വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിലാണ് പുതിയ കണക്കുള്ളത്.
ദില്ലി: ആഗോള തലത്തിൽ ഓർഡറുകളിൽ ഉണ്ടായ വർധന ഇന്ത്യയിലെ വ്യാപാരികൾക്ക് സഹായകരമായി. ജൂൺ മാസത്തിൽ കയറ്റുമതി 48.3 ശതമാനം ഉയർന്നു. മെയ് മാസത്തിൽ കയറ്റുമതി 69.7 ശതമാനവും ഏപ്രിൽ മാസത്തിൽ 193.63 ശതമാനവും മാർച്ചിൽ 60 ശതമാനവും വർധന രേഖപ്പെടുത്തിയിരുന്നു.
വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിലാണ് പുതിയ കണക്കുള്ളത്. ഈ വർധനവിന് കാരണം കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ കൊവിഡ് വ്യാപനം മൂലം വ്യാപാര രംഗത്തുണ്ടായ തിരിച്ചടിയാണെന്ന് പൊതുവെ വിലയിരുത്തപ്പെടുന്നുണ്ട്. 2020 മാർച്ച് 23 ന് രാജ്യമാകെ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരുന്നു.
ഇക്കഴിഞ്ഞ ഡിസംബറിന് ശേഷമാണ് കയറ്റുമതിയിൽ വർധന രേഖപ്പെടുത്താൻ തുടങ്ങിയത്. ഫെബ്രുവരിയിൽ 0.67 ശതമാനം മാത്രമായിരുന്നു വർധന. പെട്രോളിയം, ഇലക്ട്രോണിക്സ്, എഞ്ചിനീയറിങ് ഉൽപ്പന്നങ്ങൾ, ആഭരണങ്ങളും വിലയേറിയ കല്ലുകളും, തുണിത്തരങ്ങൾ, മരുന്ന് എന്നിവയുടെയെല്ലാം കയറ്റുമതി ജൂൺ മാസത്തിൽ വർധിച്ചു. ബുക്കിങിൽ മാത്രമല്ല, ആഗോള തലത്തിൽ ഡിമാന്റിലും വർധനവുണ്ടാവുന്നതായി കയറ്റുമതിക്കാർ പറയുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona