പുല്‍പ്പാറ എസ്റ്റേറ്റും പരിസരവും പുലിപ്പേടിയില്‍; വീണ്ടും പുലിയെ കണ്ടെന്ന് പ്രദേശവാസി

By Web TeamFirst Published Oct 17, 2024, 12:05 AM IST
Highlights

തിങ്കളാഴ്ചയാണ് പുല്‍പ്പാറയിലെ എല്‍സ്റ്റണ്‍ എസ്റ്റേറ്റിന്റെ ഒരു ഭാഗത്ത് പുലി എത്തിയെന്ന വിവരം പുറത്തുവരുന്നത്. 

കല്‍പ്പറ്റ: പുല്‍പ്പാറ എസ്റ്റേറ്റില്‍ പുലിയിറങ്ങിയെന്ന നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് വനം വകുപ്പ് ക്യാമറകൾ സ്ഥാപിച്ചു. കഴിഞ്ഞ ദിവസമാണ് രണ്ട് ക്യാമറകള്‍ വനം വകുപ്പ് പുലിയെ കണ്ടതായി പറയുന്ന വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചത്. ക്യാമറകളില്‍ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ടോ എന്ന് ഉദ്യോഗസ്ഥര്‍ പരിശോധിച്ചെങ്കിലും കാട്ടുപന്നികളുടെ ദൃശ്യങ്ങള്‍ മാത്രമാണ് ലഭിച്ചത്. തിങ്കളാഴ്ചയാണ് പുല്‍പ്പാറയിലെ എല്‍സ്റ്റണ്‍ എസ്റ്റേറ്റിന്റെ ഒരു ഭാഗത്ത് പുലി എത്തിയെന്ന കാര്യം പ്രദേശവാസികളില്‍ ചിലര്‍ അറിയിച്ചത്. ഇവരില്‍ പുലിയെ നേരില്‍ കണ്ടവരും ഉണ്ടായിരുന്നു. 

മേപ്പാടി വനംവകുപ്പ് ഓഫീസില്‍ വിവരം അറിയിച്ചത് പ്രകാരം അവിടെയുള്ള ഉദ്യോഗസ്ഥരാണ് പരിശോധന നടത്തി ക്യാമറകൾ സ്ഥാപിച്ചത്. തുടര്‍ന്ന് പ്രദേശവാസിയായ ഷൈബി പുലിയെ വീണ്ടും കണ്ടതായി പറഞ്ഞു. ബുധനാഴ്ച രാവിലെ എട്ടരക്ക് കുട്ടികളുമായി സ്‌കൂളിലേക്ക് എസ്റ്റേറ്റിലെ വഴിയിലൂടെ പോകുമ്പോഴാണ് ഷൈബി പുലിയെ കണ്ടതായി പറയുന്നത്. കുട്ടികള്‍ ഷൈബിക്ക് മുന്നിലായി നടന്നു പോകുമ്പോഴാണ് സമീപത്തെ കാട് മൂടിയ പ്രദേശത്ത് നിന്ന് ശബ്ദം കേട്ടതെന്ന് പറയുന്നു. തുടര്‍ന്ന് ഷൈബി പരിശോധന നടത്തിയപ്പോഴാണ് പുലിയുള്ളതായി കണ്ടതെന്നാണ് പറയുന്നത്. സമീപത്തെ വീടുകളിലെല്ലാം വിവരം പറയാന്‍ ശ്രമിച്ചിരുന്നെങ്കിലും ആളുണ്ടായിരുന്നില്ല. അതിനാല്‍ കുട്ടികളുമായി ഈ ഭാഗത്ത് നിന്ന് വേഗത്തില്‍ രക്ഷപ്പെടുകയായിരുന്നുവെന്ന് ഷൈബി പറഞ്ഞു. 

Latest Videos

എസ്റ്റേറ്റില്‍ ഉപയോഗ ശൂന്യമായ നിരവധി പാടികള്‍ ഉണ്ടെന്നും ഇവയെല്ലാം കാട് മൂടിക്കിടക്കുകയാണെന്നും പ്രദേശവാസികൾ പറഞ്ഞു. അതേ‌സമയം, പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് ടൗണ്‍ഷിപ്പ് നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ കണ്ടുവെച്ച സ്ഥലം കൂടിയാണ് എല്‍സ്റ്റണ്‍ എസ്റ്റേറ്റിന്റെ ഭാഗമായ ഈ പ്രദേശം.

READ MORE: കള്ളക്കടൽ പ്രതിഭാസം; ആറാട്ടുപുഴയിലും തൃക്കുന്നപ്പുഴയിലും കടലാക്രമണം, നിരവധി വീടുകളിൽ വെള്ളം കയറി

click me!