മെക്‌സിക്കൻ ഗ്രില്ലിന്റെ നിലവിലെ തലവൻ ബ്രയാൻ നിക്കോൾ ആണ് സ്റ്റാർബക്സിന്റെ പുതിയ സിഇഒ
വിൽപനയും വിപണി മൂല്യവും കുത്തനെ ഇടിഞ്ഞതോടെ പ്രശസ്ത കോഫിഹൗസ് ശൃംഖലയായ സ്റ്റാർബക്സിന്റെ ഇന്ത്യൻ വംശജനായ സിഇഒ ലക്ഷ്മൺ നരസിംഹന് സ്ഥാന ചലനം . ആഗോള ഫുഡ് ബ്രാന്റായ ചിപ്പോട്ട്ലെ മെക്‌സിക്കൻ ഗ്രില്ലിന്റെ നിലവിലെ തലവൻ ബ്രയാൻ നിക്കോൾ ആണ് സ്റ്റാർബക്സിന്റെ പുതിയ സിഇഒ. 16 മാസം മാത്രമാണ് ലക്ഷ്മൺ നരസിംഹന് സിഇഒ സ്ഥാനത്തിരിക്കാൻ സാധിച്ചത്. കമ്പനിയുടെ വിൽപ്പനയിലെ ഇടിവ് തടയുന്നതിൽ പരാജയപ്പെട്ടതും, തുടർച്ചയായി വരുമാനം കുറഞ്ഞതുമാണ് ലക്ഷ്മണിന്റെ സ്ഥാനം തെറിപ്പിച്ചത്. 2020ന് ശേഷം ആദ്യമായാണ് കമ്പനിയുടെ വരുമാനം തുടർച്ചയായി രണ്ട് പാദങ്ങളിൽ കുറയുന്നത്. കൂടാതെ, ചൈനയിലെ വിൽപ്പന 14 ശതമാനം ഇടിഞ്ഞു. നരസിംഹന്റെ കാലത്ത് കമ്പനിയുടെ വിപണി മൂല്യത്തിൽ 40 ബില്യൺ ഡോളറിന്റെ ഇടിവുണ്ടായി. പെപ്‌സികോ, റെക്കിറ്റ് തുടങ്ങിയ കമ്പനികളിൽ ജോലി ചെയ്ത നരസിംഹനെ കഴിഞ്ഞ വർഷമാണ് സ്റ്റാർബക്‌സിന്റെ സിഇഒ ആക്കിയത്. 146 കോടി രൂപയായിരുന്നു അദ്ദേഹത്തിന്റെ വാർഷിക പ്രതിഫലം.
ബ്രയാൻ നിക്കോളിന്റെ നിയമന വാർത്ത പുറത്തുവന്നതോടെ സ്റ്റാർബക്സിന്റെ ഓഹരിവില 24 ശതമാനം കുതിച്ചുയർന്നു. വിപണി മൂല്യത്തിൽ 20 ബില്യൺ ഡോളറിന്റെ വർധനയും ഉണ്ടായി. സെപ്റ്റംബർ 9-ന് പുതിയ സിഇഒയായി ബ്രയാൻ നിക്കോൾ ചുമതല ഏറ്റെടുക്കുമെന്നും കമ്പനിയുടെ സിഎഫ്ഒ റേച്ചൽ റുഗേരി അതുവരെ ഇടക്കാല സിഇഒ ആയി പ്രവർത്തിക്കുമെന്നും സ്റ്റാർബക്സ് അറിയിച്ചു. ചിപ്പോട്ട്ലെയിൽ ചേരുന്നതിന് മുമ്പ്, ടാക്കോ ബെല്ലിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായിരുന്നു അദ്ദേഹം,
ടാറ്റ കൺസ്യൂമർ പ്രൊഡക്ട്‌സുമായുള്ള സംയുക്ത സംരംഭത്തിലൂടെയാണ് സ്റ്റാർബക്സ് ഇന്ത്യയിൽ പ്രവർത്തിക്കുന്നത്. നിലവിൽ രാജ്യത്ത് നാനൂറോളം ഔട്ട്‌ലെറ്റുകളാണുള്ളത്. ഇന്ത്യയിൽ മൂന്നു ദിവസം കൂടുമ്പോൾ ഒരു പുതിയ സ്റ്റോർ തുറക്കാനായിരുന്നു ലക്ഷ്മണിന്റെ പദ്ധതി. 2028-ഓടെ ഇന്ത്യയിലെ സ്റ്റോറുകളുടെ എണ്ണം ആയിരമായി ഉയർത്താനാണ് സ്റ്റാർബക്സ് ലക്ഷ്യമിടുന്നത്.