കാര്‍ഡ് വേണ്ട, എടിഎമ്മുകളില്‍ ഇനി ക്യൂ.ആര്‍ കോഡ്; സുപ്രധാന പ്രഖ്യാപനവുമായി ഈ പൊതുമേഖലാ ബാങ്ക്

By Web Team  |  First Published Sep 8, 2023, 9:00 PM IST

ഇനി മുതല്‍ ബാങ്ക് ഓഫ് ബറോഡ ഉപഭോക്താക്കള്‍ക്കും ഇത്തരം സംവിധാനങ്ങള്‍ പിന്തുണയ്ക്കുന്ന മറ്റെല്ലാ ബാങ്കുകളുടെ ഉപഭോക്താക്കള്‍ക്കും യുപിഐ അധിഷ്ഠിത മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ബാങ്ക് ഓഫ് ബറോഡ എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കാം. 


മുംബൈ: രാജ്യത്തെ സാമ്പത്തിക പരിഷ്കാരങ്ങളില്‍  വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്ന സംവിധാനമായിരുന്നു യുപിഐ പേയ്മമെന്റുകള്‍. രാജ്യത്തിന്റെ മുക്കൂമൂലകളിലുള്ള ചെറിയ കടകളില്‍ പോലും ഇന്ന് യുപിഐ പേയ്മെന്റുകള്‍ സ്വീകരിക്കുന്നുണ്ട്. പണം കൈയില്‍ വെച്ച് ഉപയോഗിക്കുന്നതിനേക്കാള്‍ സൗകര്യമായി  വിവിധ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ച് കടകളിലും മറ്റും പണം നല്‍കുന്നവര്‍ ഏറെയാണ് ഇപ്പോള്‍. സങ്കീര്‍ണതകളില്ലാതെ  ഉപയോഗിക്കാനുള്ള സൗകര്യം യുപിഐ പണമിടപാടുകളെ വളരെ വേഗത്തില്‍ ജനപ്രിയമാക്കി.

ആദ്യ ഘട്ടത്തില്‍ നിരവധി പ്രശ്നങ്ങള്‍ യുപിഐ പേയ്മെന്റ് സംവിധാനങ്ങളില്‍ നേരിട്ടിരുന്നെങ്കിലും ഘട്ടംഘട്ടമായി അവ പരിഹരിക്കപ്പെട്ടു. യുപിഐ സംവിധാനത്തിന് രൂപം നല്‍കിയ നാഷണല്‍ പേയ്മെന്റ് കോര്‍പറേഷന്‍ പലതവണ പുതിയ പരിഷ്കാരങ്ങള്‍ ഇതില്‍ കൊണ്ടുവന്നു. എന്നാല്‍ പണമിടപാടുകള്‍ക്കും അപ്പുറത്തേക്ക് എത്തി നില്‍ക്കുകയാണ് ഇന്ന് യുപിഐ സംവിധാനം. യുപിഐ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന എടിഎമ്മുകള്‍ അടുത്തിടെയാണ് രാജ്യത്ത് അവതരിപ്പിച്ചത്. ഇതിന് പിന്നാലെ സുപ്രധാനമായ ഒരു പ്രഖ്യാപനമാണ് വെള്ളിയാഴ്ച ഒരു പൊതുമേഖലാ ബാങ്ക് നടത്തിയിരിക്കുന്നത്.

Latest Videos

undefined

Read also: ഇന്ത്യയിലെ ആദ്യത്തെ യുപിഐ എടിഎം: ഇനി പണം പിൻവലിക്കൽ സെക്കൻഡുകൾക്കുള്ളിൽ

രാജ്യത്തുടനീളമുള്ള ആറായിരത്തിലധികം എടിഎമ്മുകളില്‍ യുപിഐ എടിഎം സംവിധാനം ഏര്‍പ്പെടുത്തിക്കഴിഞ്ഞതായാണ് വെള്ളിയാഴ്ച ബാങ്ക് ഓഫ് ബറോഡ പ്രഖ്യാപിച്ചത്. ഇതോടെ രാജ്യത്ത് യുപിഐ എടിഎമ്മുകള്‍ സ്ഥാപിക്കുന്ന ആദ്യത്തെ പൊതുമേഖലാ ബാങ്കായി മാറിയിരിക്കുകയാണ് ബാങ്ക് ഓഫ് ബറോഡ. നാഷണല്‍ പേയ്മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെയും എന്‍സിആര്‍ കോര്‍പറേഷന്റെയും പിന്തുണയോടെ ആയിരുന്നു ഈ നേട്ടം കൈവരിച്ചതെന്ന് ബാങ്ക് ഓഫ് ബറോ‍ഡ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഇനി മുതല്‍ ബാങ്ക് ഓഫ് ബറോഡ ഉപഭോക്താക്കള്‍ക്കും ഇത്തരം സംവിധാനങ്ങള്‍ പിന്തുണയ്ക്കുന്ന മറ്റെല്ലാ ബാങ്കുകളുടെ ഉപഭോക്താക്കള്‍ക്കും യുപിഐ അധിഷ്ഠിത മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ബാങ്ക് ഓഫ് ബറോഡ എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കാം. ഇതിന് ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കേണ്ടതില്ല. ഇന്റര്‍ഓപറബ്ള്‍ കാര്‍ഡ്‍ലെസ് ക്യാഷ് വിത്ത്ഡ്രേവല്‍ സാങ്കേതിക വിദ്യയിലൂടെ യുപിഐ എടിഎമ്മുകളില്‍ ക്യു.ആര്‍ കോഡുകള്‍ സ്കാന്‍ ചെയ്താണ് പണം പിന്‍വലിക്കാന്‍ സാധിക്കുന്നത്. 

ഉപഭോക്താക്കള്‍ക്ക് യുപിഐ സംവിധാനവുമായി ബന്ധപ്പെടുത്തിയിട്ടുള്ള തങ്ങളുടെ ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന്  ഒരേ എടിഎമ്മില്‍ നിന്നു തന്നെ പണം പിന്‍വലിക്കാന്‍ സാധിക്കും എന്നതാണ് ഏറ്റവും വലിയ സവിശേഷത. യുപിഐ എടിഎം ഇടപാടുകള്‍ക്ക്, കാര്‍ഡ് ഉപയോഗിച്ചുള്ള ഇടപാടുകളേക്കാള്‍ വേഗത കൂടുതലായിരിക്കും. പണം പിന്‍വലിക്കാനുള്ള നടപടികളുടെ സങ്കീര്‍ണത കുറയുമെന്നതും വേറൊരു സവിശേഷതയാണ്. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന ക്യൂ.ആര്‍ കോഡ് സൃഷ്ടിക്കപ്പെടുന്നതിനാല്‍  ഇടപാടുകള്‍ കൂടുതല്‍ സുരക്ഷിതമായി മാറുമെന്നും ബാങ്ക് അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ്  ലൈവ്

click me!