അനില്‍ അംബാനിക്ക് വീണ്ടും തിരിച്ചടി; കുടിശ്ശിക നൽകിയില്ല, 26 കോടി കണ്ടുകെട്ടി സെബി

By Web Team  |  First Published Dec 3, 2024, 6:38 PM IST

റിലയന്‍സ് ബിഗ് എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ ബാങ്ക് അക്കൗണ്ടുകളും ഓഹരികളും മ്യൂച്വല്‍ ഫണ്ട് അക്കൗണ്ടുകളും കണ്ടുകെട്ടുന്നതിന് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ ഉത്തരവിട്ടിരിക്കുകയാണ്


വ്യവസായി അനില്‍ അംബാനിയുടെ പ്രശ്നങ്ങള്‍ അവസാനിക്കുന്നില്ല. ഒരു പ്രശ്നത്തില്‍ നിന്ന് കരകയറുമ്പോള്‍ തന്നെ മറ്റൊരു പ്രശ്നം ഉടലെടുക്കും. ഏറ്റവുമൊടുവിലായി 26 കോടി രൂപയുടെ കുടിശ്ശിക തിരിച്ചുപിടിക്കാന്‍ റിലയന്‍സ് ബിഗ് എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ ബാങ്ക് അക്കൗണ്ടുകളും ഓഹരികളും മ്യൂച്വല്‍ ഫണ്ട് അക്കൗണ്ടുകളും കണ്ടുകെട്ടുന്നതിന് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ ഉത്തരവിട്ടിരിക്കുകയാണ്. തുടര്‍ച്ചയായി നിര്‍ദേശങ്ങളും മുന്നറിയിപ്പുകളും നല്‍കിയിട്ടും പിഴ അടക്കാത്തതിനാണ് മാര്‍ക്കറ്റ് റെഗുലേറ്ററായ സെബി കര്‍ശന നടപടി സ്വീകരിച്ചത്.

റിലയന്‍സ് ഹോം ഫിനാന്‍സ് ലിമിറ്റഡിന്‍റെ  ഫണ്ട് ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട കേസില്‍ റിലയന്‍സ് ബിഗ് എന്‍റര്‍ടൈന്‍മെന്‍റ് പ്രൈവറ്റ് ലിമിറ്റഡിന (ഇപ്പോള്‍ ആര്‍ബിഇപി എന്‍റര്‍ടൈന്‍മെന്‍റ് പ്രൈവറ്റ് ലിമിറ്റഡ്)  സെബി നവംബര്‍ 14ന് നോട്ടീസ് അയച്ചിരുന്നു. കുടിശ്ശികയുള്ള തുക 15 ദിവസത്തിനകം അടയ്ക്കാന്‍ ആവശ്യപ്പെട്ടായിരുന്നു നോട്ടീസ്. ഇതില്‍ വീഴ്ചവരുത്തിയതിനെത്തുടര്‍ന്ന് കമ്പനിയുടെ ബാങ്ക്, ഡീമാറ്റ് അക്കൗണ്ടുകള്‍, മ്യൂച്വല്‍ ഫണ്ട് ഫോളിയോകള്‍ എന്നിവയാണ് കണ്ടുകെട്ടിയിരിക്കുന്നത്.

റിലയന്‍സ് ബിഗ് എന്‍റര്‍ടെയ്ന്‍മെന്‍റ പലിശയും റിക്കവറി ചെലവും ഉള്‍പ്പെടെ 26 കോടി രൂപ നല്‍കാനുണ്ടെന്ന് നോട്ടീസില്‍ പറയുന്നു. കമ്പനി അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കാന്‍ അനുവദിക്കരുതെന്ന് എല്ലാ ബാങ്കുകളോടും ഡിപ്പോസിറ്ററികളോടും മ്യൂച്വല്‍ ഫണ്ടുകളോടും സെബി ആവശ്യപ്പെട്ടു. ഇതാദ്യമായല്ല ഒരു അനില്‍ അംബാനി കമ്പനിക്ക് സെബിയുടെ കര്‍ശന നടപടി നേരിടേണ്ടി വരുന്നത്. ഇതിന് മുമ്പും, അദ്ദേഹത്തിന്‍റെ പല കമ്പനികളും റെഗുലേറ്ററി നിയമങ്ങളുടെ ലംഘനത്തിനും പണം ദുരുപയോഗം ചെയ്തതിനും ആരോപണം നേരിട്ടിട്ടുണ്ട്. ഈ വര്‍ഷം ഓഗസ്റ്റില്‍  അനില്‍ അംബാനിയും റിലയന്‍സ് ഹോം ഫിനാന്‍സിന്‍റെ മുന്‍ പ്രധാന എക്സിക്യൂട്ടീവുകളും ഉള്‍പ്പെടെ 24 പേരെ ഓഹരി വിപണിയില്‍ വ്യാപാരം നടത്തുന്നതില്‍ നിന്ന് സെബി അഞ്ച് വര്‍ഷത്തേക്ക് വിലക്കിയിരുന്നു

click me!