടാക്സ് അടക്കുന്നുണ്ടോ, ടാക്സ് അടയ്ക്കാതെ സര്‍ക്കാരിനെതിരെ സമരം ചെയ്തിട്ട്  എന്ത് കാര്യം ?

By Nikhil PradeepFirst Published Jan 27, 2018, 5:34 PM IST
Highlights

മകള്‍ പെട്ടെന്ന് നഷ്ട്ടപ്പെട്ട വിഷമമാണ് മാതാപിതാക്കള്‍ക്കെന്നും അവര്‍ക്ക് ഒരു കൗണ്‍സിലിംഗ് നല്‍കണമെന്നും നിങ്ങളെ പോലുള്ളവര്‍ ഇത്തരം സമരങ്ങള്‍ക്ക് പിന്തുണ നല്‍കരുതെന്നും ജില്ലാ കളക്ടര്‍ പറഞ്ഞതായി അശ്വതി ജ്വാല പറഞ്ഞു.

തിരുവനന്തപുരം: മകളുടെ മരണത്തില്‍ നീതി ലഭിക്കണമെന്ന ആവശ്യവുമായി സെക്രട്ടേറിയേറ്റ് 402 ദിവസമായി പടിക്കല്‍ സമരം ചെയ്യുന്ന രുദ്രയുടെ മാതാപിതാക്കളെ ജില്ലാ കളക്ടര്‍ വാസുകി അപമാനിച്ചതായി ആരോപണം. മകളുടെ കൊലയാളികളെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട്  സമരം ചെയ്യുന്ന മാതാപിതാക്കളോട് കേരളത്തിന്റെ വികസനത്തിന് തടസ്സം നില്‍ക്കുന്നത് നിങ്ങളെ പോലെയുള്ള സമരക്കാരാണെന്നും പലകുഞ്ഞുങ്ങള്‍ക്കും ഇത്തരത്തില്‍ സംഭവിക്കാറുണ്ടെന്നും അത് സ്വാഭാവികമാണെന്നും അതിനൊന്നും നടപടിയെടുക്കാന്‍ കഴിയില്ലെന്നും ഒരു ഡോക്ടര്‍ കൂടിയായ കളക്ടര്‍ ഭീഷണിപ്പെടുത്തിയതായി രുദ്രയുടെ മാതാപിതാക്കള്‍ പറഞ്ഞു.

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ പോലീസെത്തി സുരേഷിനെയും രമ്യയെയും കളക്ടറേറ്റിലേക്ക് കൊണ്ടു പോവുകയായിരുന്നു. ഇന്നലെ മുതല്‍ തന്നെ സെക്രട്ടറിയേറ്റിന് മുന്നിലുള്ള സമരപന്തലുകള്‍ നിരീക്ഷിക്കാന്‍ മഫ്തിയിലും യൂണിഫോമിലും പോലീസിനെ വിന്യസിച്ചിരുന്നു. രാവിലെ എത്തിയ പോലീസുകാരുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് രുദ്രയുടെ മാതാപിതാക്കള്‍ കളക്ടറെ കാണാന്‍ പോലീസിനൊപ്പം പോയത്. വിവരം അറിഞ്ഞ് സാമൂഹിക പ്രവര്‍ത്തക അശ്വതി ജ്വാലയും സ്ഥലത്തെത്തി. ജില്ലാ കളക്ടറുടെ ചേംബറില്‍ എത്തിയ ഇവരോട് ആവശ്യങ്ങള്‍ എന്തെന്ന് കളക്ടര്‍ അന്വേഷിച്ചു. 

Latest Videos

രുദ്രയുടെ മാതാപിതാക്കള്‍ ഡോക്ടര്‍മാരുടെ ഭാഗത്ത് നിന്നുള്ള വീഴ്ചയാണ് തങ്ങളുടെ കുരുന്നിന്റെ ജീവനെടുത്തതെന്ന് സംസാരിച്ച് തുടങ്ങിയപ്പോള്‍ മുതല്‍ തന്നെ ജില്ലാ കളക്ടറും ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥരും തങ്ങളോട് മോശമായ രീതിയില്‍ സംസാരിച്ചു തുടങ്ങിയതായി രുദ്രയുടെ മാതാവ് രമ്യ പറഞ്ഞു. എസ്.എ.ടി ആശുപത്രിയെ കുറച്ച് തങ്ങള്‍ക്ക് അറിയാമെന്നും അസുഖമായിയെത്തുന്ന എല്ലാവരെയും രക്ഷപ്പെടുത്താന്‍ കഴിയില്ലെന്ന തരത്തില്‍ ഡോക്ടര്‍മാരെ അനുകൂലിച്ചാണ് മെഡിക്കല്‍ ബിരുദധാരിയായ ജില്ലാ കളക്ടര്‍ വാസുകി ഇവരോട് സംസാരിച്ചതെന്ന് രമ്യ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ഡോക്ടര്‍മാര്‍ രാത്രി ഉറക്കമൊഴിച്ചാണ് കുട്ടികളെ പരിശോധിക്കുന്നത്. രുദ്രയുടെ സംഭവത്തില്‍ തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ 100 കുട്ടികളെയും നമുക്ക് ഒരുപോലെ രക്ഷിക്കാന്‍ പറ്റില്ലയെന്നും ജില്ലാ കളക്ടര്‍ പറഞ്ഞതായി മാതാപിതാക്കള്‍ പറയുന്നു. നിങ്ങള്‍ ടാക്സ് അടക്കുന്നുണ്ടോ ടാക്സ് അടയ്ക്കാതെ നിങ്ങളെ പോലെയുള്ളവര്‍ സര്‍ക്കാരിനെതിരെ ഇങ്ങനെ സമരം ചെയ്തു കൊണ്ടിരുന്നിട്ട് എന്താണ് കാര്യം എന്നും സമരം അവസാനിപ്പിക്കണമെന്ന രീതിയില്‍, തങ്ങളെ രാഷ്ട്രീയ സമരക്കാരെ പോലെ കണ്ടാണ് ജില്ലാ കളക്ടര്‍ പെരുമാറിയതെന്ന് സുരേഷ് പറയുന്നു.

മകള്‍ പെട്ടെന്ന് നഷ്ട്ടപ്പെട്ട വിഷമമാണ് മാതാപിതാക്കള്‍ക്കെന്നും അവര്‍ക്ക് ഒരു കൗണ്‍സിലിംഗ് നല്‍കണമെന്നും നിങ്ങളെ പോലുള്ളവര്‍ ഇത്തരം സമരങ്ങള്‍ക്ക് പിന്തുണ നല്‍കരുതെന്നും ജില്ലാ കളക്ടര്‍ പറഞ്ഞതായി അശ്വതി ജ്വാല പറഞ്ഞു. രുദ്രയുടെ രാസ പരിശോധന ഫലത്തിന്റെ പകര്‍പ്പ് ഒരു വര്‍ഷം കഴിഞ്ഞിട്ടും ഇതുവരെ മാതാപിതാക്കള്‍ക്ക് ലഭിച്ചിട്ടില്ല. അതിലും ദുരൂഹത ഉയര്‍ത്തുകയാണെന്ന് മാതാപിതാക്കള്‍ പറയുന്നു. പല തവണ ഇവര്‍ പകര്‍പ്പിക്കായി ബന്ധപ്പെട്ടെങ്കിലും അയച്ചിട്ടില്ലെന്ന് പറഞ്ഞ് ബന്ധപ്പെട്ടവര്‍ ഒഴിയുകയായിരുന്നു.

രാസ പരിശോധന ഫലത്തിന്റെ പകര്‍പ്പ് തിങ്കളാഴ്ച്ച തന്നെ ഇത് മാതാപിതാക്കള്‍ക്ക് നല്‍കണമെന്ന് ജില്ലാ കളക്ടര്‍ ഉദ്യോഗസ്ഥരെ അറിയിച്ചു. ഇത്രയും നാള്‍ ഒളിപ്പിച്ചുവെച്ചിരുന്ന രാസപരിശോധന ഫലം ഇനി പുറത്ത് വരുമ്പോള്‍ അതില്‍ കൃത്രിമം കാണുമോയെന്ന ആശങ്കയിലാണ് സുരേഷും രമ്യയും. എന്തായാലും നീതി ലഭിക്കും വരെ പോരാടുമെന്ന് മാറാനല്ലൂര്‍ സ്വദേശികളായ രമ്യയും സുരേഷും പറഞ്ഞു. 

സുരേഷും രമ്യയും തന്നെ കാണാന്‍ വന്നിരുന്നെന്നും ഒരു മകള്‍ നഷ്ടപ്പെട്ട അവര്‍ക്ക് ഒരു ഡോക്റ്ററെന്ന നിലയില്‍ രണ്ടു മണിക്കൂര്‍ കൗണ്‍സിലിങ്ങാണ് താന്‍ നല്‍കിയതെന്നും താന്‍ അവരോട് ഒരു ഐഎഎസുകാരിയെന്ന നിലയിലല്ല സംസാരിച്ചതെന്നും കളക്റ്റര്‍ കെ.വാസുകി ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു. എല്ലാ ഡോക്ടര്‍മാരും രോഗിയുടെ രോഗം മാറണമെന്ന ചിന്തയോടെയാണ് ചികിത്സിക്കുന്നത്. അതില്‍ ചില രോഗികള്‍ മരിക്കുന്നു. എല്ലാവരെയും സുഖപ്പെടുത്താന്‍ നമ്മുക്ക് കഴിയില്ല. കുട്ടിയുടെ മരണത്തെ തുടര്‍ന്ന് സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപ രുദ്രയുടെ കുടുംബത്തിന് നല്‍കിയിരുന്നു. നിരവധി സമരങ്ങള്‍ ഇപ്പോള്‍ നടക്കുന്നുണ്ട് ഈയൊരവസ്ഥയിലാണ് താന്‍ ടാക്‌സിനെ കുറിച്ച് സംസാരിച്ചതെന്നും കളക്ടര്‍ പറഞ്ഞു. കുട്ടിയുടെ മരണം സംബന്ധിച്ച് അന്വേഷണ കമ്മീഷനുകളെ നിശ്ചയിച്ചിരുന്നു. അന്വേഷണം ആവശ്യപ്പെട്ട് പുതിയതായി പരാതികളൊന്നും രുദ്രയുടെ മാതാപിതാക്കള്‍ നല്‍കിയിട്ടില്ലെന്നും രാസപരിശോധനാ റിപ്പോര്‍ട്ട് എത്രയും പെട്ടെന്ന് മാതാപിതാക്കള്‍ക്ക് അയച്ചു കൊടുക്കുമെന്നും കളക്ടര്‍ കെ.വാസുകി പറഞ്ഞു.
 

click me!